/indian-express-malayalam/media/media_files/uploads/2023/10/repre.jpg)
അസം: നാല് ജില്ലകളില്‍ അഫ്സ്പ പിന്‍വലിച്ചു, നാലിടത്തേക്ക് വ്യാപിപ്പിച്ചു
ഗുവാഹത്തി: അസമില്‍ ഇന്ന് മുതല്‍ ആറ് മാസത്തേക്ക് പ്രാബല്യത്തില്‍ വരുന്ന സൈന്യത്തിന്റെ പ്രത്യേക അധികാര നിയമം (അഫ്സ്പ) നാല് ജില്ലകളിനിന്ന് നീക്കി.ഗുവാഹത്തിയില്‍ അസം പൊലീസ് ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് അസം ഡിജിപി ജി പി സിങ് ഇക്കാര്യം അറിയിച്ചത്. ദിബ്രുഗഡ്, ടിന്‍സുകിയ, ശിവസാഗര്‍, ചരൈഡിയോ ജില്ലകളെ ഒക്ടോബര്‍ 1 മുതല്‍ 'പ്രശ്നബാധിത പ്രദേശങ്ങള്‍' ആയി പ്രഖ്യാപിക്കുന്നത് തുടരുമെന്ന് ജി പി സിങ് അറിയിച്ചു. ഈ നാല് അപ്പര്‍ അസം ജില്ലകള്‍ മുന്‍കാലങ്ങളില്‍ തീവ്രവാദ സംഘടനയായ ഉള്‍ഫയുടെ ശക്തികേന്ദ്രങ്ങളായിരുന്നു.
'പ്രശ്‌ന ബാധിത പ്രദേശങ്ങള്‍' വിജ്ഞാപനം ആറ് മാസത്തേക്ക് ബാധകമാണ്, കാലാവധിക്കുശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് (എംഎച്ച്എ) ഇത് നീട്ടാവുന്നതാണ്. എട്ട് ജില്ലകളിലെ വിജ്ഞാപനം അവസാനമായി നീട്ടിയത് ഏപ്രില്‍ ഒന്നിനാണ്. ഇതുവരെ, ഈ നാല് ജില്ലകള്‍ കൂടാതെ, ജോര്‍ഹട്ട്, ഗോലാഘട്ട്, കര്‍ബി ആംഗ്ലോംഗ്, ദിമ ഹസാവോ എന്നിവയും 'പ്രശ്‌നബാധിത പ്രദേശങ്ങളുടെ' അധികാരപരിധിയില്‍ ആയിരുന്നു.
1990 മുതല്‍ അസമില്‍ മുഴുവനായും വിജ്ഞാപനം ബാധകമായിരുന്നു. എന്നിരുന്നാലും, കഴിഞ്ഞ വര്‍ഷം, ഒമ്പത് ജില്ലകളും മറ്റൊരു ജില്ലയുടെ ഒരു സബ് ഡിവിഷനും ഒഴികെ സംസ്ഥാനത്തെ മുഴുവന്‍ അഫ്സ്പയുടെ കീഴിലുള്ള പ്രദേശങ്ങളിലെ വിജ്ഞാപനം കേന്ദ്രം നീക്കിയിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍, സംസ്ഥാനത്തെ ഒരു ജില്ലയില്‍ കൂടി ഇത് പിന്‍വലിച്ചു.
'സംസ്ഥാനത്തിന്റെ സുരക്ഷാ സാഹചര്യത്തില്‍ ഗണ്യമായ പുരോഗതിയും തുടര്‍ന്നുള്ള ത്വരിതഗതിയിലുള്ള വികസനവും'' കണക്കിലെടുത്ത് ബാക്കിയുള്ള എട്ട് ജില്ലകളില്‍ നിന്നും ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പ്രശ്‌ന ബാധിത പ്രദേശങ്ങളുടെ വിജ്ഞാപനം നീക്കം ചെയ്യണമെന്ന് അസം സര്‍ക്കാര്‍ കഴിഞ്ഞ മാസം കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തിരുന്നു. ഏതെങ്കിലും നിയമത്തിനും ക്രമത്തിനും വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഏതൊരു വ്യക്തിക്കും' നേരെ വെടിയുതിര്‍ക്കാനും അല്ലെങ്കില്‍ ബലപ്രയോഗം നടത്താനും അഫ്സ്പ സായുധ സേനയ്ക്ക് അധികാരം നല്‍കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.