ഗുവാഹട്ടി: അസമിൽ ആഫ്രിക്കൻ പന്നിപ്പനി കൊന്നൊടുക്കിയത് 14,000 ത്തിലേറെ പന്നികളെ. ഇന്നുവരെയുള്ള കണക്കനുസരിച്ചാണിത്. 14,465 പന്നികൾ ഇതുവരെ ചത്തൊടുങ്ങിയതായി അസം മൃഗസംരക്ഷണ വകുപ്പ് മന്ത്രി അതുൽ ബോറ പറഞ്ഞു. അസമിലെ പത്ത് സംസ്ഥാനങ്ങളിലായാണ് ഇത്രയേറെ പന്നികൾ ചത്തൊടുങ്ങിയത്. പന്നിപ്പനി മറ്റ് സ്ഥലങ്ങളിലേക്ക് പടരാതിരിക്കാനുള്ള മുന്നൊരുക്കങ്ങളാണ് അസം സർക്കാർ ചെയ്യുന്നത്.

രോഗവ്യാപനം തടയുന്നതിനായി സർക്കാർ എല്ലാ മുൻകരുതലുകളും സ്വീകരിക്കുന്നതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി അതുൽ ബോറ പറഞ്ഞു. പന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങാൻ തുടങ്ങിയപ്പോൾ കർഷകർ വലിയ പ്രതിസന്ധിയിലായി. കർഷകർക്ക് സാമ്പത്തിക സഹായം നൽകാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും കേന്ദ്ര സർക്കാരിനെ സ്ഥിതിഗതികൾ അറിയിച്ചിട്ടുണ്ടെന്നും മൃസംരക്ഷണ വകുപ്പ് മന്ത്രി വ്യക്തമാക്കി.

Read Also: ഇടിമിന്നൽ: ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ; ഒഴിവാക്കാം അപകടം 

പന്നിപ്പനി ബാധിച്ച് ചത്തൊടുങ്ങിയ പന്നികളെ കുഴിച്ചിടാൻ പ്രത്യേക മാർഗനിർദേശം പുറത്തിറക്കിയിട്ടുണ്ട്. വളരെ ആഴത്തിലുള്ള കുഴിയിലായിരിക്കണം ചത്ത പന്നികളെ സംസ്‌കരിക്കേണ്ടത്. ബ്ലീചിങ് പൗഡറും ഉപ്പും സോഡിയം ക്ലോറെെഡും കുഴിയിൽ ഉപയോഗിക്കണം. വേണ്ടത്ര മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ രോഗം പടരാൻ സാധ്യതയുണ്ട്. പന്നിപ്പനിക്ക് ഇതുവരെ വാക്‌സിൻ ലഭ്യമല്ല.

പന്നിഫാം ഉള്ളവർ അതീവ ജാഗ്രത പാലിക്കണം. പന്നികളെ വളർത്തുന്നതിനു കൃത്യമായ നിർദേശങ്ങൾ പാലിക്കുകയും വേണം. ലക്ഷണങ്ങളൊന്നും കാണിക്കാത്ത കാട്ടുപന്നികളാണ് രോഗാണുവാഹകർ. ഫാം എപ്പോഴും അണുവിമുക്തമാക്കണം. പുറത്തുനിന്ന് മറ്റ് മൃഗങ്ങൾ ഫാമിലേക്ക് പ്രവേശിക്കുന്നത് തടയണം. അസുഖം ബാധിച്ച പന്നികളെ പ്രത്യേക നിരീക്ഷണത്തിലേക്ക് മാറ്റണം. അസുഖമുള്ള പന്നികൾക്ക് ഉപയോഗിച്ച പാത്രങ്ങൾ മറ്റ് പന്നികൾക്ക് ഉപയോഗിക്കരുത്. ഫാമുകൾ ചെള്ള് വിമുക്തമാക്കണം. കൃത്യമായ ഇടവേളകളില്‍ വിരയിളക്കുന്ന മരുന്ന് നല്‍കണം. പുതിയതായി വാങ്ങുന്ന പന്നികളിലാണ് രോഗം കൂടുതൽ കാണുന്നത്. അതിനാൽ പുതിയതായി വാങ്ങിയ പന്നികളെ മറ്റ് പന്നികൾക്കൊപ്പം വളർത്തുന്നതിനു മുൻപ് 20 ദിവസം ക്വാറന്റെെനിലാക്കണം. പുതിയ പന്നികളെ വാങ്ങുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook