ന്യൂഡല്‍ഹി : വര്‍ണവിവേചനത്തിനെതിരെ ആഫ്രിക്കന്‍ വംശജരും ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ഥികളും ഒന്നിക്കുന്നു. തിങ്കളാഴ്ച ഡല്‍ഹിയില്‍ നടന്ന പത്രസമ്മേളന ത്തിലാണ് ഈ പ്രതിരോധ പ്രഖ്യാപനം നടന്നത്. അസോസിയേഷന്‍ ഓഫ് ആഫ്രികന്‍ സ്റ്റുഡന്റ്സ് ഇന്‍ ഇന്ത്യയും വടക്കു കിഴക്കന്‍ വിദ്യാര്‍ത്ഥി അസോസിയേഷനും സംയുക്തമായാണ് പത്ര സമ്മേളനം നടത്തിയത്. സമ്മേളനത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് മണിപ്പൂര്‍ സമര നായിക ഇറോം ഷര്‍മിളയും പങ്കെടുത്തു.

ഇന്ത്യയുടെ പലഭാഗത്തായി ഇരുവിഭാഗങ്ങള്‍ക്കുമെതിരായി അരങ്ങേറിയിട്ടുള്ളതായ വര്‍ണവിവേചനങ്ങളെയും അക്രമസംഭവങ്ങളേയും ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു പത്രസമ്മേളനം. അതിനുശേഷം വര്‍ണവിവേചനം ഒഴിവാക്കാന്‍ ചെയ്യേണ്ടുന്നതായ നിര്‍ദ്ദേശങ്ങളും ആവശ്യങ്ങളും നിരത്തികൊണ്ട് സര്‍ക്കാരിനു കൊടുക്കാനുള്ള അഭ്യര്‍ത്ഥനയും സംഘം മുന്നോട്ടു വച്ചു.

Read More: യുപിയില്‍ നൈജീരിയന്‍ വിദ്യാര്‍ത്ഥികളെ ആക്രമിച്ച അഞ്ച് പേര്‍ അറസ്റ്റില്‍; നിഷ്‍പക്ഷ അന്വേഷണമെന്ന് യോഗി ആദിത്യനാഥ്
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ തന്നെ ഇന്ത്യയുടെ പല ഭാഗത്തുനിന്നുമായി ആഫ്രികന്‍ വംശജര്‍ക്കെതിരായി നടന്ന പല ആക്രമ സംഭവങ്ങളും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരിയില്‍ ബംഗളൂരുവില്‍ അരങ്ങേറിയൊരു സംഭവത്തില്‍ താന്‍സാനിയക്കാരിയായ വിദ്യാര്‍ത്ഥിയെ ആക്രമിക്കുകയും നഗ്നയാക്കുകയും ചെയ്തിരുന്നു. മാര്‍ച്ചില്‍ നോയിഡയില്‍ അരങ്ങേറിയ ഒട്ടനവധി സംഭവങ്ങളില്‍ നിരവധി ആഫ്രിക്കന്‍ വംശജര്‍ക്ക് മാര്‍ദ്ദിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തിരുന്നു. സമാന്തരമായ സംഭവങ്ങളാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാര്‍ക്കും അനുഭവിക്കേണ്ടി വരുന്നത്. ഇതാണ് വര്‍ണവിവേചനത്തിനെതിരെ സംയുക്തമായി പോരാടാന്‍ ഇരുവിഭാഗത്തേയും നയിക്കുന്ന ചേതോവികാരം എന്ന്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ വിശദീകരിക്കുന്നു.

വര്‍ണവിവേചനത്തിന്‍റെ പേരില്‍ ഇന്ത്യ അന്താരാഷ്ട്ര സമൂഹങ്ങളില്‍ നിന്നും ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. മേയില്‍ യുനൈറ്റഡ് നാഷന്‍സ് ഹ്യൂമണ്‍ കമ്മീഷനിലും ഇതിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു “ഞങ്ങള്‍ ഇന്ത്യക്കാര്‍ക്ക് വര്‍ണവെറിയന്മാര്‍ ആവാന്‍ പറ്റില്ല. ഇന്ത്യ ഗാന്ധിയുടേയും ബുദ്ധന്‍റെയും നാടാണ്” എന്നായിരുന്നു ഇന്ത്യയെ പ്രതിനിധീകരിച്ചു ഹാജരായ അറ്റോണി ജനറല്‍ മുകുല്‍ രോഹ്താഗി അതിനു നല്‍കിയ മറുപടി.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥി സംഘടനകള്‍ക്ക് പുറമേ ദളിത്‌ – ബഹുജന്‍ വിദ്യാര്‍ഥി സംഘടനകളേയും ഉള്‍പ്പെടുത്തിക്കൊണ്ട് രാജവ്യാപകമായി വിവേചനങ്ങള്‍ക്കെതിരായ പ്രതിരോധശബ്ദമാവുക എന്നതാണ് കൂട്ടായ്മ അടുത്തതായി പദ്ധതിയിടുന്നത് എന്ന് ദി വയര്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ