കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സര്‍ക്കാരിനു കനത്ത തിരിച്ചടി നല്‍കിക്കൊണ്ട്, തെക്കന്‍ മേഖലയിലെ നാല് പ്രവിശ്യാ തലസ്ഥാനങ്ങള്‍ കൂടി താലിബാന് പിടിച്ചെടുത്തു. ഘോർ പ്രവിശ്യയുടെ തലസ്ഥാനമായ ഫിറോസ് കോ, ഹെല്‍മന്ദ് പ്രവിശ്യയിലെ പ്രധാന നഗരമായ ലഷ്കര്‍ ഗാ, സാബൂള്‍ പ്രവിശ്യയുടെ തലസ്ഥാനമായ ഖലാത്ത്, തെക്കന്‍ മേഖലയിലെ ഉറുസ്ഗാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ടിറിന് കോട്ട് എന്നിവയാണ് ഇന്നു താലിബാന് നിയന്ത്രണത്തിലാക്കിയത്. രാജ്യാന്തര വാര്‍ത്താ ഏന്‍സിയായ അസോസിയേറ്റഡ് പ്രസ് (എപി)യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇതിനു തൊട്ടു മുൻപ് അഫ്ഗാനിലെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാറും മൂന്നാമത്തെ വലിയ നഗരമായ ഹെറത്തും താലിബാൻ പിടിച്ചെടുത്തിരുന്നു. ഇതോടെ 34 പ്രവിശ്യകളിൽ 17 എണ്ണം താലിബാന്റെ നിയന്ത്രണത്തിലായി.
ഹെറാത്ത് പിടിച്ചെടുത്ത താലിബാന്, മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ മുഹമ്മദ് ഇസ്മയില്‍ ഖാനെ തടവിലാക്കിയതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഹെറാത്തിന്റെ സിംഹം എന്നറിയപ്പെടുന്ന ഖാന് അഫ്ഗാനിസ്ഥാനിലെ ഏറ്റവും പ്രധാന നാട്ടുസൈന്യത്തലവനും 1980 കളില്‍ സോവിയറ്റ് അധിനിവേശത്തിനെതിരെ പോരാടിയ ആളുമാണ്. 2001 ല്‍ തൊലിബാന് ഭരണത്തെ അട്ടിമറിച്ച യുഎസ് പിന്തുണയുള്ള വടക്കന്‍ സഖ്യത്തിലെ പ്രധാനിയാണ്.
ഹെറാത്തില്‍ ഗവര്‍ണര്‍, പൊലീസ് മേധാവി, എന്‍ഡിഎസ് ഓഫീസ് മേധാവി, മുന്‍ മുജാഹിദീന്‍ നേതാവ് മുഹമ്മദ് ഇസ്മായില്‍ ഖാന്, ആഭ്യന്തര സുരക്ഷാ ചുമതലയുള്ള ഉപമന്ത്രി, 207 സഫര്‍ കോര്‍പ്സ് കമാന്‍ഡര്‍ എന്നിവരടക്കം എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും താലിബാന് കീഴടങ്ങിയെതായും റിപ്പോര്‍ട്ടുണ്ട്.
കാബൂളിനു സമീപത്തെ പ്രവിശ്യയുടെ തലസ്ഥാനമായ ഗസ്നി നഗരം താലിബാന് കഴിഞ്ഞ ദിവസം കീഴടക്കിയിരുന്നു. കാബൂളില്‍നിന്ന് 130 കിലോമീറ്റര്‍ മാത്രം അകലെയാണു ഗസ്നി.ഗസ്നിയുടെ നിയന്ത്രണം നഷ്ടമായത് അഫ്ഗാന് സേനയ്ക്ക് മറ്റൊരു തന്ത്രപരമായ തിരിച്ചടിയാണ്. കാബൂളിനെ തെക്കന്‍ പ്രവിശ്യകളുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡായ കാബൂള്‍-കാണ്ഡഹാര്‍ ദേശീയപാതയിലാണ് നഗരം സ്ഥിതി ചെയ്യുന്നത്. അത് സര്‍ക്കാര്‍ സേനയുടെ മുന്നേറ്റത്തെ സങ്കീര്‍ണമാക്കും.
അതേസമയം, കാബൂൾ ഉടനെ താലിബാൻ കീഴടക്കുമെന്ന ആശങ്ക വർധിച്ചതോടെ അമേരിക്കയും ബ്രിട്ടനും അവരുടെ നയതന്ത്രജ്ഞരെയും സൈനികരെയും പൗരന്മാരെയും അവരോടൊപ്പം പ്രവർത്തിച്ച ആയിരക്കണക്കിന് അഫ്ഗാൻ പൗരന്മാരെയും ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ സജീവമാക്കി.
അടുത്ത 24 മുതൽ 48 മണിക്കൂറിനുള്ളിൽ കാബൂളിലെ രാജ്യാന്തര വിമാനത്താവളത്തിലേക്ക് മൂന്ന് ബറ്റാലിയനുകളെ, ഏകദേശം 3,000 സൈനികരെ അയയ്ക്കുമെന്ന് പെന്റഗൺ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. എംബസിയിലെ ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാനാണിത്. അഫ്ഗാൻ വിടുന്ന തങ്ങളുടെ പൗരന്മാർക്കു സുരക്ഷയൊരുക്കാൻ 600 സൈനികരെ അയയ്ക്കുമെന്നു ബ്രിട്ടനും വ്യക്തമാക്കിയിട്ടുണ്ട്. ബ്രിട്ടീഷ് എംബസി തലസ്ഥാനത്തെ കൂടുതൽ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
Also read: താലിബാൻ പ്രദേശത്ത് നിന്നും മൂന്ന് ഇന്ത്യക്കാരെ എയർലിഫ്റ്റ് ചെയ്തു; സുരക്ഷാ നിർദേശവുമായി എംബസി
കാബൂളിനെ 30 ദിവസത്തിനുള്ളിൽ ഒറ്റപ്പെടുത്താനും 90 ദിവസത്തിനുള്ളിൽ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനും താലിബാന് കഴിയുമെന്ന് യുഎസ് പ്രതിരോധ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
പതിറ്റാണ്ടുകള്‍ നീണ്ട സൈനിക സാന്നിധ്യം പിന്‍വലിക്കുന്നത് അമേരിക്കയും നാറ്റോയും പ്രഖ്യാപിച്ചതാടെ അഫ്ഗാന് സൈന്യവും താലിബാനും തമ്മില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്. അഫ്ഗാന്റെ മൂന്നില്‍ രണ്ടിലേറെ പ്രദേശം ഇപ്പോൾ താലിബാന്റെ നിയന്ത്രണത്തിലാണ്.
അതിനിടെ, ഖത്തറില്‍ നടക്കുന്ന സമാധാന ചര്‍ച്ചകള്‍ തടസപ്പെട്ടിരിക്കുകയാണെന്നാണ് എപി റിപ്പോര്‍ട്ട് ചെയ്യുന്നത്. നയതന്ത്രജ്ഞര്‍ ഇപ്പോഴും കൂടിക്കാഴ്ച നടത്തുന്നുണ്ടെങ്കിലും ബലം പ്രയോഗിച്ച് സ്ഥാപിക്കുന്ന ഏതൊരു സര്‍ക്കാരിനെയും അംഗീകരിക്കില്ലെന്നു യുഎസും ഇന്ത്യയും ചൈനയും യൂറോപ്പിലെയും ഉള്‍പ്പെടെ 12 രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്കി. ഏറ്റുമുട്ടൽ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ അതിർത്തികൾ തുറക്കാൻ അഫ്ഗാനിസ്ഥാന്റെ അയൽരാജ്യങ്ങളോട് യുഎൻ അഭ്യർഥിച്ചു.