കാബൂൾ: അഫഗാനിസ്ഥാനിലെ കിഴക്കൻ നഗരമായ ജലാലാബാദിൽ ശനിയാഴ്ചയുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ഇരുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വാർത്താഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
അഞ്ച് സ്ഫോടനങ്ങളിലായാണ് മരണങ്ങൾ സംഭവിച്ചതെന്ന് ആശുപത്രികളിൽ നിന്നും ദൃക്സാക്ഷികളിൽ നിന്നും വിവരം ലഭിച്ചതായി വൃത്തങ്ങളെ ഉദ്ധരിച്ചു റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
പരിക്കേറ്റവരിൽ താലിബാൻ അംഗങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. സ്ഫോടനം താലിബാന്റെ വാഹനങ്ങളെ ലക്ഷ്യം വെച്ചുള്ളതായിരുന്നു എന്നാണ് വിവരം. എന്നാൽ താലിബാനിൽ നിന്നും ഇത് സംബന്ധിച്ച പ്രതികരണം നിലവിൽ ലഭ്യമായിട്ടില്ല.
സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. താലിബാൻ കാബൂൾ പിടിച്ചെടുത്തതോടെ വീണതുമുതൽ സജീവമായ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) തീവ്രവാദ സംഘടനയുടെ ശക്തികേന്ദ്രമായ നംഗർഹാർ പ്രവിശ്യയുടെ തലസ്ഥാനമാണ് ജലാലാബാദ്.
ആഗസ്റ്റ് 26ന് കാബൂൾ വിമാനത്താവളത്തിൽ ഐഎസ് നടത്തിയ ബോംബാക്രമണത്തിൽ 180 പേർ കൊല്ലപ്പെട്ടിരുന്നു. രണ്ടു പതിറ്റാണ്ടു നീണ്ടു നിന്ന യുഎസ് അധിനിവേശ സമയത്ത് രാജ്യത്തുണ്ടായ ആക്രമണങ്ങളിൽ ഏറ്റവും മാരകമായ ഒന്നായിരുന്നു അത്.