കാബൂൾ: പഞ്ച്ശീർ താഴ്വരയും പൂർണമായും പിടിച്ചെടുത്തെന്ന് താലിബാൻ പറഞ്ഞതായി വാർത്താ ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്തു. എന്നാൽ താലിബാൻ അവകാശവാദം പ്രതിരോധ സേന തള്ളി. അഫ്ഗാനിസ്ഥാൻ പ്രതിരോധ സേനക്ക് കീഴിലായിരുന്ന അവസാന പ്രവിശ്യയാണ് പഞ്ച്ശീർ.
ഒത്തുതീർപ്പിലൂടെ യുദ്ധം അവസാനിപ്പിക്കാനുള്ള മതപണ്ഡിതന്മാരുടെ അഭിപ്രായം സ്വാഗതം ചെയ്യുന്നതായി അഫ്ഗാനിസ്ഥാൻ പ്രതിരോധ സേന നേതാവ് അഹമ്മദ് മസൂദ് ഞായറാഴ്ച പറഞ്ഞിരുന്നു. ദിവസങ്ങളായി താലിബാനും പ്രതിരോധ സേനയും തമ്മിൽ താഴ്വരയിൽ ഏറ്റുമുട്ടൽ നടക്കുകയായിരുന്നു.
എന്നാൽ പഞ്ച്ശീർ പിടിച്ചെടുത്തെന്ന താലിബാന്റെ അവകാശവാദം തെറ്റാണെന്ന് അഫ്ഗാനിസ്ഥാൻ പ്രതിരോധ സേന ട്വിറ്ററിലൂടെ അറിയിച്ചു. തങ്ങൾ താഴ്വരയിൽ ശക്തമായി നിലയുറപ്പിച്ചിരിക്കുകയാണെന്ന് ട്വിറ്ററിലൂടെ പറഞ്ഞു.
അതേസമയം, ഇന്നലെ പഞ്ച്ശീറിൽ നടന്ന ഏറ്റുമുട്ടലിൽ പ്രതിരോധ സേന വക്താവും മാധ്യമപ്രവർത്തകനുമായ ഫഹിം ദഷ്ടി കൊല്ലപ്പെട്ടതായി ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
മുതിർന്ന താലിബാൻ നേതാക്കൾ ഞായറാഴ്ച യുഎൻ അണ്ടർ സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ അഫ്ഗാൻ ജനതക്ക് യുഎൻ സഹായം വാഗ്ദാനം ചെയ്തതായി താലിബാൻ വക്താവ് സുഹൈൽ ഷഹീൻ വെളിപ്പെടുത്തി.
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ തകരുകയും രാജ്യം കടുത്ത പട്ടിണിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് താലിബാൻ നേതാവ് മുല്ല അബ്ദുൽ ഗനി ബരാദറും മറ്റു ഉദ്യോഗസ്ഥരും മാർട്ടിൻ ഗ്രിഫിത്തുമായി കൂടിക്കാഴ്ച നടത്തിയത്.
“അഫ്ഗാൻ ജനതയ്ക്ക് മാനുഷിക സഹായം നൽകുന്നത് തുടരുമെന്ന് യുഎൻ പ്രതിനിധി സംഘം വാഗ്ദാനം ചെയ്തു, വരാനിരിക്കുന്ന ഡോണർ രാജ്യങ്ങളുടെ യോഗത്തിൽ അഫ്ഗാനിസ്ഥാനിലേക്ക് കൂടുതൽ സഹായം ആവശ്യപ്പെടുമെന്നും പറഞ്ഞു,” ഷഹീൻ ട്വിറ്ററിൽ പറഞ്ഞു.
താലിബാൻ ഭരണം പിടിച്ചതോടെ ലോകത്തെ ദാരിദ്ര്യ രാജ്യങ്ങളിൽ ഒന്നായ അഫ്ഗാനിസ്ഥാന് ലഭിച്ചിരുന്നു കോടിക്കണക്കിന് ഡോളറുകളുടെ വിദേശ സഹായം നിലച്ചിരുന്നു. ഇത് രാജ്യത്ത് വലിയ രീതിയിലുള്ള പ്രതിസന്ധികളാണ് സൃഷ്ട്ടിച്ചിരിക്കുന്നത്.
ആവശ്യമായ എല്ലാ സഹായ സഹകരണവും യുഎൻ പ്രതിനിധി സംഘം ഉറപ്പ് നൽകിയതായി ഷഹീൻ പറഞ്ഞു.
Also Read: അഫ്ഗാനിസ്ഥാൻ: ഭരണകൂടത്തെ കെട്ടിപ്പടുക്കുന്നതിനായി താലിബാനെ സഹായിക്കുമെന്ന് പാകിസ്ഥാൻ സൈനിക മേധാവി