അഫ്ഗിനിസ്താനിൽ താലിബാൻ ഇടക്കാല സർക്കാർ പ്രഖ്യാപിച്ചു. മുല്ല ഹസ്സൻ അഖുന്ദ് ആണ് പുതിയ സർക്കാരിന്റെ തലവൻ. താലിബാൻ സ്ഥാപകനായ മുല്ല ഒമറിന്റെ അനുയായിയാണ് മുല്ല ഹസ്സൻ അഖുന്ദ്. സംഘടനയുടെ രാഷ്ട്രീയ ഓഫീസ് മേധാവി മുല്ല അബ്ദുൽ ഗനി ബരാദർ ഉപ പ്രധാനമന്ത്രിയാവും.
ഹഖാനി നെറ്റ്‌വർക്കിന്റെ സ്ഥാപകന്റെ മകനായ സാറാജുദ്ദീൻ ഹഖാനി ആഭ്യന്തര മന്ത്രിയാവുമെന്ന് താലിബാൻ മുഖ്യ വക്താവ് സബീഹുല്ല മുജാഹിദ് കാബൂളിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.. അമേരിക്ക ഒരു ഭീകര സംഘടനയായി പ്രഖ്യാപിച്ച സംഘടനയാണ് ഹഖാനി നെറ്റ്വർക്ക്.
രാജ്യത്ത് ശരിയത്ത് നിയമം ഉയർത്തിപ്പിടിക്കുന്നതിന് സർക്കാർ പ്രാധാന്യം നൽകുമെന്ന് താലിബാൻ പ്രസ്താവനയിൽ പറഞ്ഞു.
Read More: കാബൂളിൽ വൻ പാക് വിരുദ്ധ പ്രതിഷേധം; പിരിച്ചുവിടാൻ വെടിയുതിർത്ത് താലിബാൻ
“എല്ലാ വിദേശ ശക്തികളെയും പുറത്താക്കിയതിനും അധിനിവേശം അവസാനിപ്പിച്ചതിനും രാജ്യത്തിന്റെ സമ്പൂർണ്ണ വിമോചനത്തിനും” അഫ്ഘാനിലെ ജനങ്ങളെ അഭിനന്ദിക്കുന്നതായി രേഖാമൂലമുള്ള പ്രസ്താവനയിൽ, ആക്ടിംഗ് പ്രധാനമന്ത്രിമുല്ല ഹസ്സൻ അഖുന്ദ് പറഞ്ഞു.
“രാജ്യത്തെ ഇസ്ലാമിക നിയമങ്ങളും ശരീഅത്ത് നിയമങ്ങളും ഉയർത്തിപ്പിടിക്കാൻ കഠിനാധ്വാനം ചെയ്യുമെന്ന് എല്ലാ രാജ്യക്കാർക്കും ഞാൻ ഉറപ്പ് നൽകുന്നു,” എന്നും അഖുന്ദ് ഇംഗ്ലീഷിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞതായി എഎഫ്പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.