ന്യൂഡൽഹി: നിലവിൽ രാജ്യത്ത് ഇല്ലാത്ത അഫ്ഗാൻ പൗരന്മാർക്ക് ഇന്ത്യ മുമ്പ് നൽകിയിരുന്ന എല്ലാ വിസകളും ഇന്ന് റദ്ദാക്കി. ഇനി ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർ ഇലക്ട്രോണിക് വിസ (ഇ-വിസ) എടുക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നേരത്തെ വിസ നൽകിയ പലർക്കും പാസ്സ്‌പോർട്ട് നഷ്ടമായെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു.
“അഫ്ഗാനിസ്ഥാനിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇ-എമർജൻസി എക്സ്-മിസ്ക് വിസ അവതരിപ്പിച്ച് കൊണ്ട് വിസ നടപടികൾ കാര്യക്ഷമമാക്കുകയാണ്, ഇനിമുതൽ അഫ്ഗാൻ പൗരന്മാർക്ക് ഇ-വിസയിൽ മാത്രമേ ഇന്ത്യയിലേക്ക് യാത്ര ചെയ്യാനാകൂവെന്ന് തീരുമാനിച്ചിട്ടുണ്ട്.” ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
“ചില അഫ്ഗാൻ പൗരന്മാരുടെ പാസ്‌പോർട്ടുകൾ നഷ്ടമായെന്ന റിപ്പോർട്ടുകൾ കണക്കിലെടുത്ത്, നിലവിൽ ഇന്ത്യയിൽ ഇല്ലാത്ത എല്ലാ അഫ്ഗാൻ പൗരന്മാർക്കും മുമ്പ് അനുവദിച്ചിരുന്ന വിസകൾ മുൻകാലപ്രാബല്യത്തോടെ റദ്ദാക്കിയിരിക്കുന്നു. ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്ന അഫ്ഗാൻ പൗരന്മാർക്ക് ഇ-വിസയ്ക്കായി www. indianvisaonline.gov.in എന്ന വെബ്‌സൈറ്റിൽ അപേക്ഷിക്കാം” പ്രസ്താവനയിൽ പറഞ്ഞു.
പാസ്‌പോർട്ടുകൾ നഷ്ടപ്പെട്ടവർ കാബൂളിലോ മറ്റെവിടെയെങ്കിലുമോ പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കുകയും തുടർന്ന് ഇ-വിസയ്ക്ക് അപേക്ഷിക്കുകയും ചെയ്യണമെന്ന് വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ വിസ കൈവശമുണ്ടായിരുന്നിട്ടും ഇന്ത്യയിലേക്ക് വരാൻ കഴിയാതിരുന്നവർ ഇ-വിസയ്ക്കായി വീണ്ടും അപേക്ഷിക്കേണ്ടതുണ്ട്.
അമേരിക്കൻ സേനയ്ക്ക് കാബൂൾ വിടാൻ ഓഗസ്റ്റ് 31ൽ കൂടുതൽ സമയം നൽകില്ലെന്ന് താലിബാൻ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇന്ത്യ പ്രസ്താവന ഇറക്കിയിരിക്കുന്നത്. അഫ്ഗാൻ പൗരന്മാരെ കൊണ്ട് പോകരുതെന്നും താലിബാൻ അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ യുഎസ് സേനയുടെ നിയന്ത്രണത്തിലാണ് കാബൂൾ വിമാനത്താവളം.
Also read: അഫ്ഗാനിസ്ഥാനിൽ ഉക്രെയ്ൻ വിമാനം റാഞ്ചി; ഇറാനിലേക്ക് കടത്തിയതായി റിപ്പോർട്ട്
കഴിഞ്ഞ ആഴ്ചയാണ് ആറ് മാസം കാലാവധിയുള്ള ഇ- വിസ അഫ്‌ഗാൻ പൗരന്മാർക്കായി ഇന്ത്യ പ്രഖ്യാപിച്ചത്. നേരത്തെ ഇ- വിസ അഫ്‌ഗാൻ പൗരന്മാർക്ക് ലഭ്യമായിരുന്നില്ല.
ഓഗസ്റ്റ് 16ന് ശേഷം ഇന്ത്യക്കാർ ഉൾപ്പെടെ 800-ഓളം പേരെയാണ് അഫ്‌ഗാനിസ്‌ഥാനിൽ നിന്നും ഇന്ത്യയിലേക്ക് എത്തിച്ചത്. ഇതിൽ ഭൂരിഭാഗവും അഫ്ഗാൻ പൗരന്മാരായിരുന്നു. യുഎസും മറ്റു സൗഹൃദ രാജ്യങ്ങളുമായി ചേർന്നാണ് ഇന്ത്യ ഒഴിപ്പിക്കൽ ദൗത്യം പൂർത്തിയാക്കുന്നത്.