Latest News

കാബൂൾ വിമാനത്താവളത്തിൽ വിജയം ആഘോഷിച്ച് താലിബാൻ; സുരക്ഷ ഉറപ്പാക്കുമെന്ന് പ്രഖ്യാപനം

അമേരിക്കൻ പിന്മാറ്റം പൂർത്തിയതിൽ സന്തോഷം പ്രകടിപ്പിച്ച് താലിബാൻ ആകാശത്തേക്ക് വെടിയുതിർത്തു

Taliban, താലിബാന്‍, Afghanistan, അഫ്ഗാനിസ്ഥാന്‍, Indians in Afghan, Evacuation of Indians, Afghanistan Update, Taliban Afghan conflict, IE Malayalam, ഐഇ മലയാളം
പ്രതീകാത്മക ചിത്രം

കാബൂൾ: അഫ്ഗാനിസ്ഥാനിൽ നിന്നും അവസാന അമേരിക്കൻ വിമാനവും പറന്നതിനു മണിക്കൂറുകൾക്ക് പിന്നാലെ കാബൂൾ വിമാനത്താവളത്തിലേക്ക് താലിബാൻ ജൈത്രയാത്ര നടത്തി. വിമാനത്താവളത്തിന്റെ റൺവേയിൽ നിന്ന് നേതാക്കൾ രാജ്യത്തെ സുരക്ഷിതമാക്കുമെന്ന് പ്രതിജ്ഞ ചെയ്തു. ഉടനെ വിമാനത്താവളം തുറന്നു നൽകിയ താലിബാൻ എതിരാളികൾക്ക് പൊതുമാപ്പ് നൽകുകയും ചെയ്തു. സൈനിക വേഷത്തിലുള്ള താലിബാൻ കമാൻഡോകൾ ഉൾപ്പടെ ആയിട്ടായിരുന്നു മാർച്ച്.

രണ്ടു ദശകങ്ങളായി കോടികണക്കിനു ഡോളറിന്റെ വിദേശ സഹായത്താൽ നിലനിൽക്കുന്ന അഫ്ഗാനിസ്ഥാനിലെ വിമാനത്താവളം പ്രവർത്തിപ്പിക്കുക എന്നത് താലിബാൻ നേരിടാൻ പോകുന്ന വെല്ലുവിളികളിൽ ഒന്ന് മാത്രമാണ്.

ഇന്ന് രാവിലെയാണ് അമേരിക്കൻ സേന അഫ്‌ഗാനിൽ നിന്നുള്ള പിന്മാറ്റം പൂർത്തിയാക്കിയത്. ഇരുപത് വർഷത്തിനു ശേഷമാണ് അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാനിൽ നിന്നും മടങ്ങുന്നത്. ”അവസാന വിമാനവും കാബൂൾ വിട്ടു. ഇപ്പോൾ അഫ്ഗാനിസ്ഥാന്റെ വ്യോമാതിർത്തി കടക്കുന്നു” യുഎസ് സെൻട്രൽ കമാൻഡ് മേധാവി ജനറൽ കെന്നത്ത് മക്കെൻസി പറഞ്ഞു.

“ഇപ്പോൾ, അഫ്ഗാനിസ്ഥാനിലെ ഞങ്ങളുടെ 20 വർഷത്തെ സൈനിക സാന്നിധ്യം അവസാനിച്ചു,” അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. കൂടുതൽ ജീവനുകൾ നഷ്ടപ്പെടുന്നതിന് മുൻപ് ഓഗസ്റ്റ് 31ന് തന്നെ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഒഴിപ്പിക്കൽ പൂർത്തിയാക്കിയതിന് സൈന്യത്തിന് പ്രസിഡന്റ് നന്ദി പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കാബൂൾ വിമാനത്താവളത്തിൽ നിന്ന് ഏകദേശം 114,000 ത്തിലധികം ആളുകളെയാണ് അമേരിക്കയുടെ നേതൃത്വത്തിൽ എയർലിഫ്റ്റ് ചെയ്തത്.

അമേരിക്കൻ പിന്മാറ്റം പൂർത്തിയായതിൽ സന്തോഷം പ്രകടിപ്പിച്ച് താലിബാൻ ആകാശത്തേക്ക് വെടിയുതിർത്തു. “എനിക്ക് എന്റെ സന്തോഷം വാക്കുകളിൽ പ്രകടിപ്പിക്കാൻ കഴിയില്ല, ഞങ്ങളുടെ 20 വർഷത്തെ ത്യാഗത്തിന്റെ ഫലമാണ്” കാബൂൾ വിമാനത്താവളത്തിലുണ്ടായിരുന്ന താലിബാനികളിൽ ഒരാൾ പറഞ്ഞു.

Also read: കാബൂളിൽ റോക്കറ്റ് ആക്രമണം; ഒരു കുട്ടി കൊല്ലപ്പെട്ടു

അതേസമയം, അഫ്ഗാനിസ്ഥാൻ ഒരു രാജ്യത്തെയും ഭീഷണിപ്പെടുത്താനോ ആക്രമിക്കാനോ അവിടെ ഭീകരർക്ക് അഭയം നൽകുകയോ പരിശീലനം നൽകുകയോ ചെയ്യരുതെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ അംഗീകരിച്ചു. ഫ്രാൻസ്, യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങൾ നിർദ്ദേശിച്ച പ്രമേയത്തിന് 13 കൗൺസിൽ അംഗങ്ങൾ അനുകൂലമായി വോട്ട് ചെയ്തു. എന്നാൽ റഷ്യയും ചൈനയും വോട്ടിങ്ങിൽ നിന്നും വിട്ടു നിന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Afghanistan taliban crisis isis kabul airport us airstrike updates

The moderation of comments is automated and not cleared manually by malayalam.indianexpress.com