കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഷിയാ മുസ്ലിങ്ങളെ ലക്ഷ്യമിട്ട് പള്ളിയില്‍ നടത്തിയ സ്‌ഫോടനത്തില്‍ കുറഞ്ഞത് നൂറുപേര്‍ കൊല്ലപ്പെടുകയോ പരുക്കിന് ഇരയാകുകയോ ചെയ്തതായി താലിബാന്‍ പൊലീസ് ഉദ്യോഗസ്ഥന്‍. ‘അവരില്‍ ഭൂരിഭാഗവും കൊല്ലപ്പെട്ടു’വെന്ന് ദോസ്ത് മുഹമ്മദ് ഉബൈദ പറഞ്ഞു.
കുണ്ടുസ് പ്രവിശ്യയിലെ ഗോസര്‍-ഇ-സെയ്ദ് അബാദ് പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെയൊണു സ്‌ഫോനം നടന്നത്. സംഭവത്തിന്റെ ഉത്തരവാദിത്തം ഉടനടി ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ അഫ്ഗാനിസ്ഥാനിലെ ഷിയാ മുസ്ലിം ന്യൂനപക്ഷത്തിനെതിരായ ആക്രമണത്തിന്റെ കാര്യത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്കു നീണ്ട ചരിത്രമുണ്ട്.
സ്ഥിരീകരിക്കപ്പെട്ടാല്‍, ഓഗസ്റ്റ് അവസാനം അമേരിക്കയും നാറ്റോ സൈന്യവും അഫ്ഗാനിസ്ഥാന്‍ വിടുകയും താലിബാന്‍ രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തതിനുശേഷം തീവ്രവാദികള്‍ നടത്തിയ ആക്രമണമണത്തിലെ ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാവുമിത്.
”ഞങ്ങളുടെ ഷിയാ സഹോദരങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ താലിബാന്‍ തയാറാണെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു,” ഒബൈദ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകെയാണെന്നും അദ്ദേഹം പറഞ്ഞു.
Also Read: സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം മാധ്യമപ്രവര്‍ത്തകരായ മരിയ റെസ്സയ്ക്കും ദിമിത്രി മുറടോവിനും
നിരവധി പേര്‍ക്കു ജീവഹാനി സംഭവിച്ചതായി അലി റെസ എന്നയാളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനം നടക്കുമ്പോള്‍ താന്‍ താന്‍ പ്രാര്‍ത്ഥനയിലായിരുന്നെന്നും ഇയാള്‍ പറഞ്ഞു.
രക്ഷാപ്രവര്‍ത്തകര്‍ പള്ളിയില്‍നിന്ന് പുതപ്പില്‍ പൊതിഞ്ഞ് മൃതദേഹം ആംബുലന്‍സിലേക്ക് കൊണ്ടുപോകുന്നത് സംഭവസ്ഥലത്തുനിന്നുള്ള ഫൊട്ടോകളിലും വിഡിയോകളിലും കാണാം. പള്ളിയുടെ പ്രവേശന കവാടത്തിലെ പടവുകൾ രക്തം തളംകെട്ടിക്കിടക്കുകയാണ്. സ്‌ഫോടനത്തെത്തുടര്‍ന്നുള്ള അവശിഷ്ടങ്ങള്‍ നിലത്ത് ചിതറിക്കിടക്കുന്നുണ്ട്. പള്ളിയുടെ മേല്‍ക്കൂര കരിഞ്ഞനിലയിലാണ്.
സ്ഫോടനം നടന്നയുടന്‍ പള്ളിയിലേക്ക് കുതിച്ചെത്തിയതായി പ്രദേശവാസിയായ ഹുസൈന്‍ദാദ് റെസായി പറഞ്ഞു. ”ഞാന്‍ വീട്ടില്‍ നിര്‍മാണ ജോലികള്‍ ചെയ്യുന്ന തിരക്കിലായിരുന്നു. പ്രാര്‍ത്ഥനകള്‍ ആരംഭിച്ച ഉടൻ സ്‌ഫോടനം നടന്നു. ഞാന്‍ ബന്ധുക്കളെ അന്വേഷിച്ചാണ് വന്നത്. പള്ളി നിറയെ ആളുകളുണ്ടായിരുന്നു,” അദ്ദേഹം പറഞ്ഞു.
Also Read: ആര്യന്‍ ഖാന്റെ ഇടക്കാല ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളി
ഷിയാ പള്ളി ലക്ഷ്യമിട്ടതായും വലിയൊരു വിഭാഗം വിശ്വാസികള്‍ കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്ന് താലിബാന്‍ മുഖ്യ വക്താവ് സബിഹുല്ല മുജാഹിദ് രാവിലെ പറഞ്ഞിരുന്നു. താലിബാന്‍ പ്രത്യേക സേന സംഭവസ്ഥലത്ത് എത്തിയിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇസ്ലാമിക് സ്റ്റേറ്റ് അനുബന്ധ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഖൊരാസനില്‍നിന്ന് താലിബാന്‍ നേതൃത്വം വര്‍ധിച്ചുവരുന്ന ഭീഷണി നേരിടുകയാണ്. കാബൂളില്‍ അടുത്തിടെ നടന്ന രണ്ട് മാരകമായ ബോംബാക്രമണങ്ങള്‍ ഉള്‍പ്പെടെ എതിരാളികളെ ലക്ഷ്യമിട്ട് ഐഎസ് ആക്രമണം ശക്തമാക്കി.