കാബൂൾ: അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടതായി അഫ്ഗാന് മാധ്യമമായ ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. താജിക്കിസ്ഥാനിലേക്ക് യാത്ര തിരിച്ചതായാണ് വിവരം
താലിബാൻ അഫ്ഗാൻ തലസ്ഥാനമായ കാബൂളിന്റെ അതിർത്തിപ്രദേശങ്ങളിൽ പ്രവേശിക്കാൻ തുടങ്ങിയതായി അഫ്ഗാൻ ആഭ്യന്തര മന്ത്രാലയം. വിവരങ്ങൾ പുറത്തുവിടാൻ അധികാരമില്ലെന്നും ഇതുവരെ പോരാട്ടങ്ങൾ ഒന്നും നടന്നിട്ടില്ലെന്നും പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥൻ പറഞ്ഞു . താലിബാൻ കലക്കൻ, ഖറാബാഗ്, പഗ്മാൻ എന്ന ജില്ലകളിലാണ് ഇപ്പോൾ.
തലസ്ഥാനത്ത് പ്രവേശിച്ച ശേഷം പുറപ്പെടുവിച്ച പ്രസ്താവനയിൽ, തലസ്ഥാനം “ബലപ്രയോഗത്തിലൂടെ” പിടിച്ചെടുക്കാൻ പദ്ധതിയില്ലെന്ന് താലിബാൻ പറഞ്ഞു. എന്നാൽ തലസ്ഥാനത്ത് വെടിയൊച്ചകൾ മുഴങ്ങുമ്പോഴാണ് ഇത് വരുന്നത്.
അതേസമയം, താലിബാൻ ആക്രമം ശക്തിപ്പെടുത്തിയതോടെ അഫ്ഗാൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ വീണ്ടും കുറഞ്ഞു. പ്രധാന കിഴക്കൻ നഗരമായ ജലാലാബാദിനെ യാതൊരു പോരാട്ടവുമില്ലാതെ താലിബാൻ പിടിച്ചെടുത്തു. ജലാലാബാദും കീഴടക്കിയതോടെ അഫ്ഗാൻ തലസ്ഥാനമായ കാബൂളിലേക്ക് താലിബാൻ കൂടുതൽ അടുത്തു. അഫ്ഗാനിസ്ഥാനും പാകിസ്ഥാനുമായി ബന്ധിപ്പിക്കുന്ന റോഡുകളും താലിബാൻ നിയന്ത്രണത്തിലാക്കിയെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
എട്ട് ആഴ്ചകൾക്കുള്ളിൽ മസാർ-ഇ-ഷെരീഫ്, ലോഗർ പ്രവിശ്യ, കാണ്ഡഹാർ, ഹെറാത്ത് എന്നിവയുൾപ്പെടെയുള്ള പ്രധാന നഗരങ്ങൾ കീഴടക്കി താലിബാൻ മുന്നേറ്റം നടത്തുകയാണ്. ശനിയാഴ്ച താലിബാൻ മസാർ-ഇ-ഷെരീഫിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ അഫ്ഗാൻ സുരക്ഷാ സേന അയൽരാജ്യമായ ഉസ്ബക്കിസ്ഥാനിലേക്ക് രക്ഷപ്പെട്ടിരുന്നു.
അതേസമയം, താലിബാൻ നിയന്ത്രണത്തിലാക്കിയ പ്രദേശങ്ങളിൽ നിന്നും ആളുകൾ കാബൂളിലേക്ക് ഒഴുകിയെത്തുകയാണ്. നൂറുകണക്കിന് ആളുകളാണ് ഇപ്പോൾ ഭാവനരഹിതരായി കഴിയുന്നത്. ഭക്ഷണവും മറ്റു സൗകര്യങ്ങളുമില്ലാതെ തിങ്ങി നിറഞ്ഞു കഴിയുന്ന ആളുകൾ നഗരത്തിലെ പ്രധാന കാഴ്ചയായി മാറി കഴിഞ്ഞു.
മറ്റൊരു സംഭവത്തിൽ, അഫ്ഗാൻ തലസ്ഥാനത്തെ സംരക്ഷിക്കുന്നതിനും വിമാനത്താവളത്തിന്റെ നിയന്ത്രണം നിലനിർത്തുന്നതിനുമായി ആദ്യ അമേരിക്കൻ സൈനിക സംഘം ശനിയാഴ്ച കാബൂളിലെത്തി. അഫ്ഗാനിസ്ഥാനിൽ നിന്നും സ്വന്തം പൗരന്മാരെ ഒഴിപ്പിക്കുന്നതിനും യുഎസ് സൈനിക ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി 5,000 സൈനികരെ വിന്യസിക്കാൻ പ്രസിഡന്റ് ജോ ബൈഡൻ അംഗീകാരം നൽകിയിട്ടുണ്ട്.
ശനിയാഴ്ച കാണ്ഡഹാറിലെ പ്രധാന റേഡിയോ സ്റ്റേഷൻ താലിബാൻ ഏറ്റെടുത്തിരുന്നു. അതിനെ വോയിസ് ഓഫ് ശരീഅ എന്ന് അവർ പുനർനാമകരണം ചെയ്തു. അവർ പുറത്തുവിട്ട ഒരു വീഡിയോയിൽ, ഇനിമുതൽ വാർത്തകൾ പ്രക്ഷേപണം ചെയ്യാനും ഖുറാൻ പാരായണം ചെയ്യാനും മാത്രമേ ആ റേഡിയോ സ്റ്റേഷൻ ഉപയോഗിക്കുകയുള്ളൂവെന്നും സംഗീതം അനുവദിക്കില്ലെന്നും പറഞ്ഞു.
അഫ്ഗാന് സൈന്യത്തിന്റെ ചെറുത്ത് നില്‍പ്പ് ദുര്‍ബലമാകുന്നതോടെ കൂടുതല്‍ നഗരങ്ങള്‍ താലിബാന് പിടിച്ചെടുക്കുകയാണ്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തലസ്ഥാന നഗരമായ കാബൂളും താലിബാന്റെ നിയന്ത്രണത്തിലാകുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്.
Also read: അഫ്ഘാനിസ്താൻ: ‘അടിച്ചേൽപിക്കപ്പെട്ട യുദ്ധം,’ അനുവദിക്കില്ലെന്ന് അഷ്റഫ് ഘനി