scorecardresearch
Latest News

കഴിഞ്ഞ ആഴ്ച ഡൽഹിയിലെത്തി, പക്ഷേ നാടുകടത്തപ്പെട്ടു: അഫ്ഗാൻ വനിതാ എംപി

2010 മുതൽ അഫ്ഗാൻ പാർലമെന് അംഗമായ കാർഗർ, അതേ പാസ്പോർട്ട് ഉപയോഗിച്ച് ഇന്ത്യയിലേക്ക് പലതവണ യാത്ര ചെയ്തിട്ടുണ്ടെന്ന് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു

കഴിഞ്ഞ ആഴ്ച ഡൽഹിയിലെത്തി, പക്ഷേ നാടുകടത്തപ്പെട്ടു: അഫ്ഗാൻ വനിതാ എംപി

ന്യൂഡൽഹി: താലിബാൻ കാബൂൾ പിടിച്ചെടുത്ത് അഞ്ചു ദിവസത്തിനു ശേഷം, ഓഗസ്റ്റ് 20ന് ന്യൂഡൽഹി ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ തന്നെ നാട് കടത്തിയതായി അഫ്ഗാൻ പാർലമെന്റിലെ വനിതാ അംഗം.

ഫര്യാബ് പ്രവിശ്യയെ പ്രതിനിധീകരിക്കുന്ന വോലെസി ജിർഗയിൽ നിന്നുള്ള അംഗമായ രംഗിന കാർഗർ ഓഗസ്റ്റ് 20ന് ഫ്ലൈ ദുബായ് വിമാനത്തിലാണ് ഇസ്താംബൂളിൽ നിന്ന് ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ എത്തിയത്. വിസ രഹിത യാത്രക്ക് അനുമതിയുള്ള നയതന്ത്ര/ഔദ്യോഗിക പാസ്‌പോർട്ട് ഇവരുടെ കൈവശം ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ അഫ്ഗാനിസ്ഥാനുമായും അവിടുത്തെ ജനങ്ങളുമായുമുള്ള ചരിത്രപരമായ ബന്ധം സംരക്ഷിക്കുന്നതിന് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അടിവരയിട്ടു പറഞ്ഞിരുന്നു.

2010 മുതൽ അഫ്ഗാൻ പാർലമെന് അംഗമായ കാർഗർ, അതേ പാസ്പോർട്ട് ഉപയോഗിച്ച് ഇന്ത്യയിലേക്ക് പലതവണ യാത്ര ചെയ്തിട്ടുണ്ടെന്ന് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. അപ്പോഴെല്ലാം അനുമതി ലഭിച്ചിട്ടുണ്ട്, എന്നാൽ ഇത്തവണ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ കാത്തിരിക്കാൻ ആവശ്യപ്പെട്ടു. മേലുദ്യോഗസ്ഥരുമായി ആലോചിക്കണമെന്നും അവർ പറഞ്ഞതായി എംപി പറഞ്ഞു.

രണ്ട് മണിക്കൂറിന് ശേഷം അതേ വിമാനത്തിൽ ദുബായ് വഴി ഇസ്താംബൂളിലേക്ക് അവരെ തിരിച്ചയക്കുകയും ചെയ്തു. “അവർ എന്നെ നാടുകടത്തി, എന്നെ ഒരു കുറ്റവാളിയായി കണ്ടു. എനിക്ക് എന്റെ പാസ്പോർട്ട് ദുബായിൽ വച്ച് ലഭിച്ചില്ല. ഇസ്താംബൂളിൽ വച്ചാണ് എനിക്ക് അത് തിരികെ നൽകിയത്,” കാർഗർ പറഞ്ഞു.

“അവർ എന്നോട് ചെയ്തത് ശരിയല്ല. കാബൂളിലെ സ്ഥിതി മാറി, ഇന്ത്യൻ സർക്കാർ അഫ്ഗാൻ സ്ത്രീകളെ സഹായിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” അവർ പറഞ്ഞു. നാടുകടത്തിയതിന് ഒരു കാരണവും നൽകിയില്ലെന്ന് അവർ പറഞ്ഞു, പക്ഷേ “ഇത് കാബൂളിലെ രാഷ്ട്രീയ സാഹചര്യവുമായി ബന്ധപ്പെട്ടായിരിക്കാം, ഒരുപക്ഷേ സുരക്ഷാ പ്രശ്നം”.

എന്നാൽ കാർഗറുമായി ബന്ധപ്പെട്ട സംഭവത്തെക്കുറിച്ച് തങ്ങൾക്ക് അറിയില്ലെന്നാണ് വിദേശകാര്യ മന്ത്രാലയുമായി ബന്ധപ്പെട്ട ഒരു വൃത്തം പറഞ്ഞത്.

കാർഗറിനെ നാടുകടത്തിയ ശേഷം ഇന്ത്യ രണ്ട് അഫ്‌ഗാൻ സിഖ് എംപിമാരെ സ്വീകരിച്ചിരുന്നു. നരേന്ദ്ര സിംഗ് കൽസ, അനാർക്കലി കൗർ എന്നിവരെയാണ് സ്വീകരിച്ചത്. അനാർക്കലി അഫ്ഗാൻ പാർലമെന്റിലെ ആദ്യ വനിതാ സിഖ് അംഗമായിരുന്നു.

“ആ വിമാനങ്ങൾ ഇന്ത്യക്കാർക്കും അഫ്ഗാൻ ഇന്ത്യക്കാർക്കും വേണ്ടിയായിരുന്നു, അഫ്ഗാനികൾക്കല്ല,” കാർഗർ പറഞ്ഞു

സൗത്ത് ഡൽഹിയിലെ ഒരു ആശുപത്രിയിലെ ഡോക്ടറെ അന്നേ ദിവസം കാണാനുണ്ടായിരുന്നുവെന്നും, ഓഗസ്റ്റ് 22ലേക്ക് മടക്ക ടിക്കറ്റ് ഉണ്ടായിരുന്നെന്നും അവർ പറഞ്ഞു. കാർഗർ ഒറ്റയ്ക്കാണ് ഇന്ത്യയിലേക്ക് എത്തിയത്.

Also read: അഫ്ഗാൻ പൗരന്മാർക്ക് ഇ-വിസ നിർബന്ധമാക്കി ഇന്ത്യ; ഇതുവരെ നൽകിയ വിസകൾ റദ്ദാക്കി

“ഗാന്ധിജിയുടെ ഇന്ത്യയിൽ നിന്ന് ഞാൻ ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഞങ്ങൾ എപ്പോഴും ഇന്ത്യയുമായി സൗഹൃദത്തിലായിരുന്നു, ഇന്ത്യയുമായി തന്ത്രപരമായ ബന്ധമുണ്ട്, ഇന്ത്യയുമായി ചരിത്രപരമായ ബന്ധമുണ്ട്. എന്നാൽ ഇപ്പോൾ അവർ ഒരു സ്ത്രീയോടും പാർലമെന്റ് അംഗത്തോടും ഇതുപോലെയാണ് പെരുമാറിയിരിക്കുന്നത്. ‘ക്ഷമിക്കണം, ഞങ്ങൾക്കു നിങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിയില്ലെന്ന് അവർ വിമാനത്താവളത്തിൽ വച്ച് എന്നോട് പറഞ്ഞു,” കാർഗർ പറഞ്ഞു.

1985ൽ മസാർ-ഇ-ഷെരീഫിൽ ജനിച്ച കാർഗറിന് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല, മനുഷ്യാവകാശ പ്രവർത്തകയായാണ് അവർ സ്വയം വിശേഷിപ്പിക്കുന്നത്. “സാഹചര്യം മാറിയതിനാൽ” കാബൂളിലേക്ക് മടങ്ങാൻ കഴിയില്ലെന്ന് അവർ പറഞ്ഞു. എന്തായാലും അങ്ങോട്ട് വിമാനങ്ങളില്ലാത്തതിനാൽ ഇസ്താംബൂളിൽ തന്നെ തുടരാനാണ് അവരുടെ തീരുമാനം. “എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ കാത്തിരിക്കുകയാണ്, താലിബാൻ സർക്കാർ ഉണ്ടാക്കുന്നതുവരെ കാത്തിരിക്കുകയാണ്, അവർ പാർലമെന്റിൽ സ്ത്രീകളെ അനുവദിക്കുമോ എന്നറിയണം,” അവർ പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Afghanistan crisis afghan woman mp rangina kargar says flew to delhi last week deported