ഇന്‍ഡോര്‍: ഇനി ഒരു തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇനിയൊരു തിരഞ്ഞെടുപ്പിന് തനിക്ക് താല്പര്യമില്ലെന്നും പക്ഷെ അന്തിമ തീരുമാനം പാര്‍ട്ടിയുടേതായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മധ്യപ്രദേശില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ കാരണങ്ങളാണ് തീരുമാനത്തിന് പിന്നില്‍.
മധ്യപ്രദേശിലെ വിദിഷയില്‍ നിന്നുള്ള ലോക് സഭാംഗമാണ് അറുപത്തിയാറുകാരിയായ സുഷമ സ്വരാജ്. 400,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു സുഷമയുടെ വിജയം. ഇന്ദിരാ ഗാന്ധിക്ക് ശേഷം വിദേശകാര്യ മന്ത്രിയാകുന്ന ആദ്യ വനിതയാണ് സുഷമ. 1977 ല്‍ 25 വയസ് പ്രായമുള്ളപ്പോഴാണ് സുഷമ സ്വരാജ് ഹരിയാനയില്‍ മന്ത്രിയാവുന്നത്.
ബിജെപിയിലെ മുതിര്‍ന്ന അംഗം കൂടിയായ സുഷമ സ്വരാജ് അഭിഭാഷക കൂടിയാണ്. 1998 ല്‍ ഡല്‍ഹിയുടെ മുഖ്യമന്ത്രി സ്ഥാനത്തും സുഷമ ഇരുന്നിരുന്നു. 2016ല്‍ കിഡ്നി മാറ്റല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു സുഷമ. ഇതിന് ശേഷം കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് വീണ്ടും പാര്‍ലമെന്റിലെത്തുന്നത്.
ഇനി മല്‍സരിക്കാനില്ലെന്ന സുഷമ സ്വരാജിന്റെ തീരുമാനത്തോട് പാര്‍ട്ടി സ്വീകരിക്കുന്ന സമീപനമെന്താണെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.