തിരുവനന്തപുരം: ലോ അക്കാദമി സമരം വിജയിച്ച സാഹചര്യത്തില്‍ പാതി വഴിയില്‍ സമരം ഉപേക്ഷിച്ച എസ്എഫ്ഐയെ പരിഹസിച്ച് അഡ്വ. എ ജയശങ്കര്‍ രംഗത്ത്. ഇതുപോലൊരു കൊലച്ചതി എസ്എഫ്ഐക്കാര്‍ സ്വപ്നത്തില്‍ പോലും കണ്ടുകാണില്ലെന്ന് അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു.

29 ദിവസം നീണ്ട ലാ അക്കാദമി സമരം അവസാനിച്ചു. ലക്ഷ്മി മാഡം ഇനി ആ വളപ്പിൽ കാലെടുത്ത് കുത്തരുത് എന്ന വിദ്യാർഥി(നി)കളുടെ ആവശ്യം മനസ്സില്ലാ മനസോടെ നാരായണൻ നായരും ബ്രിട്ടാസ് മുതലാളിയും അംഗീകരിച്ചു. എന്നാൽ അങ്ങനെയാവട്ടെ എന്ന നിലപാടിലേക്ക് പിണറായി സഖാവും എത്തിയെന്ന് ജയശങ്കര്‍ പരിഹസിക്കുന്നു.

അഡ്വ. ജയശങ്കറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

29 ദിവസം നീണ്ട ലാ അക്കാദമി സമരം അവസാനിച്ചു. ലക്ഷ്മി മാഡം ഇനി ആ വളപ്പിൽ കാലെടുത്ത് കുത്തരുത് എന്ന വിദ്യാർഥി(നി)കളുടെ ആവശ്യം മനസ്സില്ലാ മനസോടെ നാരായണൻ നായരും ബ്രിട്ടാസ് മുതലാളിയും അംഗീകരിച്ചു. എന്നാൽ അങ്ങനെയാവട്ടെ എന്ന നിലപാടിലേക്ക് പിണറായി സഖാവും എത്തി.

ഇതുപോലൊരു കൊലച്ചതി എത്തപ്പൈ കുട്ടികൾ സ്വപ്നേപി പ്രതീക്ഷിച്ചില്ല. അവർ മാഡത്തിൻെറ പാചകത്തിലും ബ്രിട്ടാസിൻെറ വാചകത്തിലും വിശ്വാസമർപ്പിച്ചു. ഡബിൾ ചങ്കനെ പേടിച്ച് ബാക്കി കുട്ടികളും സമരം നിർത്തി പോകുമെന്നു കരുതി.
അഞ്ചു കൊല്ലം മാറിനിൽക്കാമെന്ന ഉറപ്പു കിട്ടിയപ്പോൾ ധീര വിപ്ലവകാരികൾ ‘സമരം വിജയിച്ചേ വിജയിച്ചേ’ എന്ന് ആർത്തുവിളിച്ച് കൊടിയും ചുരുട്ടി പന്തലും പൊളിച്ചു സ്ഥലംവിട്ടു. ബാക്കിയുളളവർ സമരത്തിൽ ഉറച്ചുനിന്നു.

അക്കാദമിയുടെ ആധാരവും ആൻ്റിയുടെ ബിരുദ സർട്ടിഫിക്കറ്റും തർക്ക വിഷയമായപ്പോൾ പണി പാളി. നാരായണൻ നായർക്കു വിവേകമുദിച്ചു. മകൾ ആത്മഹത്യ ചെയ്യുമോ എന്ന പേടിയും മാറി. സമരം ഒത്തുതീർപ്പാക്കി.

ബ്രിട്ടാസ് വെറും പൊട്ടാസാണെന്ന് ഇതോടെ വ്യക്തമായി. ഇതുപോലുളള പോങ്ങന്മാർ ഉപദേഷ്ടാക്കളായി തുടരുന്നു എങ്കിൽ പിണറായി പട്ടേലർ അഞ്ചു കൊല്ലം തികയ്ക്കില്ല.
എത്തപ്പൈക്കാർ ഇനി എന്തു ചെയ്യും? ലക്ഷ്മി രാജിവെച്ചില്ല എന്നു വാദിക്കാം, പക്ഷേ അതു വിലപ്പോകില്ല. കാരണം ഒരുമ്പിട്ടവളെ മേലിൽ മതിൽക്കെട്ടിനകത്തു കയറ്റില്ലെന്ന് സ്വന്തം തന്ത കടലാസിൽ എഴുതി കൊടുത്തിട്ടുണ്ട്. ലക്ഷ്മി തിരിച്ചു വന്നാൽ ഇടപെടുമെന്ന് മന്ത്രി സഖാവും രേഖാമൂലം സമ്മതിച്ചിട്ടുണ്ട്.

അതുകൊണ്ട് കുട്ടിസഖാക്കൾക്ക് ഇനി ചെയ്യാവുന്നത് എന്തെന്നാൽ പിരിച്ചുവിട്ട ലക്ഷ്മിയെ തിരിച്ചെടുപ്പിക്കാൻ സമരം ആരംഭിക്കാം.
പേരൂർക്കട മഹാലക്ഷ്മി അക്കാദമിയുടെ അഭിമാനം!
പിരിച്ചുവിട്ടത് അന്യായം!

തിരിച്ചെടുക്കൂ തിരിച്ചെടുക്കൂ പുരട്ചി തലൈവിയെ തിരിച്ചെടുക്കൂ.
തോറ്റിട്ടില്ലാ തോറ്റിട്ടില്ലാ വിദ്യാർഥി സമരം തോറ്റിട്ടില്ലാ..

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook