തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനവുമായി വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. പുരസ്‌കാര ജൂറി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ കാലാള്‍പ്പടയായി മാറിയെന്ന് അടൂര്‍ വിമര്‍ശിച്ചു. രാഷ്ട്രീയ പാര്‍ട്ടിയുടെ കാലാള്‍പ്പടയായി മാറിയവരാണ് ആര്‍ക്കൊക്കെ അവാര്‍ഡ് നല്‍കണമെന്ന് തീരുമാനിക്കുന്നത്. അവാര്‍ഡുകള്‍ നിര്‍ത്തലാക്കേണ്ട കാലം അതിക്രമിച്ചു. ചലച്ചിത്ര പുരസ്‌കാരത്തില്‍ രാഷ്ട്രീയം കടന്നുകൂടിയിട്ടുണ്ടെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

‘ജയ് ശ്രീറാം’ വിളി കൊലവിളിയായി മാറിയെന്നും ‘ജയ് ശ്രീറാം’ വിളിച്ചുകൊണ്ടുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുന്നു എന്നും ആരോപിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍ അടക്കമുള്ള 49 പ്രമുഖര്‍ പ്രധാനമന്ത്രിക്ക് നേരത്തെ കത്തയച്ചിരുന്നു. ഇതേ തുടര്‍ന്ന് കേന്ദ്രത്തില്‍ നിന്ന് അവാര്‍ഡുകളൊന്നും കിട്ടാത്തതുകൊണ്ടാണ് അടൂര്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും ‘ജയ് ശ്രീറാം’ വിളി കേള്‍ക്കേണ്ട എങ്കില്‍ പേരുമാറ്റി അടൂര്‍ ചന്ദ്രനിലേക്ക് പോകട്ടെ എന്നും ബിജെപി വക്താവ് ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

Read Also: ജയ് ശ്രീറാം എന്നത് കൊലവിളിയായി മാറി: പ്രധാനമന്ത്രിക്ക് പ്രമുഖരുടെ തുറന്ന കത്ത്

കേന്ദ്രത്തില്‍ നിന്ന് പുരസ്‌കാരങ്ങളൊന്നും ലഭിക്കാത്തതിനാലാണ് അടൂര്‍ ഇത്തരം കാര്യങ്ങള്‍ പറയുന്നതെന്ന ബി.ഗോപാലകൃഷ്ണന്റെ ആരോപണത്തിന് അടൂര്‍ വ്യക്തമായ മറുപടി നല്‍കിയിരുന്നു. ഒരു സിനിമാ സംവിധായകന്‍ എന്ന നിലയില്‍ ലഭിക്കാവുന്ന എല്ലാ പുരസ്‌കാരങ്ങളും ലഭിച്ചു കഴിഞ്ഞു. നേടാവുന്നതിന്റെ പരാമവധി നേടിയിട്ടുണ്ട്. ഇനിയൊന്നും തനിക്ക് ലഭിക്കാനില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook