ലക്‌നൗ: സോന്‍ഭദ്ര വെടിവെപ്പിന് ഉത്തരവാദികള്‍ കോണ്‍ഗ്രസാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭൂമിയുടെ പേരിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് 10 ആദിവാസി കര്‍ഷകരെയാണ് സോന്‍ഭദ്രയില്‍ വെടിവച്ച് കൊന്നത്.

ലക്‌നൗവില്‍ നി്ന്നും വായുമാര്‍ഗ്ഗം സോന്‍ഭദ്രയിലെത്തിയ യോഗി അവിടെ നിന്നും റോഡ്മാര്‍ഗ്ഗമാണ് ഉംഭ ഗ്രാമത്തിലെത്തിയത്. സംഭവസ്ഥലത്തെത്തിയ മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കണ്ടു. കേസിലെ മുഖ്യപ്രതിയായ ഗ്രാമത്തലവന്‍ യാഗ്യ ദത്ത് എസ്.പിയുടെ ആളാണെന്നും ആദിത്യനാഥ് പറഞ്ഞു.

കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് 18.50 ലക്ഷം രൂപയും പരുക്കേറ്റവരുടെ ബന്ധുക്കള്‍ക്ക് 2.5 ലക്ഷം രൂപയും നല്‍കുമെന്നും യോഗി ആദിത്യനാഥ് അറിയിച്ചു. നേരത്തെ അഞ്ച് ലക്ഷം രൂപയും 50000 രൂപയും നഷ്ടപരിഹാരമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അതേസമയം, സംഭവത്തില്‍ ആരേയും വെറുതെ വിടില്ലെന്നും ശക്തമായ നടപടി തന്നെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കണ്ടിരുന്നു. പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് 24 മണിക്കൂര്‍ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് പ്രിയങ്ക ഇരകളെ കണ്ടത്. എന്നാല്‍ പ്രിയങ്കയുടേത് മുതലക്കണ്ണീരാണെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പാപത്തിന്റെ ഫലമാണ് സംഭവമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

പിന്നാലെ മറുപടിയുമായി പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തു. ”ഇരകളുടെ നീതിക്കായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശബ്ദമുയര്‍ത്തിയതോടെയാണ് സര്‍ക്കാര്‍ കാര്യത്തിന്റെ ഗൗരവ്വം മനസിലാക്കിയത്. പ്രഖ്യാപനങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആദിവാസികള്‍ക്ക് ഭൂമിയുടെ ഉടമസ്ഥത ലഭിക്കണം, അവര്‍ക്ക് സുരക്ഷയും ഒരുക്കണം”.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook