ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമുവിനെ “രാഷ്ട്രപത്നി” എന്ന് വിളിച്ച തന്റെ പരാമർശം ബിജെപിയും കോൺഗ്രസും തമ്മിലൊരു പുതിയ യുദ്ധത്തിന് ഇടയാക്കിയെന്ന് അധീർ രഞ്ജൻ ചൗധരി. പരാമർശം തന്റെ നാക്ക് പിഴ ആയിരുന്നെന്നും വിലക്കയറ്റം പോലുള്ള വിഷയങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിന് ഭരണമുന്നണി അതിനെ ഉപയോഗിക്കുകയായിരുന്നെന്നും അധീർ രഞ്ജൻ ചൗധരി ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
“വിലക്കയറ്റം, കുതിച്ചുയരുന്ന തൊഴിലില്ലായ്മ, അഗ്നിപഥ് പദ്ധതി, പ്രതിപക്ഷ പാർട്ടികളെ കീഴ്‌പ്പെടുത്താൻ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നത് എന്നിവ ഉയർത്തി കാട്ടി കഴിഞ്ഞ ഒരാഴ്ചയായി ഞങ്ങൾ പാർലമെന്റിൽ ചർച്ച ആവശ്യപ്പെടുകയാണ്. എന്നാൽ ചർച്ച അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു സർക്കാർ. അതിനിടെ, സോണിയാ ഗാന്ധിയെ ഉപദ്രവിക്കാനും കോൺഗ്രസിനെ അപകീർത്തിപ്പെടുത്താനുമുള്ള ശ്രമത്തിന്റെ ഭാഗമായി ഇ ഡി വീണ്ടും ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി. സ്വാഭാവികമായും കോൺഗ്രസിന് നേരെ ഇത്തരത്തിൽ ക്രൂരമായ ആക്രമണം തുടരുമ്പോൾ നിശബ്ദരായി ഇരിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല.”, അധീർ ചൗധരി പറഞ്ഞു.
“തടയുമെന്ന് മനസിലാക്കിയാണ് രാഷ്‌ട്രപതി ഭവാനിലേക്ക് മാർച്ച് നടത്തിയത്. വിജയ് ചൗക്കിൽ പൊലീസ് ഞങ്ങളുടെ പ്രതിഷേധ മാർച്ച് തടഞ്ഞപ്പോൾ, ഞാൻ ഒരു മാധ്യമത്തിനോട് സംസാരിച്ചു, അവർ എന്താണ് ഞങ്ങളുടെ തന്ത്രമെന്ന് എന്നോട് ചോദിച്ചു. രാഷ്ട്രപതി-ജിയെ കാണലാണ് ഞങ്ങളുടെ അജണ്ടയെന്ന് ഞാൻ പറഞ്ഞു. ഞാൻ രണ്ടു പ്രാവശ്യം രാഷ്‌ട്രപതി എന്നും മൂന്നാം പ്രാവശ്യം രാഷ്‌ട്രപത്നി എന്നുമാണ് പറഞ്ഞത്. അതൊരു നാക്ക് പിഴ ആയിരുന്നു. ഞാൻ തെറ്റായ വാക്ക് ഉപയോഗിച്ചതായി മനസ്സിലാക്കി, റിപ്പോർട്ടറെ അന്വേഷിച്ചു (പക്ഷേ) അയാളെ കണ്ടെത്താനായില്ല. ഏതാനും മിനിറ്റുകൾക്ക് ശേഷം ഞങ്ങളെയെല്ലാം അറസ്റ്റ് ചെയ്തു. ബിജെപിയുടെ ‘പ്രോപഗണ്ട ചേമ്പറിൽ’ ഈ വിഷയം പുകഞ്ഞു തുടങ്ങിയത് അറിഞ്ഞിരുന്നില്ല.” എന്തുകൊണ്ടാണ് അത്തരമൊരു പരാമർശം നടത്തിയത് എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
രാഷ്ട്രപതിയെ ബോധപൂർവം അനാദരിച്ചുവെന്നും മുഴുവൻ ആദിവാസി സമൂഹത്തെയും സ്ത്രീകളെയും ദരിദ്രരെയും അധഃസ്ഥിതരെയും അവഹേളിച്ചുവെന്നുമുള്ള ബിജെപിയുടെ വാദം വിലക്കയറ്റം പോലുള്ള വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം മാത്രമാണെന്നും അധീർ ചൗദരി പറഞ്ഞു. തനിക്ക് രാഷ്ട്രപതിയോട് അങ്ങേയറ്റത്തെ ആദരവാണ് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ചോദ്യോത്തര വേളയിൽ, പൊതു പ്രാധാന്യമുള്ള വിഷയങ്ങൾ ഉന്നയിക്കാൻ ശ്രമിക്കുമ്പോൾ മറ്റു വിഷയങ്ങൾ അവതരിപ്പിക്കാൻ കഴിയില്ലെന്ന് പറഞ്ഞു അത് തടയുന്ന ഭരണപക്ഷം, അതെല്ലാം ലംഘിച്ച് സ്‌മൃതി ഇറാനിയുടെ നേതൃത്വത്തിൽ തനിക്കും സോണിയ ഗാന്ധിക്കും എതിരെ ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നു എന്നും അധീർ ചൗധരി കുറ്റപ്പെടുത്തി.
“ആക്രമണം തുടർന്നപ്പോൾ ഞാൻ എഴുന്നേറ്റു മറുപടി പറയാനുള്ള അവകാശം തേടി. എനിക്ക് അവസരം നിഷേധിക്കുകയും സഭ ഉച്ചവരെ നിർത്തിവെക്കുകയും ചെയ്തു. പിന്നീട്, എനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടി നൽകാൻ അനുവദിക്കണമെന്ന് അപേക്ഷിച്ച് ഞാൻ സ്പീക്കറുടെ അടുത്ത് പോയി. സോണിയാ ഗാന്ധിയും സ്പീക്കറുടെ അടുത്തെത്തി. “അധിറിന് മറുപടി നൽകാൻ അവസരം നൽകണം” എന്ന് അവരും പറഞ്ഞു. “ഇന്ന് ഞാൻ അനാഥനല്ലെന്ന് എനിക്ക് തോന്നി…സോണിയാ ഗാന്ധിയിൽ എന്റെ രക്ഷിതാവിനെ കണ്ടു.” ചൗധരി പറഞ്ഞു.
മാപ്പ് പറഞ്ഞു കൊണ്ടുള്ള തന്റെ വീഡിയോ ബിജെപിക്ക് ഉള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. “കപടനാട്യക്കാരോട് (ബിജെപി) മാപ്പ് ചോദിക്കുന്ന പ്രശ്നമില്ല. അത് നാക്ക് പിഴച്ചതാണെന്ന് ഞാൻ വ്യക്തമായി പറഞ്ഞു. എനിക്ക് ഹിന്ദി വശമില്ല. അതൊരു നാക്ക് പിഴ ആയിരുന്നു; എനിക്ക് ദുരുദ്ദേശവും ഇല്ലായിരുന്നു. എന്റെ പാർട്ടിയുടെ നേതാവും ഒരു സ്ത്രീയാണ്. എനിക്ക് എങ്ങനെ സ്ത്രീകളെ അനാദരിക്കാൻ കഴിയും?” അധീർ ചൗധരി ചോദിച്ചു.
ഇന്നലെയാണ് പാർലമെന്റിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പരാമർശത്തിൽ ചൗധരിയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഭരണപക്ഷ എം എല്‍ എമാർ ബഹളം വെക്കുകയായിരുന്നു.
അതേസമയം, സംഭവത്തിൽ ദേശീയ വനിതാ കമ്മിഷൻ സ്വമേധയാകേസെടുത്തിട്ടുണ്ട്. കമ്മിഷൻ ചൗധരിക്ക് നോട്ടീസ് നൽകുകയും ഓഗസ്റ്റ് മൂന്നിന് ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തു. പരാമർശത്തിൽ രേഖാമൂലം വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ, രാഷ്ട്രപതിക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയതിന് ബിജെപി പ്രവർത്തകരുടെ പരാതിയിന്മേൽ മധ്യപ്രദേശ് പൊലീസ് ചൗധരിക്ക് എതിരെ കേസെടുത്തിട്ടുണ്ട്.