ന്യൂഡല്‍ഹി: 2016 മുതലുള്ള ഒരു അദാനി കമ്പനിക്കെതിരെയും അന്വേഷണം നടത്തിയിട്ടില്ലെന്ന് സെക്യൂരിറ്റി ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) സുപ്രീംകോടതിയില്‍. വിഷയത്തില്‍ മുന്‍ പ്രസ്താവന തെറ്റാണെന്നും സെബി സുപ്രീം കോടതിയില്‍ മറുപടി നല്‍കിയതായി ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്തു. അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ആരോപണങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തേക്ക് നീട്ടിനല്‍കണമെന്ന റെഗുലേറ്ററുടെ അപേക്ഷ സിജെഐ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള എസ്സി ബെഞ്ച് ഉടന്‍ പരിഗണിക്കും.
വിഷയത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം നീട്ടി നല്‍കണമെന്ന് സെബി ആവര്‍ത്തിച്ചു. അന്വേഷണം പൂര്‍ത്തിയാക്കണമെന്ന സെബി ആവശ്യപ്പെട്ട ആറ് മാസത്തെ സമയം നീട്ടിനല്‍കാന്‍ കഴിയില്ലെന്ന് വെള്ളിയാഴ്ച സുപ്രീം കോടതി പറഞ്ഞിരുന്നു.
‘ഞങ്ങള്‍ക്ക് ഇപ്പോള്‍ 6 മാസം അനുവദിക്കാന്‍ കഴിയില്ല. ജോലിയില്‍ അല്‍പം ജാഗ്രത വേണം. ഒരു ടീമിനെ ചേര്‍ക്കുക. ഓഗസ്റ്റ് പകുതിയോടെ കേസ് ലിസ്റ്റ് ചെയ്ത് റിപ്പോര്‍ട്ട് നല്‍കാം. 6 മാസം മിനിമം സമയം നല്‍കാനാവില്ല. സെബിക്ക് അനിശ്ചിതമായി സമയം എടുക്കാന്‍ കഴിയില്ല, ഞങ്ങള്‍ മൂന്ന് മാസത്തെ സമയം നല്‍കും, ” ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. അദാനിക്കെതിരായ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി നീട്ടി നല്‍കണമെന്ന് സെബിയുടെ അപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു ബെഞ്ചിന്റെ നിരീക്ഷണം. .
വ്യവസായ പ്രമുഖനായ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് കമ്പനികൾ വന്‍തോതിലുള്ള സ്റ്റോക്ക് കൃത്രിമത്വവും അക്കൗണ്ടിംഗ് തട്ടിപ്പും നടത്തിയെന്ന് യുഎസ് ആസ്ഥാനമായുള്ള ഷോര്‍ട്ട് സെല്ലര്‍ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ആരോപിച്ചിരുന്നു. ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിവിലയിടിഞ്ഞ പശ്ചാത്തലത്തില്‍ സമഗ്രമായ അന്വേഷണത്തിനാണ് മാര്‍ച്ച് രണ്ടിന് സുപ്രീംകോടതി ഉത്തരവിട്ടത്.