ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉന്നയിച്ച ആരോപണങ്ങളുടെ വെളിച്ചത്തില്‍ അദാനി ഗ്രൂപ്പ് ഓഫ് കമ്പനികള്‍ക്കെതിരെ അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന കോണ്‍ഗ്രസ് നേതാവിന്റെ ഹര്‍ജി ഫെബ്രുവരി 17 നു വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു.
ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന കോണ്‍ഗ്രസ് നേതാവ് ജയ താക്കൂറിന്റെ അഭിഭാഷകന്റെ വാദങ്ങള്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് പി എസ് നരസിംഹവും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചു.
ഫെബ്രുവരി 24 നു പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കാന്‍ ആദ്യം സമ്മതിച്ച ബെഞ്ച്, മറ്റു രണ്ടു പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ ഫെബ്രുവരി 17 നു പരിഗണിക്കാന്‍ മാറ്റിയിട്ടുണ്ടെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച വാദം കേള്‍ക്കാന്‍ തീരുമാനിച്ചു.
അദാനി എന്റര്‍പ്രൈസസില്‍ വന്‍തോതില്‍ പൊതുപണം നിക്ഷേപിച്ച ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ ഐ സി), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) എന്നിവയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കാനും ഹര്‍ജി ആവശ്യപ്പെടുന്നു.
ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ തട്ടിപ്പ് ആരോപണങ്ങളെത്തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികള്‍ തകര്‍ന്നതിനെത്തുടര്‍ന്ന് ഓഹരി വിപണിയുടെ നിയന്ത്രണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതു പരിശോധിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കാനുള്ള സുപ്രീം കോടതിയുടെ നിര്‍ദേശം തിങ്കളാഴ്ച കേന്ദ്രം അംഗീകരിച്ചിരുന്നു.