ശതകോടീശ്വരൻ ഗൗതം അദാനിയും ടെലികോം സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കാൻ ഒരുങ്ങുന്നതായി വിവരം. മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയ്ക്കും സുനിൽ ഭാരതി മിത്തലിന്റെ എയർടെല്ലിനും വെല്ലുവിളി ഉയർത്തുന്നതാകും അദാനി ഗ്രൂപ്പിന്റെ വരവ്.
ജൂലൈ 26 ന് നടക്കുന്ന 5ജി സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കുന്നതിനുള്ള അപേക്ഷകൾ നൽകേണ്ട അവസാന ദിവസം ഇന്നലെ ആയിരുന്നു. നാല് കമ്പനികളാണ് ലേലത്തിൽ പങ്കെടുക്കാൻ അപേക്ഷ നൽകിയത്. ടെലികോം മേഖലയിലെ മൂന്ന് സ്വകാര്യ കമ്പനികളായ ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയാണ് അപേക്ഷ നൽകിയ മൂന്ന് കമ്പനികൾ ഇതിനു പുറമെ അദാനി ഗ്രൂപ്പും അപേക്ഷ നൽകിയതായാണ് റിപ്പോർട്ട്. അടുത്തിടെ അദാനി ഗ്രൂപ്പ് നാഷണല്‍ ലോങ് ഡിസ്റ്റന്‍സ് (എന്‍എല്‍ഡി), ഇന്റര്‍നാഷണല്‍ ലോങ് ഡിസ്റ്റന്‍സ്(ഐഎല്‍ഡി) ലൈസന്‍സുകള്‍ നേടിയിട്ടുണ്ടെന്നാണ് വിവരം. എന്നാൽ ഇത് സ്വതന്ത്രമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
ജൂലൈ 12 ന് ലേലത്തിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കും. അപ്പോൾ മാത്രമേ ഇതിൽ വ്യക്തത വരുകയുള്ളു. ജൂലൈ 26ന് ആരംഭിക്കുന്ന ലേലത്തിൽ കുറഞ്ഞത് 4.3 ലക്ഷം കോടി രൂപ വിലമതിക്കുന്ന 72,097.85 മെഗാഹെർട്സ് സ്പെക്ട്രങ്ങളാണ് ലേലം ചെയ്യുക.
600 മെഗാഹെര്‍ട്സ്, 700 മെഗാഹെര്‍ട്സ്, 800 മെഗാഹെര്‍ട്സ്, 900 മെഗാഹെര്‍ട്സ്, 1800 മെഗാഹെര്‍ട്സ്, 2100 മെഗാഹെര്‍ട്സ്, 2300 മെഗാഹെര്‍ട്സ് തുടങ്ങിയ ലോ ഫ്രീക്വന്‍സികള്‍ക്കും, 3300 മെഗാഹെര്‍ട്സ് മിഡ്റേഞ്ച് ഫ്രീക്വന്‍സിക്കും 26 ഗിഗാഹെര്‍ട്സ്) ഹൈ റേഞ്ച് ഫ്രീക്വന്‍സി ബാൻഡുകളിലുമുള്ള സ്പെക്ട്രങ്ങൾക്കായാണ് ലേലം നടക്കുന്നത്.
ഗുജറാത്തിൽ നിന്നുള്ള രണ്ട് വലിയ ബിസിനസ് ഗ്രൂപ്പുകളാണ് അംബാനിയും അദാനിയും. അടുത്ത കാലം വരെ ഇവർ നേരിട്ട് ഏറ്റുമുട്ടിയിരുന്നില്ല. അംബാനി എണ്ണ, പെട്രോകെമിക്കൽസ് ബിസിനസിൽ നിന്ന് ടെലികോം, റീട്ടെയിൽ മേഖലയിലേക്ക് വ്യാപിച്ചപ്പോൾ, അദാനി തുറമുഖത്തിൽ നിന്ന് കൽക്കരി, ഊർജ്ജ വിതരണം, വ്യോമയാനം എന്നിവയിലേക്ക് വ്യാപിക്കുകയായിരുന്നു. എന്നാൽ പുതിയ താൽപര്യങ്ങൾ ഉയർന്നുവന്നതോടെ അവരും നേരിട്ടുള്ള പോരാട്ടത്തിലേക്ക് കടക്കുകയാണ്. ജൂലൈ 26ന് നടക്കുന്ന ലേലത്തിൽ ജിയോക്ക് ശക്തമായ വെല്ലുവിളിയാകുന്നത് അദാനി ഗ്രുപ്പ് ആയിരിക്കും.