ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ സെബിക്ക് (സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി. അദാനി ഗ്രൂപ്പ് ഒരു ലംഘനവും നടത്തിയിട്ടില്ലെന്നും വിപണി നിയന്ത്രിക്കുന്ന സെബിയുടെ വ്യവസ്ഥകളില്‍ എന്തെങ്കിലും വീഴ്ച സംഭവിച്ചതായി നിഗമനത്തിലെത്താന്‍ സാധിക്കില്ലെന്നും സുപ്രീംകോടതി നിയമിച്ച പാനല്‍ വ്യക്തമാക്കി.
അദാനി ഗ്രൂപ്പിന്റെ വഞ്ചന, സ്റ്റോക്ക് മാര്‍ക്കറ്റ് കൃത്രിമം, ഓഫ്ഷോര്‍ സ്ഥാപനങ്ങളുടെ അനുചിതമായ ഉപയോഗം എന്നിവ ആരോപിച്ച് യുഎസ് ഷോര്‍ട്ട് സെല്ലര്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സുപ്രീം കോടതി സമിതിയെ നിയോഗിച്ചത്. ജനുവരി 24 ന് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം ഇന്ത്യന്‍ ഓഹരി വിപണി അസ്ഥിരമായിരുന്നില്ലെന്നാണ് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ജസ്റ്റിസ് എ.എം സാപ്രെ അധ്യക്ഷനായ സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ടിലാണ് വിലയിരുത്തല്‍.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വന്നതിന് ശേഷം ഓഹരിവിപണിയുമായി ബന്ധപ്പെട്ട് സെബിക്ക് ഏതെങ്കിലും തരത്തിലുള്ള വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നത്. അന്വേഷണം നടത്തിയശേഷം സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ ഘട്ടത്തില്‍ സെബിക്ക് വീഴ്ച പറ്റിയെന്ന് പറയാനാകില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളത്. ഓഹരിവില നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു ക്രമക്കേടും സെബിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സെബിയുടെ വിശദീകരണം അടക്കം പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
അതേസമയം, അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ ആരോപണങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്ക്(സെബി) സുപ്രീം കോടതി ഓഗസ്റ്റ് 14 വരെ സമയം അനുവദിച്ചിരുന്നു. 2 മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നായിരുന്നു മാര്‍ച്ച് 2ലെ ഉത്തരവ്. എന്നാല്‍, 6 മാസം കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സെബി കത്തു നല്‍കിയിരുന്നു.