ന്യൂഡല്‍ഹി: അമേരിക്കന്‍ ഫൊറന്‍സിക് ഫിനാന്‍ഷ്യല്‍ റിസര്‍ച്ച് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് സൃഷ്ടിച്ച പ്രതിസന്ധി മറികടന്ന് അദാനി ഗ്രൂപ്പ്. അദാനി ഗ്രൂപ്പിലെ മുന്‍നിര കമ്പനിയായ അദാനി എന്റര്‍പ്രൈസസിന്റെ ഫോളോ ഓണ്‍ പബ്ലിക് ഓഫറി(എഫ് പി ഒ)ല്‍ വില്‍പ്പനയ്ക്കുവച്ച ഓഹരികള്‍ക്കു മുഴുവന്‍ ആവശ്യക്കാരെത്തി.
എഫ് പി ഒ വഴി ഇരുപതിനായിരം കോടി രൂപ സമാഹരിക്കാനായിരുന്നു അദാനി ഗ്രൂപ്പ് ലക്ഷ്യമിട്ടിരുന്നത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് എഫ് പി ഒയുടെ ആദ്യ രണ്ടു ദിവസങ്ങളില്‍ ഓഹരികള്‍ക്ക് ആവശ്യക്കാര്‍ കുറവായിരുന്നു. എന്നാല്‍, മൂന്നാം ദിനമായ ഇന്ന് നിക്ഷേപകര്‍ കൂട്ടത്തോടെയെത്തിയതോടെ സബ്സ്‌ക്രിപ്ഷന്‍ പൂര്‍ണമായി.
4.55 കോടി ഓഹരികളാണ് ഓഫറില്‍ വില്‍ക്കാന്‍ ലക്ഷ്യമിട്ടിരുന്നതെങ്കില്‍ 4.62 കോടി ഓഹരികള്‍ക്ക് ആവശ്യക്കാരെത്തിയെന്നാണു ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്.
നോണ്‍-ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപ വിഭാഗത്തില്‍ നീക്കിവച്ച 96.16 ലക്ഷം ഓഹരികളുടെ മൂന്നിരട്ടിയിലധികം ആവശ്യക്കാരെത്തിയതായി ബി എസ് ഇ ഡേറ്റ വ്യക്തമാക്കുന്നു. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയര്‍ (ക്യു ഐ ബി)മാര്‍ക്കു മാറ്റിവച്ച 1.28 കോടി ഓഹരികള്‍ ഏകദേശം പൂര്‍ണമായി സബ്സ്‌ക്രൈബ് ചെയ്യപ്പെട്ടു.
അതേസമയം, റീട്ടെയില്‍ നിക്ഷേപകരില്‍നിന്നും കമ്പനി ജീവനക്കാരില്‍നിന്നും കാര്യമായ പ്രതികരണമുണ്ടായില്ല. റീട്ടെയില്‍ നിക്ഷേപകര്‍ക്കായി നീക്കിവച്ച 2.29 കോടി ഓഹരികളില്‍ വെറും 11 ശതമാനത്തിനാണ് അപേക്ഷകരെത്തിയത്. ജീവനക്കാര്‍ക്കെു നീക്കിവച്ച 1.6 ലക്ഷം ഓഹരികളില്‍ 52 ശതമാനത്തിനു മാത്രമേ ആവശ്യക്കാരുണ്ടായുള്ളൂ.
സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത കമ്പനികള്‍ പൊതുജനങ്ങള്‍ക്കായി വീണ്ടും ഓഹരികള്‍ വില്‍ക്കുന്ന പ്രക്രിയയാണു ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ അഥവാ എഫ് പി ഒ. ഇത്തരത്തില്‍ സമാഹരിക്കുന്ന അധിക മൂലധനം പുതിയ പദ്ധതികള്‍ക്കുവേണ്ടിയോ കടങ്ങള്‍ തീര്‍ക്കാനോ ആണു സാധാരണഗതിയില്‍ കമ്പനികള്‍ ഉപയോഗിക്കുന്നത്.
ജനുവരി 24 നാണ് അദാനിക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് 106 പേജുള്ള റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്നത്. അദാനി ഗ്രൂപ്പിന്റെ ‘അപകടമായ ഓഹരി കൃത്രിമത്വവും അക്കൗണ്ടിങ് തട്ടിപ്പും’ ചൂണ്ടിക്കാണിച്ചായിരുന്നു റിപ്പോര്‍ട്ട്. ഇതേത്തുടർന്ന് അദാനി ഗ്രൂപ്പിന്റെ പ്രമുഖ കമ്പനികൾക്ക് ഓഹരി വിപണിയിൽ വൻ നഷ്ടം നേരിട്ടിരുന്നു.
എന്നാൽ റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ ‘ഇന്ത്യക്കെതിരായ ആക്രമണം’ എന്നായിരുന്നു ഇതിനോടുള്ള അദാനി ഗ്രൂപ്പിന്റെ പ്രതികരണം. ഇതിനു, ദേശീയതയുടെ മറവില്‍ രാഷ്ട്രത്തെ ആസൂത്രിതമായി കൊള്ളയടിക്കുന്ന അദാനി ഗ്രൂപ്പാണ് ഇന്ത്യയുടെ ഭാവിയെ പിന്നോട്ടടിക്കുന്നതെന്നു ഹിന്‍ഡന്‍ബര്‍ഗ് തിരിച്ചടിച്ചിരുന്നു.