ന്യൂഡല്‍ഹി: ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ ഇന്റര്‍സെപ്റ്ററായ എ ഡി-1 വിജയരമായി പരീക്ഷിച്ച് പ്രതിരോധ ഗവേഷണ വികസന സംഘടന (ഡി ആര്‍ ഡി ഒ). ഒഡിഷ തീരത്തെ എ പി ജെ അബ്ദുള്‍കലാം ദ്വീപില്‍നിന്നായിരുന്നു മിസൈലിന്റെ കന്നി വിക്ഷേപണം.
ഫേസ്-2 ബാലിസ്റ്റിക് മിസൈല്‍ ഡിഫന്‍സ് (ബി എം ഡി) ഇന്റര്‍സെപ്റ്ററാണു എ ഡി-1. ഭൂമിശാസ്ത്രപരമായി വ്യത്യസ്ത സ്ഥലങ്ങളില്‍ സ്ഥിതി ചെയ്യുന്ന എല്ലാ ബി എം ഡി ആയുധ സംവിധാന ഘടകങ്ങളുടെയും പങ്കാളിത്തത്തോടെയായിരുന്നു ആദ്യ പരീക്ഷണ വിക്ഷേപണമെന്നു പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
വിമാനങ്ങളെയും ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകളെയും ഭൗമാന്തരത്തിനു 100 കിലോ മീറ്ററിനുള്ളിലും അതിനു തൊട്ടുമുകളിലുള്ള പാളിയിലും പ്രതിരോധിക്കാന്‍ കഴിയുന്ന തരത്തിലാണു എ ഡി-1 രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. രണ്ടു ഘട്ടമായി പ്രവര്‍ത്തിക്കുന്ന ഖര മോട്ടോറാണു മിസൈലിന്റെ ശക്തി. തദ്ദേശീയമായി വികസിപ്പിച്ച നൂതന നിയന്ത്രണ സംവിധാനവും നാവിഗേഷനും ഗൈഡന്‍സ് അല്‍ഗോരിതവും മിസൈലിനെ ലക്ഷ്യത്തിലേക്കു കൃത്യമായി നയിക്കുന്നു.
എല്ലാ ഉപ-സംവിധാനങ്ങളും പരീക്ഷണ വിക്ഷേപണ സമയത്ത് പ്രതീക്ഷിച്ചതുപോലെ പ്രവര്‍ത്തിച്ചതായും ഇതു റഡാര്‍, ടെലിമെട്രി, ഇലക്ട്രോ ഒപ്റ്റിക്കല്‍ ട്രാക്കിങ് സ്റ്റേഷനുകള്‍ എന്നിവയുള്‍പ്പെടെ നിരവധി റേഞ്ച് സെന്‍സറുകള്‍ മുഖേനെ ലഭിച്ച ഡേറ്റ ഉപയോഗിച്ച് വിലയിരുത്തിയതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ന്യൂ ജനറേഷന്‍ ബാലിസ്റ്റിക് മിസൈല്‍ അഗ്‌നി പ്രൈം ഒക്ടോബര്‍ രണ്ടിന് ഒഡിഷ തീരത്ത് ഡി ആര്‍ ഡി ഒ വിജയകരമായി പരീക്ഷിച്ചിരുന്നു. ഡി ആര്‍ ഡി ഒ തന്നെ വികസിപ്പിച്ച ബാലസ്റ്റിക് മിസൈലായ അഗ്നിയുടെ പുതിയ പതിപ്പാണിത്.