മുംബൈ: ശ്രീദേവി ഇനി ഓർമകളിൽ. അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം പവന്‍ ഹൻസ് സമുച്ചയത്തിനു സമീപം വിലെ പാര്‍ലെ ശ്മശാനത്തിൽ സംസ്കരിച്ചു. ഔദ്യോഗിക ബഹുമതികളോടുകൂടിയായിരുന്നു സംസ്കാരം.

അന്ധേരിയില്‍ സെലിബ്രേഷന്‍ സ്പോര്‍ട്സ് ക്ലബ്ബില്‍ പൊതുദര്‍ശനത്തിനുശേഷം വിലാപയാത്രയായാണ് മൃതദേഹം ശ്മശാനത്തിൽ എത്തിച്ചത്. വെളളപ്പൂക്കൾ കൊണ്ട് അലങ്കരിച്ച വാഹനത്തിലായിരുന്നു ശ്രീദേവിയുടെ മൃതദേഹം ശ്മാശനത്തിലേക്ക് എത്തിച്ചത്. പ്രമുഖ സിനിമാ താരങ്ങളും ആരാധകരും വിലാപയാത്രയെ അനുഗമിച്ചു.

കാഞ്ചീപുരം സാരിയുടുപ്പിച്ച് ആഭരണങ്ങളും അണിയിച്ചാണ് ശ്രീദേവിയുടെ ഭൗതിക ശരീരം ബന്ധുക്കൾ പൊതുദർശനത്തിന് വച്ചത്. ഇന്ത്യൻ സിനിമാ ലോകത്തെ ഒട്ടുമിക്ക താരങ്ങളും പ്രിയ നടിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി. ആരാധകരായ ആയിരങ്ങളും ശ്രീദേവിയെ അവസാനമായി ഒരു നോക്ക് കാണാൻ സെലിബ്രേഷൻ ക്ലബ്ബിലേക്ക് ഒഴുകിയെത്തി. വിവിധ സംസ്ഥാനങ്ങളിൽനിന്നുളള ആരാധകരാണ് ശ്രീദേവിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ മുംബൈയിലേക്ക് എത്തിയത്.

അനില്‍ അംബാനിയുടെ സ്വകാര്യ വിമാനത്തില്‍ ഇന്നലെ രാത്രി 9.20ഓടെയാണ് മൃതദേഹം ദുബായില്‍ നിന്നും മുംബൈയിലെത്തിച്ചത്. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറും സഹോദരന്‍ അനില്‍ കപൂറും മക്കളും ചേര്‍ന്നാണ് ‌മുംബൈയിലെ വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം ഏറ്റുവാങ്ങിയത്.

ഫെബ്രുവരി 25 ശനിയാഴ്ചയാണ് ദുബായിൽ താമസിച്ചിരുന്ന ഹോട്ടൽ മുറിയിലെ ശുചിമുറിയിലെ ബാത്ത് ടബ്ബിൽ ബോധരഹിതയായ നിലയിൽ ശ്രീദേവിയെ ഭർത്താവ് ബോണി കപൂർ കണ്ടത്. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

1963ല്‍ തമിഴ് നാട്ടിലെ ശിവകാശിയില്‍ ജനിച്ച ശ്രീദേവി നാല് വയസ്സില്‍ ‘തുണൈവന്‍’ എന്ന ചിത്രത്തില്‍ ബാല താരമായി സിനിമയില്‍ എത്തി. മലയാളത്തില്‍ ‘പൂമ്പാറ്റ’ എന്ന ചിത്രത്തില്‍ മികച്ച ബാലനടിയ്ക്കുള്ള അവാര്‍ഡ്‌ കരസ്ഥമാക്കി. 1975ല്‍ ബോളിവുഡില്‍ രംഗപ്രവേശം, ‘ജൂലി’ എന്ന ചിത്രത്തിലൂടെ.

തമിഴില്‍ കെ.ബാലചന്ദര്‍ സംവിധാനം ചെയ്ത ‘മൂട്രു മുടിച്ച്‌’ ആണ് നായികയായി അഭിനയിച്ച ആദ്യ ചിത്രം. മലയാളത്തില്‍ ‘ദേവരാഗം’, ‘നാല് മണിപ്പൂക്കള്‍’, ‘സത്യവാന്‍ സാവിത്രി’, അംഗീകാരം എന്നിവയുള്‍പ്പടെ 25 ചിത്രങ്ങളില്‍ വേഷമിട്ടു. ഏറ്റവും തിളങ്ങിയത് ഹിന്ദിയില്‍. ബോളിവുഡിന്‍റെ ആദ്യ വനിതാ സൂപ്പര്‍ സ്റ്റാര്‍ ആയി വളര്‍ന്നു. വിവാഹാനന്തരമുള്ള തിരിച്ചു വരവിലെ ചിത്രം ‘ഇംഗ്ലീഷ് വിംഗ്ലീഷ്’, ‘ഖുദാ ഗവാ’, ‘ലംഹെ’, ‘ചാല്‍ബാസ്’, ‘ചാന്ദ്നി’ എന്നിവയാണ് പ്രധാന ചിത്രങ്ങളില്‍ ചിലത്. 2017ല്‍ പുറത്തിറങ്ങിയ ‘മോം’ ആണ് അവസാന ചിത്രം.

2013 ല്‍ പദ്മശ്രീ കൂടാതെ ഒട്ടനേകം ദേശീയ, അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ക്ക് അര്‍ഹയായി. നിര്‍മ്മാതാവ്‌ ബോണി കപൂര്‍ ആണ് ഭര്‍ത്താവ്. മക്കള്‍ ജാന്‍വി, ഖുഷി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook