ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ അക്രമ സംഭവങ്ങളില്‍ പ്രതികരണവുമായി നടി കങ്കണ റണാവത്ത്. ഇത്തരം സംഭവങ്ങളെല്ലാം ക്യാംപസുകളില്‍ നടക്കുന്നതാണെന്ന് കങ്കണ പറഞ്ഞു. ജെഎന്‍യു വിഷയത്തെ നിസാരവത്കരിക്കുന്ന പ്രതികരണമാണ് നടിയുടേത്.
“ജെഎന്‍യുവില്‍ മുഖംമൂടി ധരിച്ച ഒരു സംഘം അക്രമങ്ങള്‍ നടത്തിയെന്നാണ് പറയുന്നത്. അക്രമങ്ങളുടെ ഒരു വശത്ത് ജെഎന്‍യുവും മറ്റേവശത്ത് എബിവിപിയുമാണെന്നാണ് അന്വേഷണങ്ങളില്‍ നിന്ന് വ്യക്തമായിരിക്കുന്നത്. കോളേജ് കാലഘട്ടത്തില്‍ സംഘം ചേര്‍ന്നുള്ള ആക്രമണങ്ങളെല്ലാം സര്‍വസാധാരണമാണ്. എന്റെ കോളേജ് കാലഘട്ടത്തില്‍ ആരെ വേണമെങ്കിലും ബോയ്സ് ഹോസ്റ്റലില്‍ പട്ടാപ്പകല്‍ ഓടിച്ചിട്ടു കൊല്ലാമെന്ന അവസ്ഥയായിരുന്നു” കങ്കണ പറഞ്ഞു.
“കോളേജിൽ പഠിക്കുന്ന സമയത്ത് ഒരു യുവാവിനെ ആള്‍ക്കൂട്ടം തല്ലിയോടിച്ചു കയറ്റിയത് ഞങ്ങള്‍ താമസിക്കുന്ന ഹോസ്റ്റലിലേക്കാണ്. ഞങ്ങളുടെ വാര്ഡന് ഇടപെട്ടാണ് ആ യുവാവിനെ മരണത്തില്‍ നിന്നു രക്ഷിച്ചത്. കോളേജുകളിൽ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ സാധാരണ വിഷയമാണ്. സംഘം ചേർന്ന് പരസ്പരം ആക്രമിക്കുന്നതെല്ലാം സാധാരണ നടക്കുന്ന കാര്യങ്ങളാണ്. അതൊന്നും ദേശീയ പ്രശ്നമായി കാണേണ്ടതില്ല. അക്രമം അതിരുവിട്ടാൽ പൊലീസ് അവരിൽ കുറച്ചുപേരെ കസ്റ്റഡിയിലെടുക്കണം. എന്നിട്ട് അത്തരക്കാരെ തല്ലിച്ചതയ്ക്കണം. പ്രശ്നമുണ്ടാക്കുന്ന ആളുകൾ എല്ലാ തെരുവുകളിലും കോളേജുകളിലും ഉണ്ട്” കങ്കണ റണാവത്ത് പറഞ്ഞു.
ജെഎൻയു അക്രമ സംഭവങ്ങളിൽ നടി ദീപിക പദുക്കോൺ നേരത്തെ പ്രതികരിച്ചിരുന്നു. ജെഎൻയു വിദ്യാർഥികൾക്ക് ഐക്യദാർഢ്യവുമായി ദീപിക ഡൽഹിയിലെത്തി സമരം നടത്തുന്നവരെ കാണുകയും ചെയ്തു. ഇതിനുപിന്നാലെ ദീപികയെ വിമർശിച്ച് വിവിധ വലതുപക്ഷ ഗ്രൂപ്പുകളും ചില ബിജെപി നേതാക്കളും രംഗത്തെത്തി. ദീപിക പദുകോണിന്റെ പുതിയ ചിത്രം ‘ഛപാക്’ ബഹിഷ്കരിക്കാൻ പല നേതാക്കളും ആവശ്യപ്പെട്ടിരുന്നു.