scorecardresearch

Latest News

നടിയെ ആക്രമിച്ച കേസ്: വിചാരണ നീട്ടണമെന്ന സര്‍ക്കാര്‍ ആവശ്യം സുപ്രീം കോടതി തള്ളി

ആവശ്യമെങ്കില്‍, വിചാരണ ജഡ്ജിക്കു സുപ്രീം കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കറും ജസ്റ്റിസ് സി ടി രവികുമാറും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി

Actress Attack Case, Dileep, Crime branch interrogation, Kerala High Court

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച് ബലാത്സംഗം ചെയ്ത കേസില്‍ വിചാരണയ്ക്കുള്ള കൂടുതല്‍ സമയം വേണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ഇക്കാര്യത്തില്‍ വിചാരണക്കോടതി ആവശ്യപ്പെട്ടാല്‍ സമയം നീട്ടിനല്‍കുമെന്നു ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കറും ജസ്റ്റിസ് സി ടി രവികുമാറും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

ആവശ്യമെങ്കില്‍, വിചാരണാ സമയം നീട്ടുന്നതിനു വിചാരണ ജഡ്ജിക്കു സുപ്രീം കോടതിയെ സമീപിക്കാമെന്നും സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിക്കാനാവില്ലെന്നും പറഞ്ഞ ബെഞ്ച് ഹര്‍ജി തീര്‍പ്പാക്കി. വിഷയത്തില്‍ ഉചിതമായ വീക്ഷണം സ്വീകരിക്കുന്നത് വിചാരണ കോടതിയുടെ വിവേചനാധികാരത്തിന് വിടുന്നതായി ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി.

കേസില്‍ വിചാരണയുടെ കാലാവധി ആറ് മാസം കൂടി നീട്ടണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. നിലവില്‍, ഫെബ്രുവരി 16 വരെയാണ് വിചാരണയുടെ സമയപരിധി.

”സംസ്ഥാനത്തിന്റെ ആവശ്യത്തിന്റെ സാഹചര്യത്തില്‍ വിചാരണക്കാലാവധി നീട്ടിനല്‍കാനുള്ള ഉത്തരവ് പുറപ്പെടുവിക്കില്ല. ജഡ്ജി സമയം ചോദിച്ചാല്‍ ഞങ്ങള്‍ പരിഗണിക്കും,” ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ വാക്കാല്‍ നിരീക്ഷിച്ചു.

Also Read: നടിയെ ആക്രമിച്ച കേസ്: വിസ്താരം പൂർത്തിയാക്കാൻ കൂടുതൽ സമയം വേണം; പ്രോസിക്യൂഷൻ കോടതിയിൽ

കേരളത്തിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയാണ് ഹാജരായത്. വിചാരണാ സമം നീട്ടണമെന്ന അദ്ദേഹത്തിന്റെ ആവശ്യത്തെ, നടന്‍ ദിലീപിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി എതിര്‍ത്തു. വിചാരണ സര്‍ക്കാര്‍ പലവിധത്തിലും വൈകിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

”ആദ്യം ജഡ്ജിയെ മാറ്റാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. രണ്ടാമതായി പ്രോസിക്യൂട്ടറുടെ രാജി. കേസില്‍ ഇതിനകം നാലുതവണ സമയം നീട്ടിനല്‍കി. സര്‍ക്കാര്‍ മോശം കളി കളിക്കുകയാണ്,” റോത്തഗി വാദിച്ചു.

200 സാക്ഷികളെ വിസ്തരിച്ചശേഷം, വിചാരണയുടെ അവസാന ഘട്ടത്തില്‍ മറ്റൊരാള്‍ പുതിയ ആരോപണങ്ങളുമായി പ്രത്യക്ഷപ്പെട്ടു. ദിലീപിനെതിരെ സര്‍ക്കാര്‍ ‘മാധ്യമ വിചാരണ’ നടത്തുകയാണെന്നും റോത്തഗി കുറ്റപ്പെടുത്തി.

സംസ്ഥാനത്തിന്റെ അപേക്ഷ മാറ്റിവയ്ക്കണമെന്നു ജയ്ദീപ് ഗുപ്ത ആവശ്യപ്പെട്ടു. എന്നാല്‍ അപേക്ഷ തീര്‍പ്പാക്കിയില്ലെങ്കില്‍ അത് മറ്റൊരു അര്‍ത്ഥം നല്‍കുമെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടിയതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.

Also Read: ഗൂഢാലോചനക്കേസ്: ചോദ്യം ചെയ്യൽ രണ്ടാം ദിനം, ദിലീപ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Actress attack case trial time extension supreme court