scorecardresearch
Latest News

Top News Highlights: വിഭാഗീയതയും വ്യക്തി കേന്ദ്രീകരണ രീതിയും പാര്‍ട്ടിയില്‍ ഇല്ല: കാനം രാജേന്ദ്രന്‍

സിപിഐയില്‍ കാനം-സി.ദിവാകരന്‍ പോര് രൂക്ഷമായിരിക്കേയാണ് മുന്നറിയിപ്പുമായി കാനം രാജേന്ദ്രനെത്തിയത്

Kanam Rajendran, CPI

Top News Highlights: സിപിഐ സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായുണ്ടായ വിവാദങ്ങളില്‍ പ്രതികരിച്ച് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിഭാഗീയതയും വ്യക്തി കേന്ദ്രീകരണ രീതിയും പാര്‍ട്ടിയില്‍ ഇല്ലെന്നും അത്തരക്കാര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാവില്ലെന്നും പാര്‍ട്ടിയുടെ മുന്‍കാല ചരിത്രം ഇക്കാര്യം ബോധ്യപ്പെടുത്തുന്നുണ്ടെന്നും കാനം പറഞ്ഞു. സിപിഐയില്‍ കാനം-സി.ദിവാകരന്‍ പോര് രൂക്ഷമായിരിക്കേയാണ് മുന്നറിയിപ്പുമായി കാനം രാജേന്ദ്രനെത്തിയത്. സി.പി.ഐയുടെ മുഖമാസികയില്‍ എഴുതിയ സന്ദേശത്തിലാണ് കാനം ഇക്കാര്യം വ്യക്തമാക്കുന്നത്. പാര്‍ട്ടിയുടെ സ്വതന്ത്രമായ വ്യക്തിത്വം സംരക്ഷിച്ച് കൊണ്ടു തന്നെയാണ് മുന്നണിയില്‍ സി.പി.ഐ പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടിയുടെ അഭിപ്രായങ്ങളും നിലപാടുകളുമെല്ലാം എല്‍.ഡി.എഫില്‍ ഉന്നയിക്കുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടായിട്ടില്ല. പരസ്യമായ വിഴുപ്പക്കല്‍ സി.പി.ഐയുടെ ശീലമല്ലെന്നും കാനം സന്ദേശത്തില്‍ വ്യക്തമാക്കി. ഏറ്റവും ഒടുവില്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള കൊടിമര ജാഥയില്‍ നിന്ന് സി.ദിവാകരനും കെ.ഇ ഇസ്മയീലും വിട്ടു നിന്നതാണ് പുതിയ വിവാദങ്ങള്‍ക്കിടയാക്കിയത്.

ഡോളര്‍ കടത്ത് കേസില്‍ എം ശിവശങ്കര്‍ ആറാം പ്രതി, കുറ്റപത്രം സമര്‍പ്പിച്ചു

ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചു. ശിവശങ്കറിനെ ആറാം പ്രതിയാക്കിയാണ് കുറ്റപത്രം. യുഎഇ കോൺസുലേറ്റ് മുൻ ഉദ്യോഗസ്ഥൻ ഖാലിദ് മുഹമ്മദ് അലി ഷൗക്രിയാണ് ഒന്നാം പ്രതി. സ്വപ്നയുടെ ലോക്കറിൽ നിന്ന് കണ്ടെത്തിയത് ശിവശങ്കറിന്റെ പണമാണെന്നും കസ്റ്റംസ് കുറ്റപത്രത്തിൽ ആരോപിച്ചിട്ടുണ്ട്. ലോക്കറിൽ ഉണ്ടായിരുന്നത് ലൈഫ് മിഷൻ അഴിമതിയിൽ കമ്മീഷൻ കിട്ടിയ തുകയാണ്.ഇന്റലിജൻസ് വിവരങ്ങൾ ശിവശങ്കർ സ്വപ്നക്ക് ചോർത്തി നൽകിയെന്നും കസ്റ്റംസ് ആരോപിക്കുന്നു. മുഖ്യമന്ത്രിക്ക് വേണ്ടി വിദേശ കറൻസി കടത്തിയെന്ന സ്വപ്നയുടെ മൊഴിയും കസ്റ്റംസ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.

വിചാരണക്കോടതി മാറ്റണമെന്ന ആവശ്യവുമായി അതിജീവിത സുപ്രീം കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന ആവശ്യവുമായി അതിജീവിത സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. പ്രതിക്ക് ജഡ്ജിയുമായി അടുത്ത ബന്ധമുണ്ടെന്ന് അതിജീവിത ആരോപിച്ചു. പൊലീസിന്റെ കയ്യില്‍ ഇതിന് വ്യക്തമായ തെളിവുണ്ടെന്നും അപേക്ഷയില്‍ പറയുന്നു. പ്രോസിക്യൂഷനോട് ജഡ്ജി മുന്‍വിധിയോടെ പെരുമാറിയെന്നും അതിജീവിത വ്യക്തമാക്കി.

Live Updates
21:21 (IST) 29 Sep 2022
വിഭാഗീയതയും വ്യക്തി കേന്ദ്രീകരണ രീതിയും പാര്‍ട്ടിയില്‍ ഇല്ല: കാനം രാജേന്ദ്രന്‍

സിപിഐ സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായുണ്ടായ വിവാദങ്ങളില്‍ പ്രതികരിച്ച് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.വിഭാഗീയതയും വ്യക്തി കേന്ദ്രീകരണ രീതിയും പാര്‍ട്ടിയില്‍ ഇല്ലെന്നും അത്തരക്കാര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാവില്ലെന്നും പാര്‍ട്ടിയുടെ മുന്‍കാല ചരിത്രം ഇക്കാര്യം ബോധ്യപ്പെടുത്തുന്നുണ്ടെന്നും കാനം പറഞ്ഞു.

20:25 (IST) 29 Sep 2022
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കും

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് രജിസ്റ്റര്‍ ചെയ്ത അക്രമസ്വഭാവമില്ലാത്ത എല്ലാ കേസുകളും പിന്‍വലിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തലാണ് തീരുമാനം. കോവിഡ് കാലത്ത് സംസ്ഥാനത്ത് ഒരു ലക്ഷത്തി നാല്പതിനായിരത്തോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ സാമൂഹ്യ അകലം പാലിക്കാത്തത്, മാസ്‌ക് ധരിക്കാത്തത് തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളാണ് പിന്‍വലിക്കുക. പിഎസ് സി ഉദ്യോഗാര്‍ത്ഥികള്‍ നടത്തിയ സമരവുമായി ബന്ധപ്പെട്ട കേസുകളും പിന്‍വലിക്കും.

19:16 (IST) 29 Sep 2022
മകളുമായി പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ആലുവ മാര്‍ത്താണ്ഡവര്‍മ പാലത്തില്‍ നിന്ന് മകളുമായി പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചെങ്ങമനാട് പുതുവാശ്ശേരി മല്ലിശ്ശേരി വീട്ടില്‍ ലൈജു (36) വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആറു വയസ്സുള്ള മകള്‍ ആര്യനന്ദയെ കണ്ടെത്താനായി തിരച്ചില്‍ തുടരുകയാണ്. പൊലീസും അഗ്‌നിശമനസേനയും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ലൈജുവിന്റെ മൃതദേഹം കണ്ടെത്തിയത്.

18:06 (IST) 29 Sep 2022
പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന്റെ നടപടികള്‍ നിയമപ്രകാരമാകണമെന്ന് മുഖ്യമന്ത്രി

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന്റെ നടപടികള്‍ നിയമപ്രകാരമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെനിര്‍ദേശം. അനാവശ്യ തിടുക്കവും വീഴ്ചയും ഇക്കാര്യത്തില്‍ പാടില്ലെന്നും നടപടിയുടെ പേരില്‍ വേട്ടയാടല്‍ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

17:05 (IST) 29 Sep 2022
ജസ്പ്രീത് ബുംറ ട്വന്റി 20 ലോകകപ്പിനുണ്ടാകുമോ? ബിസിസിഐ വൃത്തങ്ങള്‍ പറയുന്നത്

ഇന്ത്യയുടെ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുണ്ടായേക്കില്ലെന്ന് റിപോര്‍ട്ട്. പുറംവേദനയെ തുടര്‍ന്നുള്ള പരിക്കാണ് ബുംറയ്ക്ക് തിരിച്ചടിയായത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി20 കളിക്കാന്‍ ബുംറ കളിച്ചിരുന്നില്ല. ചൊവ്വാഴ്ച നടന്ന ഇന്ത്യയുടെ പരിശീലന സെഷനിലാണ് താരത്തിന്റെ പരിക്ക് റിപോര്‍ട്ട് ചെയ്തത്്. ബിസിസിഐ മെഡിക്കല്‍ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില വിലയിരുത്തിയതായും ബിസിസിഐ പ്രസ്താവനയില്‍ പറഞ്ഞു.

16:08 (IST) 29 Sep 2022
കാറുകളില്‍ ആറ് എയര്‍ ബാഗുകള്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനം നീട്ടി കേന്ദ്രം

കാറുകളില്‍ ആറ് എയര്‍ ബാഗുകള്‍ നിര്‍ബന്ധമാക്കാനുള്ള നിര്‍ദേശം നടപ്പാക്കുന്നത് നീട്ടിയതായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഡകരി. 2022 ഒക്ടോബര്‍ 1 മുതല്‍ എട്ട് സീറ്റുള്ള വാഹനങ്ങളില്‍ ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ നേരത്തെ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഈ തീരുമാനം നടപ്പാക്കുന്നത് ഒരു വര്‍ഷത്തേക്ക് നീട്ടുന്നതായാണ് നിതിന്‍ ഗഡ്കരി അറിയിച്ചിരിക്കുന്നത്. കാറുകളില്‍ ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാനുള്ള നിര്‍ദ്ദേശം അടുത്തവര്‍ഷം ഒക്ടോബര്‍ ഒന്നുമുതല്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

16:02 (IST) 29 Sep 2022
‘അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, മുഖ്യമന്ത്രിയായി തുടരണമോയെന്ന് സോണിയ തീരുമാനിക്കും’: ഗെലോട്ട്

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നു രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. പാര്‍ട്ടി ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് അദ്ദേഹം ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചത്. ”എപ്പോഴും കോണ്‍ഗ്രസിന്റെ അച്ചടക്കമുള്ള ഭടനാണ്. അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കൊച്ചിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ രാഹുല്‍ ഗാന്ധിയോട് അഭ്യര്‍ഥിച്ചിരുന്നു. അദ്ദേഹം അതിനു തയാറാകാതിരുന്നപ്പോള്‍ ഞാന്‍ മത്സരിക്കുമെന്നു പറഞ്ഞു. എന്നാല്‍ ഈ സംഭവത്തോടെ (രാജസ്ഥാന്‍ രാഷ്ട്രീയപ്രതിസന്ധി) മത്സരിക്കുന്നില്ലെന്നു ഞാന്‍ തീരുമാനിച്ചു,” ഗെലോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

14:56 (IST) 29 Sep 2022
നടിമാര്‍ക്കെതിരെ ലൈംഗികാതിക്രമം: രണ്ട് പേര്‍ക്കെതിരെ കേസെടുത്തു

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ വച്ച് നടിമാര്‍ക്ക് നേരെ ലൈംഗിക അതിക്രമമുണ്ടായ സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന രണ്ട പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നടിമാരുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് കേസെടുത്തത്.

12:27 (IST) 29 Sep 2022
ഹര്‍ത്താല്‍ ആക്രമണം: നഷ്ടപരിഹാരം നല്‍കിയാല്‍ മാത്രം ജാമ്യം

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിയ ഹര്‍ത്താലിലെ ആക്രമണങ്ങളില്‍ നഷ്ടപരിഹാരം നല്‍കാന്‍ മജിസ്ട്രേറ്റ് കോടതികള്‍ക്ക് ഉത്തരവിടാമെന്ന് ഹൈക്കോടതി. നഷ്ടപരിഹാരത്തുക കെട്ടിവച്ച ശേഷമേ ജാമ്യം നല്‍കാവൂവെന്നും കോടതി വ്യക്തമാക്കി.

11:34 (IST) 29 Sep 2022
അവിവാഹിതയായ സ്ത്രീകള്‍ക്കും ഗര്‍ഭഛിദ്രത്തിന് അവകാശം; സുപ്രധാന വിധിയുമായി സുപ്രീം കോടതി

അവിവാഹിതയായ സ്ത്രീകള്‍ക്കും ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി. ലിവ്-ഇൻ ബന്ധത്തിൽ നിന്ന് ഗർഭം ധരിക്കുന്ന അവിവാഹിതരായ സ്ത്രീകളെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ചട്ടങ്ങളിൽ നിന്ന് ഒഴിവാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി.

“എല്ലാ സ്ത്രീകൾക്കും സുരക്ഷിതവും നിയമാനുസൃതവുമായ ഗർഭച്ഛിദ്രത്തിന് അർഹതയുണ്ട്”, 2021 ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി നിയമത്തിലെ ഭേദഗതി വിവാഹിതരും അവിവാഹിതരും തമ്മിലുള്ള വ്യത്യാസം ഉണ്ടാക്കുന്നില്ലെന്ന് കോടതി പറഞ്ഞു.

11:05 (IST) 29 Sep 2022
പിഎഫ്ഐ കേന്ദ്രങ്ങളില്‍ റെയ്ഡ്

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധിച്ചതിന് പിന്നാലെ തുടര്‍ നടപടികള്‍ ആരംഭിച്ച് സംസ്ഥാന സര്‍ക്കാര്‍. പത്തനംതിട്ടയില്‍ പിഎഫ്ഐ നേതാക്കളുമായി ബന്ധപ്പെട്ടയിടങ്ങളില്‍ റെയ്ഡ് ആരംഭിച്ചു. മൂന്നിടത്തായാണ് റെയ്ഡ് പുരോഗമിക്കുന്നത്.

09:56 (IST) 29 Sep 2022
വിചാരണക്കോടതി മാറ്റണമെന്ന ആവശ്യവുമായി അതിജീവിത സുപ്രീം കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന ആവശ്യവുമായി അതിജീവിത സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. പ്രതിക്ക് ജഡ്ജിയുമായി അടുത്ത ബന്ധമുണ്ടെന്ന് അതിജീവിത ആരോപിച്ചു. പൊലീസിന്റെ കയ്യില്‍ ഇതിന് വ്യക്തമായ തെളിവുണ്ടെന്നും അപേക്ഷയില്‍ പറയുന്നു. പ്രോസിക്യൂഷനോട് ജഡ്ജി മുന്‍വിധിയോടെ പെരുമാറിയെന്നും അതിജീവിത വ്യക്തമാക്കി.

Web Title: Actress attack case survivor approaches supreme court