scorecardresearch

എങ്ങനെ അവസാനിക്കും എന്ന വേവലാതിയില്ല, പോരാട്ടം തുടരും; ഭാവന

ഞാന്‍ നടത്തുന്ന പോരാട്ടം എനിക്ക് വേണ്ടി മാത്രമല്ല, എനിക്ക് പിന്നാലെ വരുന്ന അനേകം പെണ്‍കുട്ടികള്‍ക്ക് വേണ്ടിയാണ്.

എങ്ങനെ അവസാനിക്കും എന്ന വേവലാതിയില്ല, പോരാട്ടം തുടരും; ഭാവന

“വളരെ നെര്‍വസും ഇമോഷണലുമായാണ് ഇന്ന് ഇവിടെ നില്‍ക്കുന്നത്. ഒരു ഇരയില്‍ നിന്നും അതിജീവിതയിലേക്കുള്ള യാത്ര വിവരിക്കാന്‍. എന്‍റെ ജീവിതം കീഴ്മേല്‍ മറിഞ്ഞതിനെക്കുറിച്ച് പറയാന്‍…”

കേരളം കണ്ട ഏറ്റവും ഭീകരമായ അതിക്രമങ്ങളില്‍ ഒന്നില്‍ ഇരയാക്കപ്പെട്ട നടിയുടെ വാക്കുകള്‍ ആണിവ. 2017 ലാണ് ജോലി സംബന്ധമായ യാത്രയ്ക്കിടെ ഓടിക്കൊണ്ടിരിക്കുന്ന ഒരു കാറില്‍ വച്ച് തെന്നിന്ത്യന്‍ താരം ഭാവന ആക്രമിക്കപ്പെടുന്നത്. അതുമായി ബന്ധപ്പെട്ടു നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്ത് കേസ് പ്രത്യേക കോടതി മുന്‍പാകെ നടന്നു വരവെയാണ് അതിജീവിതയായ നടി മനസ്സ് തുറന്നത്. മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ബര്‍ഖ ദത്ത് രാജ്യാന്തര വനിതാ ദിനവുമായി ബന്ധപ്പെട്ടു ക്യൂറേറ്റ് ചെയ്‌ത ‘വീ ദ വിമൻ’ ഏഷ്യ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഇരയാക്കപ്പെട്ടവള്‍ എന്നതില്‍ നിന്നും അതിജീവിതയിലേക്കുള്ള യാത്ര

“ഈ സംഭവം കഴിഞ്ഞപ്പോള്‍ മനസ്സില്‍ പല ചോദ്യങ്ങളും വന്നു – എനിക്ക് ഇത് സംഭവിച്ചല്ലോ, എന്‍റെ അച്ഛനുണ്ടായിരുന്നെങ്കില്‍ ഇങ്ങനെ സംഭാവിക്കുമായിരുന്നില്ലല്ലോ, അന്നു ഷൂട്ടിംഗിന് പോകാതെയിരുന്നെങ്കില്‍ ഇത് സംഭവിക്കുമായിരുന്നില്ലല്ലോ… അങ്ങനെയൊക്കെ തോന്നിയിരുന്നു. ഒരു വലിയ ദുസ്വപ്നമാണ് ഇത് എന്നും ഞാന്‍ എഴുന്നേറ്റു കഴിയുമ്പോള്‍ ജീവിതം പഴയ പോലെ ആകും എന്നൊക്കെ പ്രത്യാശിച്ചു.

അങ്ങനെ ഒരു ‘വിക്റ്റിം ടാഗ്’ ഞാന്‍ എനിക്ക് തന്നെ നല്‍കി. പിന്നീടാണ് ഏഴു മാസം നീണ്ടു നിന്ന എന്‍റെ വിസ്താരം തുടങ്ങുന്നത്. അതില്‍ പതിനഞ്ചു ദിവസം കോടതിയില്‍ പോകേണ്ടി വന്നു. അത് വലിയ ‘ട്രോമ’ ഉണ്ടാക്കിയിരുന്നു. ആ പതിനഞ്ചു ഹിയറിംഗ് കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നി ഞാന്‍ ഇതിനെ അതിജീവിച്ചു എന്ന് – ഇരയാക്കപ്പെട്ടവള്‍ എന്നതില്‍ നിന്നും അതിജീവിച്ചവളായി എന്ന്. അന്ന് എനിക്ക് തോന്നി, ഞാന്‍ നടത്തുന്ന പോരാട്ടം എനിക്ക് വേണ്ടി മാത്രമല്ല, എനിക്ക് പിന്നാലെ വരുന്ന അനേകം പെണ്‍കുട്ടികള്‍ക്ക് വേണ്ടിയാണ് എന്ന്.

വെളിപ്പെടുത്തലിന് ശേഷം പലരും സമാന അനുഭവങ്ങള്‍ എന്നോട് പങ്കു വച്ചിരുന്നു. പലരുടേയും അനുഭവങ്ങള്‍ വളരെയധികം ഞെട്ടിക്കുന്നതായിരുന്നു. പല സാഹചര്യങ്ങള്‍ക്കൊണ്ട് അവര്‍ക്കിതൊന്നും പുറത്ത് പറയാന്‍ കഴിയാത്ത അവസ്ഥയാണ്.സുഹൃത്തുക്കള്‍, ഡബ്ല്യുസിസി, കുടുംബം, ഭര്‍ത്താവ് എന്നിവരുടെ പിന്തുണ സന്തോഷം നല്‍കുന്ന ഒന്നാണ്. ഇതിന്റെ അവസാനം എന്തായിരിക്കും എന്നതില്‍ എനിക്ക് വേവലാതിയില്ല. എന്നെ സംബന്ധിച്ചടത്തോളം ഞാന്‍ പോരാട്ടം തുടരുക തന്നെ ചെയ്യും.

ഈ അഞ്ചു വര്‍ഷങ്ങള്‍ എന്നെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടുള്ളതായിരുന്നു. വിവിധ ചാനലുകളില്‍ ചര്‍ച്ചയ്ക്ക് വന്നിരുന്നവര്‍- അതില്‍ പലര്‍ക്കും എന്നെ അറിയുക പോലുമില്ല – ഞാന്‍ നേരിട്ട അതിക്രമത്തെക്കുറിച്ച് അഭിപ്രായം പറയുന്നത് കേള്‍ക്കുമ്പോള്‍ വിഷമം തോന്നിയിരുന്നു. ഒരു ഘട്ടത്തില്‍ ഇത് ഒരു ‘ഫേക്ക് കേസ്’ ആണ് എന്നും ഞാന്‍ തന്നെ നേരത്തെ ആസൂത്രണം ചെയ്ത കേസ് ആണ് എന്നുമൊക്കെ സംസാരമുണ്ടായിരുന്നു. അതെന്നെ വല്ലാതെ തകര്‍ത്ത് കളഞ്ഞു. എനിക്ക് ഉറക്കെ വിളിച്ചു പറയണം എന്നുണ്ടായിരുന്നു – എന്‍റെ അച്ഛനമ്മമ്മാര്‍ എന്നെ അങ്ങനെയല്ല വളര്‍ത്തിയത് എന്ന്, ഞാന്‍ നിരപരാധിയാണ് എന്ന്. ഞാന്‍ അവിടെ ‘വിക്ടിം ഷെയിം’ ചെയ്യപ്പെടുകയായിരുന്നു.

അന്ന് ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ഇല്ല. പിന്നീട് 2019ലാണ് ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ ചേരുന്നത്. അവിടെ ഈ വിഷയത്തെക്കുറിച്ച് പറയാന്‍ കാരണം, എനിക്കവിടെ അത് പറയാന്‍ തോന്നി എന്നതാണ്. അതവിടെ കിടക്കട്ടെ എന്നൊരു തോന്നല്‍. അത് എന്നെ സംബന്ധിച്ച് വളരെ ‘cathartic’ ആയിരുന്നു. എന്‍റെ കൂടെ നിന്നവര്‍ എല്ലാവരോടും നന്ദിയുണ്ട്.”

മലയാള സിനിമയില്‍ നിന്നുള്ള മാറ്റം

ഈ സംഭവം നടക്കുന്നതിനു മുന്‍പ് തന്നെ മലയാളത്തില്‍ അവസരങ്ങള്‍ കുറഞ്ഞിരുന്നു. അതിനെക്കുറിച്ച് ഇപ്പോള്‍ കൂടുതല്‍ സംസാരിക്കാനാവില്ല. എന്നാല്‍ ഇതിനു ശേഷം പിന്തുണ നല്‍കിയവര്‍ ഏറെയുണ്ട്. ആഷിക് അബു, പൃഥ്വിരാജ്, ഷാജി കൈലാസ്, ഭദ്രന്‍ തുടങ്ങി അനേകം പേര്‍ അവരുടെ സിനിമകളില്‍ അവസരം ഓഫര്‍ ചെയ്തിട്ടുണ്ട്. പക്ഷേ എന്‍റെ അപ്പോഴത്തെ മാനസികാവസ്ഥയില്‍ അതൊന്നും ചെയ്യാന്‍ പറ്റില്ലായിരുന്നു. അത്രയ്ക്കും ട്രോമയിലൂടെ കടന്നു പോവുകയായിരുന്നു ഞാന്‍. എന്‍റെ മനസ്സമാധാനത്തിനു വേണ്ടി മലയാളത്തില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു.

Read Here: എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനിടയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Actress attack case kerala latest victim speaks