ന്യൂഡല്‍ഹി: നെറ്റ്ഫ്‌ളിക്സ് ഇന്ത്യയില്‍ നിര്‍മ്മിച്ച സീരിസാണ് സേക്രട്ട് ഗെയിംസ്. പരമ്പര വലിയ വിജയമായെങ്കിലും ഒപ്പം വിവാദവുമെത്തി. കോണ്‍ഗ്രസ് ആയിരുന്നു പരമ്പരയ്‌ക്കെതിരെ രംഗത്തെത്തിയത്. മുന്‍ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധിയെ അപമാനിച്ചെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. ചിത്രത്തിലെ രംഗങ്ങള്‍ക്കെതിരെ അവര്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സേക്രട്ട് ഗെയിംസിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് അനുകൂലമായ പരാമര്‍ശമാണ് കോടതി നടത്തിയിരിക്കുന്നത്.

സിനിമയിലേയോ സീരിസുകളിലെയോ മറ്റോ അഭിനയിക്കുന്നവരുടെ കഥാപാത്രങ്ങള്‍ പറയുന്ന ഡയലോഗുകള്‍ക്ക് അവര്‍ ഉത്തരവാദികളായിരിക്കില്ലെന്നാണ് ഡല്‍ഹി ഹൈക്കോടതിയുടെ പരാമര്‍ശം. കേസില്‍ അഭിനേതാക്കളേയും അണിയറ പ്രവര്‍ത്തകരേയും കക്ഷികളാക്കി കോണ്‍ഗ്രസിന്റെ നിയമ വിഭാഗം നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം.

കേസിലെങ്ങനെയാണ് അഭിനേതാക്കള്‍ കക്ഷികളാകുന്നതെന്നും എല്ലാ എപ്പിസോഡും റിലീസ് ആയ സാഹചര്യത്തില്‍ ഹര്‍ജി കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോയെന്നുമാണ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് ചന്ദ്രശേഖറുമുള്ള ബെഞ്ചിന്റെ പരാമര്‍ശം.

സീരിസില്‍ നവാസുദ്ദീന്‍ സിദ്ദീഖിയുടെ കഥാപാത്രം രാജീവ് ഗാന്ധിയെ അപമാനിക്കുന്ന തരത്തിലുള്ള പദ പ്രയോഗം നടത്തുന്നുവെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ സീരിസിന് പരോക്ഷ പിന്തുണയുമായെത്തിയതോടെ കോണ്‍ഗ്രസിന് തിരിച്ചടിയാവുകയായിരുന്നു.

അഭിപ്രായ സ്വാതന്ത്ര്യത്തെ താന്‍ മാനിക്കുന്നുവെന്നും സീരിസിലെ ഒരു കഥാപാത്രത്തിന്റെ കാഴ്ചപ്പാട് തന്റെ പിതാവ് ആരായിരുന്നുവെന്ന സത്യത്തെ ഇല്ലാതാക്കില്ലെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. രാഹുലിന് നന്ദി പറഞ്ഞ് അണിയറ പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. പ്രശസ്ത ബോളിവുഡ് സംവിധായകരായ അനുരാഗ് കശ്യപും വിക്രമാദിത്യ മോട്ട്‌വാനെയുമാണ് സീരിസ് സംവിധാനം ചെയ്തത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ