ചെന്നൈ: കലങ്ങി മറിഞ്ഞ തമിഴ് രാഷ്ട്രീയത്തിലേക്ക് ഒരു സർപ്രൈസ് എൻട്രി. പ്രശസ്ത നടൻ വിശാൽ ആണ് ജയലളിതയുടെ മണ്ഡലമായ ആർ.കെ നഗറിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചത്. തമിഴ് സിനിമാ ലോകത്ത് നിന്ന് രജനികാന്തോ കമൽഹാസനോ ആദ്യം രാഷ്ട്രീയത്തിലേക്കിറങ്ങുകയെന്ന് ഉറ്റു നോക്കി ക്കൊണ്ടിരികക്കേയാണ് വിശാൽ അപ്രതീക്ഷിതമായി രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. അഭിനേതാക്കളുടെയും നിര്‍മാതാക്കളുടെയും സംഘടനകളുടെ ഭാരവാഹിയാണ് വിശാൽ.

ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് വിശാല്‍ മത്സരിക്കാന്‍ ഒരുങ്ങുന്നതെന്നാണ് സൂചന. ഇക്കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റും നടികര്‍ സംഘം സെക്രട്ടറി ജനറലുമായ വിശാല്‍ തിങ്കളാഴ്ച തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചേക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി.

മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തെ തുടര്‍ന്നാണ് ആര്‍.കെ. നഗര്‍ എന്ന രാധാകൃഷ്ണ നഗര്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഡിസംബര്‍ പതിനേഴിനാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ടി.ടി.വി. ദിനകരനെയാണ് ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. എന്നാല്‍, പാര്‍ട്ടികള്‍ വോട്ടര്‍മാരെ സ്വാധീനിക്കാനായി വന്‍ തോതില്‍ പണമൊഴുക്കുന്നുവെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ദിനകരനും ശശികലയും ജയലിലാവുകയും ചെയ്തു. ഇതിനുശേഷമാണ് ഡിസംബര്‍ 31നകം ഉപതിരഞ്ഞെടുപ്പ് നടത്തണമെന്ന് മദ്രാസ് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്.

എ.ഐ.എ.ഡി.എം.കെ പ്രിസീഡിയം ചെയര്‍മാന്‍ ഇ.മധുസൂദനനാണ് ഇവിടെ പാര്‍ട്ടി സ്ഥാനാര്‍ഥി. നേരത്തെ ദിനകരനെ എതിര്‍ക്കാനിരുന്ന മുരുഡു ഗണേഷ് തന്നെയാണ് ഡി.എം.കെയുടെ സ്ഥാനാര്‍ഥി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook