ചെന്നൈ: ആർകെ നഗർ ഉപതെരഞ്ഞെടുപ്പിൽ മത്സരിവക്കുന്നതിൽ അയോഗ്യനാക്കപ്പെട്ട നടൻ വിശാൽ പൊട്ടിക്കരഞ്ഞു. നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരെ നടന്ന പ്രതിഷേധത്തിനിടെയാണ് ഇദ്ദേഹം കരഞ്ഞത്. പിന്നീട് വിശാലിനെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
വിശാലിനെ പിന്തുണച്ചവരുടെ പേര് വിവരങ്ങളിൽ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹത്തിന്റെ പത്രിക തള്ളിയത്. എന്നാൽ പിന്തുണച്ചവരെ ഗുണ്ടകൾ ഇതിന് ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോയുണ്ടെന്നും മനപ്പൂർവ്വം തന്നെ മത്സരിപ്പിക്കാതിരിക്കാൻ ശ്രമങ്ങൾ നടത്തിയെന്നും വിശാൽ ആരോപിച്ചു.
Chennai: Actor Vishal sits on 'dharna' against cancellation of his nomination as an independent candidate #RKNagarByPoll pic.twitter.com/hi2GOC4eq3
— ANI (@ANI) December 5, 2017
നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരെ കരഞ്ഞും രോഷം കൊണ്ടുമാണ് താരം പ്രതികരിച്ചത്. ആർകെ നഗറിൽ മുൻ മുഖ്യമന്ത്രി ജെ.ജയലളിതയുടെ വിയോഗത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെ ജയലളിതയുടെ മരുമകൾ ദീപ ജയകുമാർ സമർപ്പിച്ച പത്രികയും തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിയിരുന്നു.
ഇരുവരുടെയും പത്രികകൾ തള്ളിയതോടെ എഐഎഡിഎംകെ സ്ഥാനാർഥി ഇ.മധുസൂധനനും ഡിഎംകെ സ്ഥാനാർഥി മരുധു ഗണേഷും തമ്മിലുള്ള പോരാട്ടത്തിനാണ് ആർകെ നഗറിൽ കളമൊരുങ്ങുന്നത്. സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്തുള്ള ടിടിവി ദിനകരൻ അണ്ണാ ഡിഎംകെയ്ക്ക് വില്ലനായേക്കുമെന്നാണ് കണക്കുകൂട്ടപ്പെടുന്നത്. ആർകെ നഗറിൽ 145 പത്രികകളാണ് ആകെ സമർപ്പിക്കപ്പെട്ടത്. ഡിസംബർ 21 നാണ് ഉപതെരഞ്ഞെടുപ്പ്. 24 ന് ഫലം പ്രഖ്യാപിക്കും.