മുംബൈ: കോൺഗ്രസിൽ നിന്നു രാജിവച്ച് ഒരു വർഷം പൂർത്തിയാകുമ്പോൾ പുതിയ രാഷ്ട്രീയ പാർട്ടിയിൽ അംഗത്വമെടുത്ത് ബോളിവുഡ് താരം ഊര്‍മിള മതോന്ദ്‌കർ. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ സാന്നിധ്യത്തിൽ ഊര്‍മിള ശിവസേന പാർട്ടി അംഗത്വം സ്വീകരിച്ചു. ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്‌മി താക്കറെ ‘ശിവ് ബന്ധൻ’ കെട്ടിക്കൊണ്ടാണ് ഊർമിളയെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. പാർട്ടിയിൽ അംഗമായതിനു പിന്നാലെ ഊര്‍മിളയെ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നോമിനേറ്റ് ചെയ്തു. പാർട്ടി ക്വാട്ടയിലാണ് നോമിനേറ്റ് ചെയ്തത്. ഗവർണർ ബി.എസ്.കോശ്യാരിക്ക് സർക്കാർ ഇതുമായി ബന്ധപ്പെട്ട കത്ത് നൽകി. പ്രിയങ്ക ചതുർവേദി, കിശോരി പട്നേക്കർ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 46 കാരിയായ ഊര്‍മിള കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. മുംബെെ നോർത്ത് മണ്ഡലത്തിൽ നിന്നാണ് ഊര്‍മിള മത്സരിച്ചത്. ബിജെപിയുടെ സിറ്റിങ് സീറ്റായ മുംബെെ നോർത്തിൽ എംപി ഗോപാൽ ഷെട്ടിയോട് ഊര്‍മിള പരാജയപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഊര്‍മിള കോൺഗ്രസിൽ നിന്നു രാജിവച്ചു. 2019 സെപ്റ്റംബറിലാണ് ഊര്‍മിള കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചത്. 2019 മാർച്ചിലാണ് ഊര്‍മിള കോൺഗ്രസിൽ അംഗത്വമെടുക്കുന്നത്. എന്നാൽ, വെറും ആറ് മാസം മാത്രമേ ഊര്‍മിളയുടെ കാേൺഗ്രസ് ബന്ധത്തിന് ആയുസുണ്ടായിരുന്നുള്ളൂ.
अभिनेत्री @UrmilaMatondkar जी यांनी आज मातोश्री निवासस्थानी शिवसेना पक्षप्रमुख, मुख्यमंत्री उद्धव बाळासाहेब ठाकरे यांच्या उपस्थितीत आणि सौ. रश्मीताई ठाकरे यांच्या हस्ते शिवबंधन बांधून शिवसेनेत जाहीर प्रवेश केला. pic.twitter.com/lAv21HjbaH
— ShivSena – शिवसेना (@ShivSena) December 1, 2020
ഏഴാം വയസില്‍ ബാല താരമായി മറാത്തി ചിത്രത്തിലൂടെയായിരുന്നു ഊര്‍മിള സിനിമയിൽ അരങ്ങേറിയത്. ‘തച്ചോളി വര്‍ഗീസ് ചേകവര്‍’ എന്ന മോഹന്‍ലാൽ ചിത്രത്തിലും നായികയായിട്ടുണ്ട്. അമീര്‍ ഖാൻ, ജാക്കി ഷ്രോഫ് എന്നിവര്‍ക്കൊപ്പം അഭിനയിച്ച ‘രംഗീല’ ഏറെ തരംഗമായ ചിത്രമാണ്.