മുംബെെ: ഇന്നലെ മരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രാജ്‌പുതിന്റെ സംസ്‌കാരം നാളെ. സുശാന്തിന്റേത് തൂങ്ങിമരണം തന്നെയെന്ന് പൊലീസ് വ്യക്തമാക്കി. നാളെ മുംബെെയിലാണ് സുശാന്തിന്റെ സംസ്‌കാരം. സുശാന്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖർ അനുശോചനമറിയിച്ചു.
ഇന്നലെ രാവിലെ പത്തിനും ഉച്ചയ്‌ക്ക് ഒന്നിനും ഇടയിലാണ് സുശാന്തിന്റെ മരണം സംഭവിച്ചതെന്നാണ് പൊലീസ് നിഗമനം. സുശാന്തിന്റെ ബെഡ് റൂമിൽ നിന്ന് ആത്മഹത്യ കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും മുംബെെ പൊലീസ് വ്യക്തമാക്കി. മാർച്ചിൽ സമ്പൂർണ അടച്ചുപൂട്ടൽ ആരംഭിച്ചതു മുതൽ സുശാന്ത് തന്റെ മുംബെെയിലുള്ള അപാർട്‌മെന്റിലാണ് താമസം. രണ്ട് പാചകക്കാർ, വീട്ടുജോലിക്കാരൻ, മാനേജർ തുടങ്ങി നാല് പേർ സുശാന്തിനൊപ്പം ഉണ്ടായിരുന്നു.
Read Also: ആരാധകന്റെ പേരിൽ അന്ന് സുശാന്ത് കേരളത്തിന് നൽകിയത് ഒരു കോടി രൂപ
പാചകക്കാരൻ പറഞ്ഞ കാര്യങ്ങളിൽ നിന്നു തങ്ങൾക്ക് ലഭിച്ച വിവരങ്ങൾ മുംബെെ പൊലീസ് വെളിപ്പെടുത്തി. പൊലീസ് പറയുന്നത് ഇങ്ങനെ: “രാവിലെ പത്ത് മണിയോടെ ഉറക്കമെഴുന്നേറ്റ സുശാന്തിനു താൻ ഒരു ജ്യൂസ് നൽകിയതായി പാചകക്കാരൻ പറയുന്നു. അതിനുശേഷം അദ്ദേഹം ബെഡ്‌റൂമിലേക്ക് പോയി വാതിൽ അടച്ചു. പ്രാതലിനു എന്ത് വേണമെന്ന് ചോദിക്കാൻ പാചകക്കാരൻ സുശാന്തിന്റെ ബെഡ് റൂമിന്റെ വാതിലിൽ മുട്ടിനോക്കി. ഏറെ സമയമായിട്ടും വാതിൽ തുറന്ന് സുശാന്ത് പുറത്തുവന്നില്ല. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവരെ കൂടി വിളിച്ച് വാതിലിൽ മുട്ടാൻ തുടങ്ങി. രണ്ട് മണിക്കൂറോളം കാത്തു. പിന്നീട്, അസ്വാഭാവികത തോന്നിയപ്പോൾ ഇക്കാര്യം സുശാന്തിന്റെ സഹോദരിയെ അറിയിച്ചു. സുശാന്തിന്റെ അപാർട്ട്‌മെന്റിലേക്ക് സഹോദരി എത്തും മുൻപ് മറ്റൊരു താക്കോൽ ഉപയോഗിച്ച് വീട്ടുജോലിക്കാർ വാതിൽ തുറന്നു. അപ്പോഴാണ് സുശാന്തിനെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്.”
‘സുശാന്ത് സിംഗ് രാജപുത് ഇപ്പോൾ ഞങ്ങളോടൊപ്പമില്ലെന്ന വാര്‍ത്ത വയ്ക്കുന്നതില്‍ വേദനയുണ്ട്. അദ്ദേഹത്തിന്റെ ജീവിതവും സിനിമയും ചിന്തകളില്‍ നിലനിര്‍ത്തണം എന്ന് ആരാധകരോടും ദുഃഖത്തിന്റെ ഈ നിമിഷത്തിൽ സ്വകാര്യത നിലനിർത്താൻ ഞങ്ങളെ സഹായിക്കണം എന്ന് മാധ്യമങ്ങളോടും ഞങ്ങള്‍ അഭ്യർത്ഥിക്കുന്നു,’ സുശാന്ത് സിംഗ് രജ്‌പുത്തിന്റെ പ്രതിനിധി പ്രസ്‌താവനയിൽ പറഞ്ഞു.
മുപ്പത്തിനാല് വയസ്സുള്ള സുശാന്ത് ഏറ്റവും ഒടുവിലായി അഭിനയിച്ചത് ‘ഡ്രൈവ്’ എന്ന ചിത്രത്തിലാണ്. സുശാന്തിന്റെ മാനേജര്‍ ദിശാ സാലിയന്‍ ഈ മാസം ആദ്യം മുംബൈ മലാദിലെ തന്റെ സുഹൃത്തിന്റെ വസതിയിലെ ജനാലയില്‍ നിന്നും വീണു മരണപ്പെട്ടിരുന്നു. ‘കൈ പോ ഛെ’ എന്ന ചിത്രത്തില്‍ തുടങ്ങി ‘ശുദ്ദ് ദേശി റൊമാന്‍സ്,’ ‘പി കെ,’ ‘എം എസ് ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറി,’ തുടങ്ങിയ ചിത്രങ്ങളില്‍ സുശാന്ത് അഭിനയിച്ചു. ‘ദില്‍ ബേചാര’ ആണ് ഇനി റിലീസ് ചെയ്യാനുള്ള സിനിമ. പട്ന സ്വദേശിയായ സുശാന്ത് ദില്ലിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദത്തിനു പഠിക്കവേയാണ് അഭിനയത്തിലേക്ക് തിരിയുന്നത്. ടെലിവിഷനിലും സജീവമായിരുന്നു സുശാന്ത്.