ന്യൂഡൽഹി: വിഖ്യാത ചലച്ചിത്ര താരം ശ്രീദേവി ഹൃദയസ്തംഭനം മൂലം മരണമടഞ്ഞു. 54 വയസ്സായിരുന്നു. ഇന്നലെ രാത്രി 11.30 ഓടെ ദുബായിൽ വച്ചായിരുന്നു മരണമെന്ന് ശ്രീദേവിയുടെ ഭര്‍തൃ സഹോദരന്‍ സഞ്ജയ് കപൂര്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. ഭര്‍ത്താവ് ബോണി കപൂര്‍, ഇളയ മകള്‍ ഖുഷി എന്നിവര്‍ മരണസമയത്ത് ശ്രീദേവിയ്ക്കൊപ്പം ഉണ്ടായിരുന്നു.

“കേട്ടത് സത്യമാണ്. ദുബായിലായിരുന്ന ഞാന്‍ ഇപ്പോള്‍ മുംബൈയില്‍ എത്തിയതേയുള്ളൂ. ഉടന്‍ തന്നെ തിരിച്ചു ദുബായിലേക്ക് പോവുകയാണ്. രാത്രി 11.00-11.30 ന് ഇടയ്ക്കാണ് മരണം സംഭവിച്ചത്”, സഞ്ജയ് പറഞ്ഞു. കപൂര്‍ കുടുംബം മുഴുവന്‍ അവരുടെ ബന്ധുവായ മോഹിത് മാര്‍വായുടെ വിവാഹത്തിന് ദുബായില്‍ ഒത്തു ചേര്‍ന്നിരിക്കുകയായിരുന്നു.

1963ല്‍ തമിഴ് നാട്ടിലെ ശിവകാശിയില്‍ ജനിച്ച ശ്രീദേവി നാല് വയസ്സില്‍ ‘തുണൈവന്‍’ എന്ന ചിത്രത്തില്‍ ബാല താരമായി സിനിമയില്‍ എത്തി. മലയാളത്തില്‍ ‘പൂമ്പാറ്റ’ എന്ന ചിത്രത്തില്‍ മികച്ച ബാലനടിയ്ക്കുള്ള അവാര്‍ഡ്‌ കരസ്ഥമാക്കി. 1975ല്‍ ബോളിവുഡില്‍ രംഗപ്രവേശം, ‘ജൂലി’ എന്ന ചിത്രത്തിലൂടെ.

തമിഴില്‍ കെ.ബാലചന്ദര്‍ സംവിധാനം ചെയ്ത ‘മൂട്രു മുടിച്ച്‌’ ആണ് നായികയായി അഭിനയിച്ച ആദ്യ ചിത്രം. മലയാളത്തില്‍ ‘ദേവരാഗം’, ‘നാല് മണിപ്പൂക്കള്‍’, ‘സത്യവാന്‍ സാവിത്രി’, അംഗീകാരം എന്നിവയുള്‍പ്പടെ 25 ചിത്രങ്ങളില്‍ വേഷമിട്ടു. ഏറ്റവും തിളങ്ങിയത് ഹിന്ദിയില്‍. ബോളിവുഡിന്‍റെ ആദ്യ വനിതാ സൂപ്പര്‍ സ്റ്റാര്‍ ആയി വളര്‍ന്നു. വിവാഹാനന്തരമുള്ള തിരിച്ചു വരവിലെ ചിത്രം ‘ഇംഗ്ലീഷ് വിംഗ്ലീഷ്’, ‘ഖുദാ ഗവാ’, ‘ലംഹെ’, ‘ചാല്‍ബാസ്’, ‘ചാന്ദ്നി’ എന്നിവയാണ് പ്രധാന ചിത്രങ്ങളില്‍ ചിലത്. 2017ല്‍ പുറത്തിറങ്ങിയ ‘മോം’ ആണ് അവസാന ചിത്രം.

ശ്രീദേവി: ഓര്‍മ്മച്ചിത്രങ്ങള്‍

2013 ല്‍ പദ്മശ്രീ കൂടാതെ ഒട്ടനേകം ദേശീയ, അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ക്ക് അര്‍ഹയായി. നിര്‍മ്മാതാവ്‌ ബോണി കപൂര്‍ ആണ് ഭര്‍ത്താവ്. മക്കള്‍ ജാന്‍വി, ഖുഷി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ