മുംബൈ: ബോളിവുഡ് നടി ജിയാ ഖാന്റെ ആത്മഹത്യാ കേസിൽ നടൻ സൂരജ് പഞ്ചോളിയെ വെറുതെ വിട്ടു. മുംബൈയിലെ സിബിഐ പ്രത്യേക കോടതിയാണ് തെളിവുകളുടെ അഭാവത്തെത്തുടർന്ന് നടനെ കുറ്റവിമുക്തനാക്കിയത്. 2013 ജൂൺ മൂന്നിനാണ് മുംബൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ ജിയാ ഖാനെ കണ്ടെത്തിയത്.
ഇതൊരു കൊലപാതക കേസാണെന്നും വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും ജിയാ ഖാന്റെ അമ്മ റാബിയ ഖാൻ പ്രതികരിച്ചു. ഖാൻ ആത്മഹത്യ ചെയ്തതല്ലെന്നും പഞ്ചോളിക്കുമേൽ കൊലപാതക കുറ്റം ചുമത്തണമെന്നും ആവശ്യപ്പെട്ട് റാബിയ ബോംബെ ഹൈക്കോടതിയും സുപ്രീം കോടതിയും ഉൾപ്പെടെയുള്ള കോടതികൾക്ക് മുമ്പാകെ ഹർജികൾ സമർപ്പിച്ചിരുന്നു.
നടി എഴുതിയ ആറ് പേജുള്ള കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് ജൂൺ 11 ന് നടൻ സൂരജ് പഞ്ചോളി അറസ്റ്റിലായത്. കുറിപ്പിൽ, ജിയ തന്റെ “കാമുകൻ” (കത്തിൽ പേര് പരാമർശിച്ചിട്ടില്ല)ന്റെ ഭാഗത്ത് നിന്നുണ്ടായ ട്രോമയെക്കുറിച്ച് എഴുതിയിരുന്നു. ജിയയുടെ മരണശേഷം, അവളുടെ അമ്മയും മറ്റ് ബന്ധുക്കളും സൂരജ് “ജിയയെ ബഹുമാനിച്ചിരുന്നില്ലെന്നും അശ്ലീലമായ ഭാഷ ഉപയോഗിക്കുകയും അവളെ തല്ലുകയും ചെയ്തു” എന്ന് ആരോപിച്ചു. ഈ ആരോപണങ്ങൾ സൂരജും പിതാവായ നടൻ ആദിത്യ പഞ്ചോളിയും തള്ളിക്കളഞ്ഞു.
2019 ലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. ജിയാ ഖാന്റെ മാതാവും സഹോദരിമാരുമടക്കം 22 സാക്ഷികളെയാണ് സിബിഐ ചോദ്യം ചെയ്തത്. കൊലപാതകത്തിന് തെളിവില്ലെന്നും ഖാൻ ആത്മഹത്യ ചെയ്തതാണെന്നുമാണ് സിബിഐ അന്വേഷണത്തിൽ വ്യക്തമാക്കിയത്. ജിയ ആത്മഹത്യ ചെയ്‍തതാണെന്നായിരുന്നു മുംബൈ പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ജിയയുടെ അമ്മ റാബിയ ഖാൻ കോടതിയെ സമീപിച്ചതോടെയാണ് സിബിഐ കേസ് ഏറ്റെടുത്തത്.
പഞ്ചോളിക്കു മേൽ ചുമത്തിയ കുറ്റമൊന്നും തെളിയിക്കാൻ സിബിഐക്ക് കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പ്രശാന്ത് പാട്ടീൽ വാദിച്ചു. ഖാനെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചത് പഞ്ചോളിയാണെന്ന് ഒരു സാക്ഷിയും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വാദിച്ചു. ജിയാ ഖാനുമായുള്ള ബന്ധം പഞ്ചോളി വേർപെടുത്തിയതിനെ തുടർന്നാണ് ഖാൻ ആത്മഹത്യ ചെയ്തതെന്നും അവരുടെ ബന്ധം അവസാനിപ്പിച്ചതായി സൂചിപ്പിച്ച് പൂച്ചെണ്ട് അയച്ചുവെന്നും സിബിഐ അവകാശപ്പെട്ടു. എന്നാൽ, തെളിവുകളുടെ അപര്യാപ്തത കാരണം ഈ കോടതിക്ക് സൂരജ് പഞ്ചോളി കുറ്റക്കാരനാണെന്ന് കാണാൻ കഴിയില്ല, അതിനാൽ കുറ്റവിമുക്തനാക്കുന്നുവെന്ന് മുംബൈയിലെ പ്രത്യേക സിബിഐ കോടതിയിലെ ജഡ്ജി എ.എസ്.സയ്യിദ് പറഞ്ഞു.
ഈ മാസം ആദ്യം ക്രിമിനൽ നടപടി ചട്ടത്തിലെ 313-ാം വകുപ്പ് പ്രകാരം കോടതി പഞ്ചോളിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കോടതിയിൽ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തിൽ 558 ചോദ്യങ്ങൾക്ക് പഞ്ചോളി ഉത്തരം നൽകി. പരാതിക്കാരിയായ റാബിയയുടെ നിർദേശപ്രകാരം തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്നും ഖാനുമായി ഖാന്റെ ബന്ധത്തിലായിരിക്കുമ്പോൾ താൻ അവളെ ദുരുപയോഗം ചെയ്യാറുണ്ടെന്ന് സഹോദരി തെറ്റായ മൊഴി നൽകിയെന്നും പഞ്ചോളി അവകാശപ്പെട്ടിരുന്നു.