പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാർഥികളെ പൊലീസ് മർദിച്ച സംഭവത്തിൽ പ്രതികരണവുമായി നടൻ സിദ്ധാർഥ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എതിരെ രൂക്ഷ വിമർശനമാണ് സിദ്ധാർഥ് നടത്തിയത്. ഇവർ കൃഷ്ണനും അർജുനനുമല്ല, ദുര്യോധനനും ശകുനിയുമാണെന്ന് സിദ്ധാർഥ് തന്റെ ട്വിറ്ററിൽ കുറിച്ചു. നേരത്തേ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ സമയത്ത് രജനികാന്തായിരുന്നു പ്രധാനമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും കൃഷ്ണനും അർജുനനും എന്ന് വിശേഷിപ്പിച്ചത്.

Read More: ‘പിറന്ന മണ്ണിൽ ജീവിക്കാൻ രേഖ വേണോ സർക്കാരേ’; പ്രതിഷേധിച്ച് കുരുന്നുകളും

നേരത്തേ ബില്ലിനെതിരെ വിമർശനവുമായി സിദ്ധാർഥ് രംഗത്തെത്തിയിരുന്നു. പൗരത്വ ഭേദഗതി ബില്ലിലൂടെ ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യന്‍ അഭയാര്‍ഥികള്‍ക്ക് ഇന്ത്യ വിട്ടുപോകേണ്ടി വരില്ലെന്ന് ഉറപ്പുനല്‍കിക്കൊണ്ട് കൊല്‍ക്കത്തയില്‍ അമിത്ഷാ നടത്തിയ പ്രംസംഗത്തിനെതിരെയാണു സിദ്ധാര്‍ഥ് രംഗത്തെത്തിയത്. അമിത് ഷായെ ഹോം മോണ്‍സ്റ്റര്‍ എന്നാണ് സിദ്ധാര്‍ത്ഥ് വിശേഷിപ്പിച്ചത്.

”ഈ ഹോം മോണ്‍സ്റ്റര്‍ക്ക് ഇങ്ങനെ സംസാരിക്കാന്‍ ആരാണ് അധികാരം കൊടുത്തത്? മുസ്‌ലിങ്ങളായ അഭയാര്‍ഥികളെ മാത്രം രാജ്യത്തുനിന്ന് പുറത്താക്കുമെന്നു പറയുന്നതു ഭരണഘടനാ വിരുദ്ധമല്ലേ? ഇവിടെ എന്താണു നടക്കുന്നത്? എല്ലാവരും കാണ്‍കെ വംശഹത്യയുടെ വിത്തുകള്‍ വിതറുകയാണയാള്‍,” സിദ്ധാര്‍ഥ് ട്വിറ്ററില്‍ കുറിച്ചു.

Read More: വിദ്യാർഥികൾക്ക് പിന്തുണയുമായി താരങ്ങൾ; പൊട്ടിത്തെറിച്ച് അമല പോൾ

പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് പിന്തുണയുമായി മറ്റ് താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. പാർവതി, ആഷിഖ് അബു, അമല പോൾ, തൻവി റാം, അനാർക്കലി, രജിഷ വിജയൻ, സർജാനോ ഖാലിദ്, ദിവ്യ പ്രഭ, മുഹ്സിൻ പരാരി തുടങ്ങി സിനിമ മേഖലയിൽനിന്നുള്ള നിരവധി പേരാണ് ജാമിയ മിലിയ സർവകലാശാലയിലേത് ഉൾപ്പെടെയുള്ള വിദ്യാർഥികളുടെ പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook