ഹെെദരാബാദ്: ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് വെടിവച്ചു കൊന്ന നടപടിയെ വിമർശിച്ച് നടൻ സിദ്ധാർത്ഥ്. “നിയമം നടപ്പിലാക്കാനാണ് പൊലീസ് ശ്രമിക്കേണ്ടത്. അല്ലാതെ,  പൊലീസല്ല നിയമം. സ്ത്രീകളെ പീഡിപ്പിക്കുന്നവരോട് തെല്ലും കരുണ കാണിക്കരുത്. എന്നാല്‍, ഇവിടെ സംഭവിച്ചത് അംഗീകരിക്കാന്‍ കഴിയില്ല.” സിദ്ധാര്‍ത്ഥ് പറഞ്ഞു.

കാരണങ്ങളില്ലാതെ നിരവധി കൊലകള്‍ പൊലീസ് നടത്തിയ ചരിത്രമുണ്ട്. ഹൈദരാബാദിലെ സംഭവത്തെ എത്രയൊക്കെ വൈകാരികമായി കണ്ടാലും പൊലീസ് നടപടി ക്രൂരമായതാണെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.

“രാജ്യത്തെ ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നു. അധികാരവും പണവുമുള്ളവരാല്‍ കോടതികള്‍ ദുരുപയോഗിക്കപ്പെടുന്നു. എല്ലാ പൗരന്‍മാരെയും ഒരുപോലെ കാണുമ്പോഴെ പൗരാവകാശം സംരക്ഷിക്കപ്പെടൂ. വ്യവസ്ഥയില്‍ പൂര്‍ണ നവീകരണം ആവശ്യമാണ്,” സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു.

രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ ജനങ്ങൾക്ക് വിശ്വാസം നഷ്‌ടപ്പെട്ടതിൽ ആശങ്കയുണ്ടെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഏറ്റുമുട്ടൽ കൊലയിൽ ജനങ്ങൾ സന്തോഷിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കെജ്‌രിവാൾ ഇക്കാര്യം പറഞ്ഞത്. അതേസമയം, ഏറ്റുമുട്ടൽ കൊലയെ എതിർക്കുന്നവർ രാജ്യദ്രോഹികളാണെന്ന് വെെഎസ്ആർ കോൺഗ്രസ് എംപി കനുമുരു രാമകൃഷ്‌ണ പറഞ്ഞു. ഒരിക്കലും ഇല്ലാത്തതിനേക്കാൾ ഭേദമാണ് വെെകിയിട്ടെങ്കിലും നീതി നടപ്പിലായതെന്നാണ് രാജ്യസഭാ എംപി ജയ ബച്ചൻ പറഞ്ഞത്.

Read Also: ഹൈദരാബാദ് പൊലീസ് വെടിവയ്‌പ്പ്: ശക്തമായി എതിര്‍ത്ത് മനേക ഗാന്ധി

ദേശീയ വനിതാ കമ്മിഷൻ ഏറ്റുമുട്ടൽ കൊലയെ അതിശക്തമായി എതിർത്തു. ബലാത്സംഗം ചെയ്‌തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. എന്നാൽ, അവർക്കെതിരെ വധശിക്ഷ വിധിക്കേണ്ടത് നിയമത്തിന്റെ വഴിയിലൂടെ വേണമെന്ന് ദേശീയ വനിതാ കമ്മിഷൻ ചെയർമാൻ രേഖാ ശർമ പറഞ്ഞു. അതേസമയം, ഏറ്റുമുട്ടൽ കൊലയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെലങ്കാന പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook