അഭിനേത്രിയും മുന്‍രാജ്യസഭാ അംഗവുമായ ശബാനാ ആസ്മി സഞ്ചിരിച്ച കാര്‍ അപകടത്തില്‍പെട്ടതിനെ തുടര്‍ന്ന് മുംബൈ കോകിലാബെന്‍ അംബാനി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന താരത്തിന്റെ നില തൃപ്തികരമെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. മുംബൈ-പൂനെ എക്സ്പ്രസ്സ് ഹൈവേയിലായിരുന്നു അപകടം. മുംബൈയില്‍ നിന്നും അറുപതു കിലോമീറ്റര്‍ മാറി, ഖലാപൂർ ടോൾ പാസയ്ക്ക് അടുത്തു വെച്ചാണ് അപകടം നടന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് 3.30തോടെയാണ് അപകടം. അവര്‍ സഞ്ചരിച്ചിരുന്ന ടാറ്റാ സഫാരി എസ് യു വി ഒരു ട്രക്കിനു പിന്നില്‍ ഇടിക്കുകയായിരുന്നു. ശബാനയെ പനവേൽ പ്രാഥമിക ചികിത്സയ്ക്കായി എംജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
മൂക്കിനും തലയ്ക്ക് പിന്നിലും പരിക്കേറ്റ ശബാനയെ രാത്രി മുംബൈയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കാറില്‍ ഡ്രൈവറും ശബാനയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഭര്‍ത്താവ് ജാവേദ് അഖ്തര്‍ മറ്റൊരു കാറില്‍ സഞ്ചരിക്കുകയായിരുന്നു. ഇന്നലെ ജാവേദ് അഖ്തറിന്റെ എഴുപത്തിയഞ്ചാം പിറന്നാള്‍ ആഘോഷത്തിനു ശേഷം ഇരുവരും അവരുടെ കുടുംബത്തിന്റെ ഖണ്ടാലയിലുള്ള അവധിക്കാലവസതിയിലേക്ക് പോവുകയായിരുന്നു.
Read More: Actor Shabana Azmi injured in car accident on Mumbai-Pune expressway
69 വയസുള്ള ശബാനാ അസ്മി, മാസൂം (1983), അർത്ത് (1982), ലക്ക് ബൈ ചാൻസ് (2009), നീർജ (2016) തുടങ്ങി നിരവധി ബോളിവുഡ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മാഡം സൂസത്സ്ക (1988), ലാ ന്യൂറ്റ് ബംഗാളി (1988), സിറ്റി ഓഫ് ജോയ് (1992), സൺ ഓഫ് പിങ്ക് പാന്തർ (1993) തുടങ്ങി നിരവധി അന്താരാഷ്ട്ര പ്രോജക്ടുകളിലും അവർ പ്രവർത്തിച്ചിട്ടുണ്ട്. കവി കൈഫി അസ്മിയുടെയും അഭിനേത്രിയായ ഷൌക്കത്ത് കൈഫിയുടെയും മകളായ ശബാന, പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ് ടി ഐ ഐ) യുടെ പൂർവ്വ വിദ്യാർത്ഥിനിയാണ്.