ചെന്നൈ: ത്രിപുരയില്‍ ലെനിന്റെ പ്രതിമകള്‍ തകര്‍ത്ത സംഘപരിവാറിന്റെ അടുത്ത ലക്ഷ്യം തമിഴ്‌നാട്ടിലെ പെരിയാര്‍ പ്രതിമയായിരുന്നു. ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജയുടെ പ്രകോപനപരമായ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു ഇ.വി.രാമസ്വാമിയുടെ (പെരിയാര്‍) പ്രതിമ തകര്‍ത്തത്. തിരുപ്പത്തൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നിലെ പ്രതിമയാണ് തകര്‍ത്തത്.
ശക്തമായ പ്രതിഷേധമാണ് സംഭവത്തിന് പിന്നാലെ തമിഴ്‌നാട്ടില്‍ നിന്നുമുയരുന്നത്. കോയമ്പത്തൂരിലെ ബിജെപി ഓഫീസിന് നേരെ പെട്രോള്‍ ബോംബേറുണ്ടായി. ആക്രമണത്തിന് പിന്നിലാരാണെന്ന് വ്യക്തമല്ല. അതേസമയം, പെരിയാറിന്റെ പ്രതിമ തകര്‍ക്കുമെന്ന പ്രസ്താവനയ്‌ക്കെതിരെ തമിഴ് നടന്‍ സത്യരാജ് രംഗത്തെത്തി. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് സത്യരാജ് ബിജെപിയ്ക്കും എച്ച്.രാജയ്ക്കുമെതിരെ ആഞ്ഞടിച്ചത്.
‘ത്രിപുരയില്‍ വിപ്ലവകാരി സഖാവ് ലെനിന്റെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ അപലപിക്കുന്നു. അതോടൊപ്പം തന്നെ, പെരിയാറിന്റെ പ്രതിമ തകര്‍ക്കുമെന്ന് പറഞ്ഞ എച്ച്.രാജയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് ഞാന്‍ ആവശ്യപ്പെടുകയാണ്. പെരിയാര്‍ ഒരു പ്രതിമയല്ല, ഒരു പേരല്ല, ഒരു ശരീരമല്ല, മജ്ജയും മാംസവും കൊണ്ടുണ്ടാക്കിയ ദേഹമല്ല. പെരിയാര്‍ ഒരു തത്വശാസ്ത്രമാണ്. പണിയെടുക്കുന്നവന്റെ, സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി, അന്ധവിശ്വാസം ഇല്ലാതാക്കാന്‍ സൃഷ്ടിക്കപ്പെട്ട ആശയമാണ് അദ്ദേഹം’ സത്യരാജ് പറയുന്നു.
”വെറുമൊരു പ്രതിമയിലല്ല ഞങ്ങളുടെ ഹൃദയത്തിലാണ് പെരിയാര്‍ ജീവിക്കുന്നത്. അധികാരം കൊണ്ടോ കരുത്തു കൊണ്ടോ പട്ടാളത്തെ കൊണ്ടോ ഞങ്ങളുടെ ഹൃദയത്തില്‍ നിന്നും പെരിയാറിനെ ഇല്ലാതാക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. സമയവും തീയതിയും പറഞ്ഞാല്‍ നിങ്ങളെ നേരിടാന്‍ പെരിയാറിന്റെ അനുയായികള്‍ തയ്യാറാണ്. എച്ച്.രാജ മാപ്പ് പറയണം. അദ്ദേഹത്തിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ നടപടിയെടുക്കണം” സത്യരാജ് കൂട്ടിച്ചേര്‍ത്തു. മകന്‍ സിബിരാജാണ് സത്യരാജിന്റെ വീഡിയോ പുറത്തു വിട്ടത്.
— Sibi (Sathya)raj (@Sibi_Sathyaraj) March 7, 2018