ഹൈദരാബാദ്: പ്രമുഖ നടി പ്രിയാരാമൻ ബിജെപിയിൽ ചേർന്നു. കഴിഞ്ഞ ദിവസം തിരുപ്പതിയിൽ ക്ഷേത്രദർശനത്തിനെത്തിയ പ്രിയാരാമൻ ബിജെപി ആന്ധ്ര സംസ്ഥാന ജനറൽ സെക്രട്ടറി വി.സത്യമൂർത്തിയുമായി കൂടിക്കാഴ്ച നടത്തി. ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കാൻ താത്പര്യമുണ്ടെന്നും ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും കൂടിക്കാഴ്ചയ്ക്കുശേഷം പ്രിയാരാമൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
താൻ ബിജെപിയിൽ ചേരുന്നത് ഏതെങ്കിലും സ്ഥാനത്തിനു വേണ്ടിയല്ലെന്നും പൊതുനന്മയാണ് ലക്ഷ്യമെന്നും അവർ പറഞ്ഞു. ചെന്നൈയിൽ താമസിക്കുന്നതിനാൽ പ്രവർത്തനമേഖല തമിഴ്‌നാട്ടിലായിരിക്കുമോയെന്ന ചോദ്യത്തിന് ഇക്കാര്യം തീരുമാനിക്കേണ്ടത് ബിജെപി നേതൃത്വമാണെന്നും പ്രിയാരാമൻ പ്രതികരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തന്റെ റോൾ മോഡലെന്നും ബിജെപിയെ ശക്തിപ്പെടുത്താൻ തന്നാലാകുന്നത് എല്ലാം ചെയ്യുമെന്നും പ്രിയാ രാമൻ പറഞ്ഞു.
1993 ൽ രജനീകാന്ത് നിർമ്മിച്ച ‘വള്ളി’ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് പ്രിയാരാമൻ ചലച്ചിത്രലോകത്തു പ്രവേശിച്ചത്. 1993 ൽ പുറത്തിറങ്ങിയതും ഐ.വി.ശശി സംവിധാനം ചെയ്തതുമായ അർത്ഥനയായിരുന്നു മലയാളത്തിലെ അരങ്ങേറ്റ ചിത്രം. പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ നായികയായി തിളങ്ങിയ താരമാണ് പ്രിയാരാമന്‍. നടന്‍ രഞ്ജിത്തുമായി വിവാഹം ചെയ്തിരുന്നുവെങ്കിലും 2014ല്‍ ഇരുവരും ബന്ധം വേര്‍പെടുത്തുകയായിരുന്നു.