ന്യൂഡല്‍ഹി : താന്‍ പങ്കെടുത്ത പൊതുപരിപാടി നടന്ന ശേഷം ബിജെപിയുടെ യുവമോര്‍ച്ച വേദിയില്‍ ഗോമൂത്രം തെളിച്ച് ‘ശുദ്ധീകലശം’ നടത്തിയെന്ന് പ്രകാശ് രാജ്. കര്‍ണാടകയിലെ സിര്‍സിയില്‍ നടന്ന സംഭവത്തിന്‍റെ വാര്‍ത്ത സഹിതമാണ് താരം ഈ അനുഭവം പങ്കുവയ്ക്കുന്നത്.

” സിര്‍സി പട്ടണത്തില്‍ ഞാന്‍ സംസാരിച്ച വേദി വൃത്തിയാക്കുകയും ഗോമൂത്രം തെളിച്ച് ശുദ്ധീകലശം നടത്തുകയും ചെയ്യുന്ന ബിജെപി പ്രവര്‍ത്തകര്‍.. ഞാന്‍ പോകുന്നിടത്തെല്ലാം നിങ്ങള്‍ ഈ സേവനം തുടരുമോ…” എന്നാണ് പ്രകാശ് രാജ് ട്വിറ്ററില്‍ ആരായുന്നത്.

ഇടതുപക്ഷ സംഘടനകള്‍ സംഘടിപ്പിച്ച ” നമ്മുടെ ജനാധിപത്യം, നമ്മുടെ അഭിമാനം” എന്ന പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു പ്രകാശ് രാജ് സിര്‍സിയിലെത്തിയത്. അവിടെ വച്ച് ഉത്തര കന്നഡ എംപിയും കേന്ദ്രമന്ത്രിയുമായ അനന്ത് കുമാര്‍ ഹെഗ്ഡെയ്ക്കെതിരെ അദ്ദേഹം നടത്തിയ വിമര്‍ശനങ്ങളാണ് ബിജെപിയുടെ എതിര്‍പ്പിന് കാരണമായത്. ശേഷം പരിപാടി നടന്ന രാഘവേന്ദ്ര മഠവും പരിസരവും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഗോമൂത്രം തെളിച്ച് ‘ശുദ്ധീകരിക്കുകയായിരുന്നു’ എന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

തങ്ങള്‍ അധികാരത്തിലേറിയത് ഭരണഘടന ഭേദഗതി ചെയ്യാനാണ് എന്നായിരുന്നു ബ്രാഹ്മണ യുവ പരിഷത്ത് യോഗത്തില്‍വച്ച് അനന്ത്കുമാര്‍ ഹെഗ്ഡെ നടത്തിയ വിവാദ പ്രസ്താവന. ”മതേതരര്‍ എന്നും പുരോഗമനവാദികള്‍ എന്നും സ്വയം വിശേഷിപ്പിക്കുന്നവര്‍ സ്വന്തം മാതാപിതാക്കളുടെ രക്തം തിരിച്ചറിയാത്തവരാണ്. അത്തരം തിരിച്ചറിയലുകളിലൂടെയാണ് ഒരാള്‍ക്ക് ആത്മാഭിമാനം ഉണ്ടാകുന്നത്” എന്ന് പറഞ്ഞ അനന്ത്കുമാര്‍ ഹെഗ്ഡെ, ഓരോരുത്തരും മുസ്ലീം ആയും ക്രിസ്ത്യാനിയായും ബ്രാഹ്മണനായും ലിങ്കായത് ആയും ഹിന്ദുവായും തിരിച്ചറിയുകയാണെങ്കില്‍ താന്‍ സന്തുഷ്ടനാണ് എന്നും അഭിപ്രായപ്പെട്ടിരുന്നു. “പക്ഷെ അവർ മതേതരരാണ് എന്ന് പറയുന്നിടത്താണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്.” നൈപുണ്യ വികസനത്തിന്‍റെയും സംരംഭകത്വത്തിന്‍റെയും ചുമതല വഹിക്കുന്ന കേന്ദ്രമന്ത്രി പറഞ്ഞു.

നേരത്തേയും ബിജെപിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിട്ടുള്ള കേന്ദ്രമന്ത്രി പ്രകാശ് രാജ് അനന്ത് കുമാര്‍ ഹെഗ്ഡെയ്ക്ക് ഒരു തുറന്ന കത്തെഴുതിയിരുന്നു. “‘മതേതരത്വം എന്ന് പറഞ്ഞാല്‍ സ്വന്തമായി മതവും വിശ്വാസവും ഇല്ലാത്തവന്‍ എന്നല്ല. ഇത്തരം വില കുറഞ്ഞ വാക്കുകളിലൂടെ ഒരാള്‍ക്ക് എങ്ങനെ ഇത്രയും തരംതാഴാന്‍ കഴിയും’ ഹെഗ്ഡെയ്ക്കെഴുതിയ കത്തില്‍ പ്രകാശ് രാജ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook