കൊൽക്കത്ത: മുതിർന്ന ബംഗാളി നടനും തൃണമൂൽ കോൺഗ്രസ് മുൻ എംപിയുമായ തപസ് പാൽ(61) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെയായിരുന്നു മരണം.

മകളെ കാണാൻ മുംബൈയിൽ പോയ തപസ് പാലിന് കൊൽക്കത്തയിലേക്ക് മടങ്ങുമ്പോൾ മുംബൈ വിമാനത്താവളത്തിൽ വച്ച് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ ജൂഹുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പുലർച്ചെ നാലുമണിയോടെ മരണം സംഭവിക്കുകയായിരുന്നു.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഹൃദയ സംബന്ധമായ അസുഖങ്ങൾ ബാധിച്ച അദ്ദേഹം ചികിത്സയ്ക്കായി നിരവധി തവണ വിവിധ ആശുപത്രികളിൽ പോയിട്ടുണ്ട്.

Read More: മുതിർന്ന മാധ്യമപ്രവർത്തകൻ എം.എസ്.മണി അന്തരിച്ചു

കൃഷ്ണ നഗറിൽ നിന്ന് രണ്ട തവണ എംപിയും അലിപോറിൽ നിന്ന് എംഎൽഎയും ആയിട്ടുണ്ട്. ഭാര്യയും മകളുമാണ് തപസ് പാലിനുള്ളത്.

2016 ഡിസംബറിൽ റോസ് വാലി ചിറ്റ് ഫണ്ട് അഴിമതിക്കേസിൽ സിബിഐ അറസ്റ്റ് ചെയ്യുകയും 13 മാസത്തിന് ശേഷം ജാമ്യം ലഭിക്കുകയും ചെയ്തതിന് ശേഷം പാൽ സിനിമകളിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു.

1980 ൽ അരങ്ങേറ്റം കുറിച്ച ദാദർ കീർത്തി മുതൽ ബംഗാളി സിനിമാ പ്രേക്ഷകർക്ക് പ്രിയങ്കരനായ പ്രണയ നായകനായിരുന്നു തപസ് പാൽ. സാഹിബ് (1981), പരബത് പ്രിയ (1984), ഭലോബാസ ഭലോബാസ (1985), അനുരാഗർ ചോയൻ (1986), അമർ ബന്ധൻ (1986) എന്നിവയാണ് പ്രധാന ചിത്രങ്ങൾ. സാഹിബ് എന്ന ചിത്രത്തിന് ഫിലിം ഫെയർ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

തപസ് പാലിന്റേത് അകാലത്തിലുള്ള മരണമാണെന്ന് മുതിർന്ന ബംഗാളി നടൻ രഞ്ജിത് മല്ലിക് പറഞ്ഞു. അദ്ദേഹം തനിക്ക് സ്വന്തം അനിയനെ പോലെ ആയിരുന്നു എന്നും രഞ്ജിത് മല്ലിക് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook