മുംബൈ: നടിയും കോൺഗ്രസ് എംഎൽഎയുമായിരുന്ന ജയസുധയുടെ ഭർത്താവും നിർമാതാവുമായ നിഥിൻ കപൂർ മരിച്ച നിലയിൽ. മുംബൈയിലെ ഒരു കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്‌തതാണെന്നാണ് നിഗമനം. എന്നാൽ ആത്മഹത്യ ചെയ്യാനുളളകാരണം വ്യക്തമല്ല.
നിഥിൻ കടുത്ത വിഷാദ രോഗിയായിരുന്നെന്നും ഇതിന് ചികിത്സ തേടുന്നുണ്ടായിരുന്നുവെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ബോളിവുഡ് നടൻ ജിതേന്ദ്രയുടെ അടുത്ത ബന്ധുവാണ് നിഥിൻ കപൂർ. 1985ലാണ് നടി ജയസുധയെ വിവാഹം ചെയ്‌തത്. ഇവർക്ക് നിഹാർ, ശ്രിയാൻ എന്ന രണ്ട് മക്കളുണ്ട്.
തെലുങ്ക്, കന്നട, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ ജയസുധ അഭിനയിച്ചിട്ടുണ്ട്. ഇഷ്‌ടം(2003), സരോവരം(1993) എന്നിങ്ങനെ 10 മലയാള ചിത്രങ്ങളിൽ ജയസുധ അഭിനയിച്ചിട്ടുണ്ട്. ആന്ധ്രയിലെ സെക്കന്ദരാബാദിൽ നിന്ന് കോൺഗ്രസ് എംഎൽഎ കൂടിയായിരുന്നു ജയസുധ.