ചെന്നൈ: മദ്യപിച്ചു വാഹനമോടിച്ച കേസിൽ നടൻ ജയ്‌യുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കി. ആറു മാസത്തേക്കാണ് ലൈസൻസ് റദ്ദാക്കിയത്. കുറ്റം സ്വമേധയാ സമ്മതിച്ചതിനാൽ 5200 രൂപ പിഴയും അടയ്ക്കണം. വിലക്ക് ലംഘിച്ചാൽ തുടർന്നുളള ആറു മാസത്തേക്ക് ലൈസൻസ് റദ്ദാക്കാനും സെയ്താപേട്ട് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. അഭിഭാഷകർക്കൊപ്പം ഇന്നലെയാണ് നടൻ കോടതിയിൽ ഹാജരായത്.

മദ്യലഹരിയില്‍ വാഹനമോടിച്ച് അഡയാര്‍ മേല്‍പ്പാലത്തിന്റെ കൈവരിയില്‍ ഇടിച്ചുവെന്നാണ് ജയ്‌ക്കെതിരെയുള്ള പരാതി. ചെന്നൈയിലെ ആഡംബര ഹോട്ടലിലെ ആഘോഷങ്ങൾക്കുശേഷം വീട്ടിലേക്ക് മടങ്ങവേയാണ് ജയ്‌യുടെ കാർ നിയന്ത്രണം വിട്ട് മേൽപ്പാലത്തിന്റെ കൈവരിയിൽ ഇടിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മദ്യപിച്ച് വാഹനമോടിച്ചതിന് നടനെ അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. കേസിൽ രണ്ടു തവണ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ജയ് ഹാജരായില്ല. തുടർന്നാണ് സെയ്താപേട്ട് കോടതി നടനെതിരെ അറസ്റ്റ്‌വാറന്റ് പുറപ്പെടുവിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ