ന്യൂഡല്‍ഹി: സുകേഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിനു ജാമ്യം. ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതിയാണു ജാമ്യം അനുവദിച്ചത്.
50,000 രൂപയുടെ വ്യക്തിഗത ബോണ്ടിലും തുല്യ തുകയ്ക്കുള്ള ജാമ്യത്തിലുമാണു ജഡ്ജി ശൈലേന്ദര്‍ മാലിക് ജാമ്യം നല്‍കിയത്.
‘പിക്ക് ആന്‍ഡ് ചൂസ് പോളിസി’ നടപ്പാക്കരുതെന്നു ജാമ്യ വാദത്തിനിടെ ജഡ്ജി എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിനു മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്തുകൊണ്ടാണ് നടിയെ അറസ്റ്റ് ചെയ്യാത്തതെന്നും ഈ കേസില്‍ വ്യത്യസ്ത മാനദണ്ഡങ്ങള്‍ സ്വീകരിക്കുന്നതെന്നും കോടതി ഇ ഡിയോട് ചോദിച്ചു. വിശദമായ ഉത്തരവ് ഇനിയും ലഭ്യമായിട്ടില്ല.
ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ മുന്‍ പ്രൊമോട്ടര്‍ ശിവിന്ദര്‍ സിങ്ങിന്റെ ഭാര്യ അദിതി സിങ്ങില്‍നിന്ന് സുകേഷ് ചന്ദ്രശേഖര്‍ തട്ടിയെടുത്ത 200 കോടി രൂപയുടെ പങ്ക് ലഭിച്ചുവെന്ന കുറ്റമാണു ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെതിരെ ചുമത്തിയിരിക്കുന്നത്.
തന്റെ കക്ഷി അന്വേഷണവുമായി സഹകരിച്ചുവെന്നും നടി രാജ്യത്തുനിന്ന് കടന്നതായും സാക്ഷികളെ സ്വാധീനിച്ചുവെന്നുമുള്ള ആരോപണങ്ങള്‍ ന്യായീകരിക്കാവുന്നതല്ലെന്നും ജാക്വിലിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് അഗര്‍വാള്‍, നവംബര്‍ 10ന് നടന്ന വാദത്തിനിടെ പറഞ്ഞിരുന്നു. ജാക്വിലിനെ അറസ്റ്റ് ചെയ്യാതെയാണു കേസില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചതെന്നും ഇപ്പോള്‍ ഈ സ്ഥിതിയില്‍ മാറ്റം വരുത്തേണ്ടതുണ്ടോയെന്നും അഗര്‍വാള്‍ ചോദിച്ചിരുന്നു.
ഇ ഡിയുടെ ആദ്യ കുറ്റപത്രത്തിലും അനുബന്ധ കുറ്റപത്രത്തിലും ജാക്വിലിനെ പ്രതിയായി ചേര്‍ത്തിരുന്നില്ല. എന്നാല്‍ ജാക്വിലിന്റെയും സഹതാരം നോറ ഫത്തേഹിയുടെയും മൊഴികളുടെ വിശദാംശങ്ങള്‍ രേഖകളില്‍ പരാമര്‍ശിച്ചിരുന്നു.
200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അന്വേഷണത്തിലാണെന്നും 7.1 കോടി രൂപ കണ്ടുകെട്ടിയതായും കൂടുതല്‍ സ്വത്തുക്കള്‍ കണ്ടുകെട്ടിയേക്കുമെന്നും ഇഡിക്കു വേണ്ടി ഹാജരായ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ശൈലേഷ് എന്‍ പഥക് ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് വാദിച്ചു.
”സുകേഷിനെ അറിയാമായിരുന്നിട്ടും, നടി സുകേഷിന്റെ സാമ്പത്തിക സ്വാധീനത്താല്‍ തീവ്രമായി ഇടപെടുകയും പ്രലോഭിപ്പിക്കുകയും അത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്തു. ഞങ്ങള്‍ 7.1 കോടി രൂപ കണ്ടുകെട്ടി. കൂടുതല്‍ സ്വത്ത് കണ്ടെത്താനുള്ള എല്ലാ സാധ്യതയുമുണ്ട്,” അദ്ദേഹം വാദിച്ചു.