മുംബെെ: ഇന്നലെ രാവിലെയാണ് നടൻ ഇർഫാൻ ഖാന്റെ അമ്മ സയീദ ബീഗം മരിക്കുന്നത്. ശനിയാഴ്‌ച വെെകീട്ടോടെ സംസ്‌കാരചടങ്ങുകൾ പൂർത്തിയായി. എന്നാൽ, ഇർഫാൻ ഖാന് എത്താൻ സാധിച്ചില്ല. ലോക്ക്ഡൗണിനെ തുടർന്ന് ഇർഫാൻ മുംബെെയിൽ കുടുങ്ങുകയായിരുന്നു.

ജയ്‌പൂരിലെ ബെനിവാള്‍ കാന്ത കൃഷ്ണ കോളനിയിലായിരുന്നു ഇർഫാന്റെ അമ്മ സയീദ താമസിച്ചിരുന്നത്. ഇർഫാൻ ഖാൻ മുംബെെയിൽ ആണ്. അമ്മയുടെ മരണവാർത്ത അറിഞ്ഞെങ്കിലും ഉടനടി ജയ്‌പൂരിലെത്താൻ താരത്തിനു സാധിച്ചില്ല. ടോങ്കിലെ നവാബ് കുടുംബാംഗമാണ് കവയിത്രി കൂടിയായിരുന്ന സെയ്‌ദാ ബീഗം. രാജ്യത്ത് വിമാന സർവീസ് ഇല്ലാത്തതിനാലാണ് ഇർഫാന് ജയ്‌പൂരിലെത്താൻ സാധിക്കാതിരുന്നത്.

Read Also: ആളും ആരവവുമില്ല, ലളിതമായ ചടങ്ങുകള്‍ മാത്രം; നടന്‍ മണികണ്ഠൻ ആചാരി ഇന്ന് വിവാഹിതനാകുന്നു

ഏറെനാളായി പ്രായാധിക്യത്തെ തുടർന്നുള്ള അസുഖങ്ങളാൽ ചികിത്സയിലായിരുന്നു സയീദ ബീഗം (85 വയസ്). ശനിയാഴ്‌ച രാവിലെ ജയ്‌പൂരിലെ വീട്ടിൽവച്ചാണ് സയീദ അന്തരിച്ചത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗൺ ആയതിനാൽ ജനങ്ങൾ കൂടിചേരുന്നതിനു നിയന്ത്രണമുണ്ട്. സാമൂഹിക അകലം പാലിച്ച് നിയന്ത്രണങ്ങളോടെയാണ് സംസ്‌കാരചടങ്ങുകൾ നടന്നതെന്നാണ് റിപ്പോർട്ടുകൾ.

53 കാരനായ ഇർഫാന് 2018 മാർച്ചിലാണ് ന്യൂറോ എൻഡോക്രൈൻ ട്യൂമർ ആണെന്ന് കണ്ടെത്തിയത്. പിന്നീട് കാൻസർ ചികിത്സയ്ക്കായി അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രകളായിരുന്നു ജീവിതത്തിൽ ഏറിയ പങ്കും. താൻ അസുഖ ബാധിതനാണെന്ന് വെളിപ്പെടുത്തി ഏതാനും ദിവസങ്ങൾക്ക് ശേഷം അദ്ദേഹം ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോയിരുന്നു. 2019 ഫെബ്രുവരിയിൽ ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം ‘അംഗ്രേസി മീഡിയം’ സിനിമയിൽ അഭിനയിച്ചു. ഏതാനും മാസങ്ങൾക്കുശേഷം, ചികിത്സ തുടരുന്നതിനായി ലണ്ടനിലേക്ക് പറന്ന അദ്ദേഹം കഴിഞ്ഞ സെപ്റ്റംബറിൽ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. കാൻസർ ചികിത്സയ്ക്ക് ശേഷമുള്ള ഇർ‌ഫാന്റെ ആദ്യ ചിത്രമാണ് ‘അംഗ്രേസി മീഡിയം’.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook