ബ്രഹ്മ മിശ്ര എന്നറിയപ്പെടുന്ന നടൻ ബ്രഹ്മസ്വരൂപ് മിശ്രയെ (36) വ്യാഴാഴ്ച ഉച്ചയോടെ മുംബൈയിലെ വെർസോവയിലെ യാരി റോഡിലെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹസീൻ ദിൽറുബ (2021), കേസരി (2019), ചോർ ചോർ സൂപ്പർ ചോർ (2013) എന്നീ ചിത്രങ്ങളിലെയും മിർസപൂർ സീരീസിലെയും വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് മിശ്ര.
ഹൃദയാഘാതത്തെ തുടർന്നുള്ള സ്വാഭാവിക മരണമാണ് ഇതെന്നും പ്രഥമ ദൃഷ്ഠ്യാ മറ്റൊന്നും കണ്ടെത്താനായിട്ടില്ലെന്നും പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൂപ്പർ ആശുപത്രിയിലേക്ക് അയച്ചു. മിശ്രയുടെ ഭോപ്പാലിലുള്ള കുടുംബാംഗങ്ങളെ വിവരമറിയിച്ചതായും പൊലീസ് പറഞ്ഞു.
കഴിഞ്ഞ നാല് വർഷമായി താരം തന്റെ ഫ്ലാറ്റിൽ തനിച്ചായിരുന്നു താമസം. ദിവസങ്ങൾക്ക് മുമ്പാണ് അയൽവാസികൾ ഇയാളെ അവസാനമായി കണ്ടതെന്നും മൃതദേഹം ഭാഗികമായി അഴുകിയ നിലയിലാണെന്നും പൊലീസ് പറഞ്ഞു. ഇയാളുടെ ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്ന് നടന്റെ മൃതദേഹം ടോയ്ലറ്റിനകത്ത് കണ്ടെത്തുകയായിരുന്നു. ശരീരത്തിൽ മുറിവുകളൊന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് പറഞ്ഞു.
Also Read: Omicron| ഇന്ത്യയിൽ സ്ഥിരീകരിച്ച ഒമിക്രോൺ വകഭേദം: ഇതുവരെ ലഭ്യമായ വിവരങ്ങൾ ഇവയാണ്