/indian-express-malayalam/media/media_files/uploads/2022/01/dileep-case-4.jpg)
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. കോടതി മാറ്റം അനുവദിച്ചാല്‍ അതു തെറ്റായ കീഴ്‌വക്കത്തിനു കാരണമാകുമെന്നു ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.
വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് അതിജീവിത സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ജസ്റ്റിസുമാരായ അജയ് രസ്തോഗിയും സി ടി രവികുമാറും ഉള്‍പ്പെട്ട ബെഞ്ച് ഹൈക്കോടതിയുടെ ഉത്തരവില്‍ ഇടപെടാന്‍ വിസമ്മതിക്കുകയായിരുന്നു. ഇത്തരം കാര്യങ്ങളില്‍ ഹൈക്കോടതിയാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും ബഞ്ച് വ്യക്തമാക്കി.
വിചാരണക്കോടതി പ്രിസൈഡിങ് ജഡ്ജിയുടെ ഭാഗത്തുനിന്ന് പക്ഷപാതപരമായ സമീപമുണ്ടായെന്ന് ആരോപിച്ചാണ് അതിജീവിച്ച ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍, ഇത്തരം ഹര്‍ജികള്‍ അനുവദിക്കാന്‍ കഴിയില്ലെന്നു പറഞ്ഞ കോടതി, ഹര്‍ജികള്‍ കീഴ്ക്കോടതികളുടെ മനോവീര്യം തകര്‍ക്കുന്നതു സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം ഹര്‍ജികള്‍ അനുവദിച്ചാല്‍ ജഡ്ജിമാര്‍ക്കു ഭയവും പ്രീതിയും കൂടാതെ അവരുടെ ചുമതലകള്‍ നിര്‍വഹിക്കാന്‍ കഴിയില്ലെന്നും ബെഞ്ച് വാക്കാല്‍ നിരീക്ഷിച്ചു.
വിചാരണക്കോടതി പക്ഷപാതം കാണിക്കുന്ന വ്യക്തമായ സംഭവങ്ങള്‍ ഉണ്ടോയെന്നു അതിജീവിതയ്ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍ ബസന്തിനോട് കോടതി ചോദിച്ചു. ക്രോസ് വിസ്താരത്തിനിടെ അതിജീവിതയോട് അനുചിതമായ ചോദ്യങ്ങള്‍ ചോദിക്കാന്‍ പ്രതിഭാഗത്തെ ജഡ്ജി അനുവദിച്ചതായി അഭിഭാഷകന്‍ വാദിച്ചു.
കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതു കണ്ടെത്താന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് ജഡ്ജി അനുമതി നിഷേധിച്ചതും അദ്ദേഹം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. കേസില്‍ നിന്ന് രണ്ട് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ പിന്മാറിയ സാഹചര്യവും അദ്ദേഹം എടുത്തു പറഞ്ഞു. എന്നാല്‍ ഇത്തരം സംഭവങ്ങളെ പക്ഷപാതപരമായി കാണാനാകില്ലെന്നായിരുന്നു ബഞ്ചിന്റെ നിരീക്ഷണം.
ഇവയല്ലാതെ ജഡ്ജി കൃത്യമായി ചുമതലകള്‍ നിര്‍വഹിക്കുന്നില്ലെന്നതിന് എന്തെങ്കിലും ഉദാഹരണം എടുത്തു പറയാനുണ്ടോയെന്നു ബെഞ്ച് ചോദിച്ചു.
പ്രതിയായ നടന്‍ ദിലീപിന്റെ ഫോണില്‍നിന്ന് അഭിഭാഷകനുമായുള്ള സംഭാഷണത്തിന്റെ ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇത് വിചാരണ ജഡ്ജിയുടെ ഭര്‍ത്താവുമായി ബന്ധപ്പെട്ട കേസിനെ പരാമര്‍ശിക്കുന്നതായും അഭിഭാഷകന്‍ പറഞ്ഞു. ഇതു പ്രിസൈഡിങ് ജഡ്ജിയുടെ പെരുമാറ്റവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുമെന്ന് ബെഞ്ച് ചോദിച്ചു. പ്രത്യക്ഷമായോ പരോക്ഷമായോ ജഡ്ജി പ്രതികളുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ഉണ്ടോയെന്നു കോടതി ചോദിച്ചു.
കേസില്‍ വിചാരണ വൈകിപ്പിക്കാനാണ് അതിജീവിതയുടെ ശ്രമമെന്നു നടന്‍ ദിലീപിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി വാദിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us