ന്യൂഡല്‍ഹി: ഐപിഎൽ വാതുവയ്‌പുമായി ബന്ധപ്പെട്ട് നടൻ അർബാസ് ഖാൻ പൊലീസിന് മുന്നിൽ ഹാജരായി. ഐപിഐല്‍ മൽസരങ്ങളില്‍ താന്‍ വാതുവയ്‌പ് നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പൊലീസിനോട് കുറ്റസമ്മതം നടത്തി. കഴിഞ്ഞ ആറ് വര്‍ഷമായി വാതുവയ്‌പ് നടത്തുന്നുണ്ടെന്നും അദ്ദേഹം മൊഴി നല്‍കി.
ഗൾഫ് കേന്ദ്രമാക്കി ചൂതാട്ട ശൃംഖല നടത്തുന്ന സോനു ജലൻ എന്നയാളോട് വാതുവയ്‌പ് നടത്തി പരാജയപ്പെട്ട് 2.80 കോടിയാണ് തനിക്ക് നഷ്ടം വന്നതെന്നും അര്‍ബാസ് പൊലീസിനോട് പറഞ്ഞു. എന്നാല്‍ ഈ പണം കൊടുക്കാതെ വന്നതോടെ സോനു ഭീഷണിപ്പെടുത്തിയതായും അര്‍ബാസ് സമ്മതിച്ചു.
ഇന്ന് അര്‍ബാസിനേയും സോനുവിനേയും പൊലീസ് മുഖാമുഖം ഇരുത്തിയാണ് ചോദ്യങ്ങള്‍ ചോദിച്ചത്. മഹാരാഷ്ട്ര പൊലീസാണ് അർബാസിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. സോനു ജലനെ ചോദ്യം ചെയ്തതിൽ നിന്നാണ് അർബാസിന്റെ പേര് പുറത്തു വന്നത്.
സോനുവുമായി ചേർന്ന് ഇക്കഴിഞ്ഞ ഐപിഎൽ സീസണിൽ അർബാസ് വാതുവയ്‌പ് നടത്തിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതുമായി ബന്ധപ്പെട്ട് സോനു ജലൻ നടനിൽ നിന്ന് പണം തട്ടിയെടുത്തതായും പരാതിയുണ്ട്. സൂപ്പർതാരം സൽമാൻ ഖാന്റെ സഹോദരനാണ് 50 കാരനായ അർബാസ് ഖാൻ.
2008ലും ഐപിഎൽ വാതുവയ്‌പുമായി ബന്ധപ്പെട്ട് സോനു ജലനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് ആഗോള ഭീകരൻ ദാവൂദ് ഇബ്രാഹിമുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു.