പുണെ: സാമൂഹിക പ്രവര്‍ത്തക തൃപ്തി ദേശായി കരുതല്‍ തടങ്കലില്‍. വെള്ളിയാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഷിര്‍ദി സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് തൃപ്തി ദേശായിയെ കരുതല്‍ തടങ്കലില്‍ വച്ചിരിക്കുന്നത്. ശബരിമലയിലെ സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തണം എന്നാവശ്യപ്പെട്ട് വ്യാഴാഴ്ച രാവിലെ തൃപ്തി ദേശായി അഹ്മദ്നഗര്‍ എസ്പിയെ സമീപിച്ചിരുന്നതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടിക്കാഴ്ചയ്ക്ക് അനുവാദം നല്‍കിയില്ലെങ്കില്‍ അദ്ദേഹത്തിന്റെ ഷിര്‍ദി യാത്ര തടയുമെന്നും തൃപ്തി ദേശായി ഭീഷണിപ്പെടുത്തിയിരുന്നു.

തങ്ങള്‍ ഷിര്‍ദിയിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനു മുമ്പേ പൊലീസ് ഇവിടെ എത്തിയിരുന്നുവെന്നും അത് തെറ്റാണെന്നും ദേശായി എഎന്‍ഐയോട് പറഞ്ഞു. പ്രതിഷേധിക്കുക എന്നത് ഞങ്ങളുടെ ഭരണഘടനാപരമായ അവകാശമാണ്. വീട്ടില്‍വച്ചു തന്നെ ഞങ്ങള്‍ തടയപ്പെട്ടു. ഇത് തങ്ങളുടെ ശബ്ദത്തെ അടിച്ചമര്‍ത്താനുള്ള ശ്രമമാണെന്നും തൃപ്തി ദേശായി പറഞ്ഞു.

ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകളുടേയും പ്രവേശനം അനുവദിക്കണണെന്നാവശ്യപ്പെട്ടുകൊണ്ട് സുപ്രീം കോടതിയെ സമീപിച്ച ആളുകൂടിയായിരുന്നു തൃപ്തി ദേശായി. ഈ സീസണില്‍ തന്നെ താന്‍ ശബരിമലയില്‍ വരാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഇതിന്റെ പേരില്‍ തനിക്ക് നിരവധി ഭീഷണികള്‍ ലഭിക്കുന്നുണ്ടെന്നും പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ടെന്നും തൃപ്തി ദേശായി നേരത്തേ പറഞ്ഞിരുന്നു.

മുമ്പ് 2016 ഏപ്രിലില്‍ മഹാരാഷ്ട്രയിലെ ശനീശ്വരന്‍ ക്ഷേത്രത്തില്‍ കയറി ചരിത്രം സൃഷ്ടിച്ച വനിത കൂടിയാണ് തൃപ്തി ദേശായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook